ന്യൂയോർക്ക്:ലോകത്തെ തന്നെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഹെൽത്ത്‌കെയർ സിഇഒ ബ്രയൻ തോംസണെ(50)വെടിവെച്ച്കൊലപ്പെടു ത്തി .ഇതുവരെ പ്രതിയെ പിടി കൂടാനാവാത്ത ന്യൂയോർക് പോലീസ് ഡിപ്പാർട്മെന്റ് ക്രൈം സ്‌റ്റോപ്പേഴ്‌സ് ഉത്തരവാദിയായ വ്യക്തിയുടെ അറസ്റ്റിലേക്കും ശിക്ഷയിലേക്കും നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് $10,000 വരെ പാരിതോഷികം പ്രഖ്യാപിച്ചു.
ബുധനാഴ്ച രാവിലെ 6.45 ന് ന്യൂയോർക്കിലെ മൻഹാട്ടനിലാണ് കൊലപാതകം നടന്നത്. യുണൈറ്റഡ് ഹെൽത്ത് കെയറിന്റെ വാർഷിക നിക്ഷേപ സമ്മേളനം നടക്കുന്ന ഹോട്ടലിലേക്ക് നടന്നു പോകുകയായിരുന്ന ബ്രയൻ തോംസണെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
20 അടി ദൂരെ പുറകിൽ നിന്നാണ് അക്രമി വെടിയുതിർത്തത്.ആദ്യം തോക്കിൽ നിന്നും വെടിയുതിർന്നില്ലെങ്കിലും പിന്നീട് തോക്കു ശരിയാക്കി വീണ്ടും വെടിവെക്കുകയായിരുന്നു വെടിയേറ്റ ബ്രയാൻ തോംസണെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അക്രമിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സിഇഒയുടെ കൊലപാതകത്തിന് പിന്നാലെ ഇന്ന് നടക്കാനിരുന്ന നിക്ഷേപക സമ്മേളനം കമ്പനി റദ്ദാക്കി. ബ്രയാൻ തോംസണെ കാത്തിരുന്ന അക്രമി ഹോട്ടലിന് മുന്നിൽ ഇദ്ദേഹം എത്തിയപ്പോൾ വെടിയുതിർക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. 2021 ഏപ്രിലിലാണ് കമ്പനിയുടെ സിഇഒ ആയി ബ്രയാൻ തോംസൺ ചുമതലയേറ്റത്. 2004 മുതൽ അദ്ദേഹം കമ്പനിയുടെ ഭാഗമായിരുന്നു.
മിനസോട്ട ഗവർണറും മുൻ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ടിം വാൾസും തോംസൻ്റെ മരണത്തെ ഭയാനകമായ നഷ്ടം എന്നാണ് വിശേഷിപ്പിച്ചത്. “എല്ലാ ന്യൂയോർക്കുകാരുടേയും സുരക്ഷ ഉറപ്പാക്കാൻ അന്വേഷണത്തിന് ആവശ്യമായ സഹായങ്ങൾ” നൽകാൻ സംസ്ഥാന പോലീസിന് നിർദ്ദേശം നൽകിയതായി ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പറഞ്ഞു.