മയക്കുമരുന്ന് കേസിൽ ഇന്ത്യക്കാരന് സൗദി കോടതി വധശിക്ഷ വിധിച്ചു; കുടുംബം കരുണയ്ക്കായി കേഴുന്നു

ജിദ്ദ: മയക്കുമരുന്ന് കടത്ത് കേസില്‍ ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള യുവാവിനെ സൗദി അറേബ്യയിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഇത് സംബന്ധിച്ച് സൗദി അറേബ്യയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ജില്ലാ ഭരണകൂടം മുഖേന കത്ത് ലഭിച്ചതായി മീററ്റ് സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) വിപിൻ ടാഡ ബുധനാഴ്ച സ്ഥിരീകരിച്ചു.

മുണ്ടലി പോലീസ് സ്റ്റേഷൻ പരിധിയിലെ റചൗട്ടി ഗ്രാമത്തിൽ താമസിക്കുന്ന സെയ്ദ് ജുനൈദിനെ മയക്കുമരുന്ന് കടത്തിയതിന് മക്കയിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചതായി കത്തിൽ പറയുന്നു. ദയാഹർജി നൽകാനുള്ള സാധ്യതയെക്കുറിച്ച് അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് എസ്എസ്പി പറഞ്ഞു.

സ്ഥിതിഗതികൾ അറിഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ കുടുംബവീടിൻ്റെ കവാടത്തിൽ നോട്ടീസും ഒട്ടിച്ചിട്ടുണ്ട്. ജുനൈദിന്റെ പിതാവ് കൃഷിക്കാരനായ സുബൈറും അമ്മ രഹനയും ഈ വാർത്ത കേട്ട് തളര്‍ന്നിരിക്കുകയാണ്.

സൗദി അധികാരികൾക്ക് ദയാഹർജി നൽകാൻ എൻ്റെ പിതാവ് ഇതിനകം ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് അപേക്ഷ സമർപ്പിച്ചതെന്ന് ജുനൈദിന്റെ ജ്യേഷ്ഠൻ സുഹൈൽ പറഞ്ഞു.

ഏഴ് സഹോദരന്മാരിൽ രണ്ടാമനായ 35-കാരന്‍ ജുനൈദ് 2018 ലാണ് സൗദി അറേബ്യയിലേക്ക് ഒരു കമ്പനിയിൽ ഡ്രൈവറായി ജോലിക്ക് പോയത്. തുടക്കത്തിൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജുനൈദ് പിന്നീട് അൽ-സഫർ കമ്പനിയിൽ ചേർന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു.

ജുനൈദ് ഓടിച്ചിരുന്ന വാഹനം മോഷ്ടിക്കപ്പെട്ടതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് പറയുന്നു. മൂന്ന് ദിവസത്തിന് ശേഷം വാഹനം സൗദി പോലീസ് കണ്ടെടുത്തു. തുടർന്ന്, വാഹനം ഒരു റോഡപകടത്തിൽ തകർന്നു, അതിൻ്റെ ചെലവ് ഈടാക്കാൻ തൊഴിലുടമ കേസ് ഫയൽ ചെയ്തു.

സാമ്പത്തിക ബാധ്യത താങ്ങാനാവാതെ ജുനൈദ് കമ്പനി വിട്ട് സൗദി പോലീസ് ഉദ്യോഗസ്ഥൻ്റെ പേഴ്‌സണൽ ഡ്രൈവറായി ജോലി ചെയ്യാൻ തുടങ്ങിയെന്ന് കുടുംബം പറഞ്ഞു.

എന്നാല്‍, പുതിയ ജോലി ആരംഭിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ജുനൈദ് ഓടിച്ചിരുന്ന വാഹനത്തിൽ നിന്ന് 700 ഗ്രാം മയക്കുമരുന്ന് കണ്ടെത്തിയതായി പോലീസ് അവകാശപ്പെട്ടതിനെത്തുടർന്നാണ് മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായതെന്ന് കുടുംബം പറഞ്ഞു. 2023 ജനുവരി 15 ന് അറസ്റ്റിലായ ജുനൈദ് അന്നുമുതൽ ജിദ്ദ സെൻട്രൽ ജയിലിലാണ്.

“എൻ്റെ സഹോദരനെ കള്ളക്കേസിൽ കുടുക്കിയതാണ്. ഡ്രൈവർ എന്ന ജോലി മാത്രമായിരുന്നു അവന്‍ ചെയ്തിരുന്നത്. ഇന്ത്യൻ സർക്കാർ ഇടപെട്ട് അവന്റെ ജീവൻ രക്ഷിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” സുഹൈൽ പറഞ്ഞു.

“ഇതിനു മുമ്പ് ഇത്തരമൊരു പ്രശ്‌നം ഞങ്ങള്‍ നേരിട്ടിട്ടില്ല. ഞങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നത് എന്റെ മകന്‍ ജീവനോടെ തിരിച്ചുവരണമെന്നാണ്,” ജുനൈദിന്റെ പിതാവ് സുബൈര്‍ പറഞ്ഞു.

ജുനൈദിന്റെ മറ്റൊരു മൂത്ത സഹോദരൻ സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന നയീം ഖാൻ ഫൈസൽ മോചനത്തിനുള്ള ഏകോപന ശ്രമങ്ങളുമായി കുടുംബവുമായി ബന്ധപ്പെട്ടുവരികയാണ്.

Print Friendly, PDF & Email

Leave a Comment

More News