എടത്വ :തകഴി റെയിൽവെ ക്രോസിൽ മേൽപ്പാലം നിർമ്മിക്കുന്നതിന് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലമെന്റ് കോർപറേഷൻ ഓഫ് കേരളയെ(ആർബിഡിസികെ) നിർവഹണ ഏജൻസിയായി നിയമിച്ചതിന് പിന്നാലെ പദ്ധതി രേഖ തയ്യാറാക്കുന്നതിന് ഡൽഫ് കൺസൾട്ടിങ്ങ് എഞ്ചിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിനെ (ഡിസിഇഐ ) ചുമതലപ്പെടുത്തി.
2023 നവംബർ 16ന് ആണ് സർക്കാർ ആർബിഡിസികെ യെ നിർവഹണ ഏജൻസിയായി നിയമിച്ചത്. പ്രാഥമിക സർവ്വേ നടപടികള്‍ നടന്നു വരുന്നുണ്ടെങ്കിലും പദ്ധതിയുടെ സർവ്വേ നടത്തുന്നതിനും വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനും തുക അനുവദിക്കുന്നതിനായി പൊതുമരാമത്ത് സെക്രട്ടറിക്ക് ആർബിഡിസികെ 2023 ഡിസംബർ 19ന് അപേക്ഷ സമർപ്പിച്ചിട്ടുള്ളതായി ആർബിഡിസികെ ജനറൽ മാനേജർ അറിയിച്ചു.എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് വിവരവകാശ നിയമ പ്രകാരം നല്കിയ വിവരവകാശരേഖയിലാണ് ഇത് വൃക്തമാക്കുന്നത്.
തകഴി റെയിൽവെ ക്രോസിൽ മേൽപ്പാലം നിർമ്മിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എടത്വ വികസന സമതി ആവശ്യപ്പെട്ടു.ഓരോ തവണ തുടർച്ചയായി അടച്ചിടുപ്പോഴും വലയുന്നത് പൊതു ജനം ആണ്. തകഴി റെയിൽവെ ഗേറ്റിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് 2023 ആഗസ്റ്റ് 3ന് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ നില്പ് സമരം ഉൾപ്പെടെ നടത്തിയതിനെ തുടർന്ന് 2023 ആഗസ്റ്റ് 4ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി സ്ഥലം സന്ദർശിച്ചിരുന്നു. ഓഗസ്റ്റ് 9ന് സംസ്ഥാന ചീഫ് സെക്രട്ടറിയെ സന്ദർശിച്ച് നേരിട്ട് എടത്വ വികസന സമിതി ഭാരവാഹികൾ നിവേദനവും നല്കിയിരുന്നു.
കൂടാതെ ഗതാഗത തടസ്സം നിത്യസംഭവമായി മാറിയിരിക്കുന്ന തകഴി റെയിൽവെ ക്രോസിലെ യാത്ര ക്ലേശം ശാശ്വതമായി പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2023 ആഗസ്റ്റ് 20ന് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് തകഴി റെയിൽവെ ക്രോസ് മേൽപാലം സംമ്പാദക സമിതി രൂപികരിച്ചിട്ടുണ്ട്.മേൽപാലം നിർമ്മിക്കാൻ റെയിൽവേ ബോർഡ് അനുമതി നല്കിയെങ്കിലും നിർമ്മാണ ചെലവിൻ്റെ പകുതി വീതം റെയിൽവേയും സംസ്ഥാന സർക്കാരും വഹിക്കുന്ന രീതിയിലാണ് പദ്ധതി.മേൽപാലത്തിനായി 35.94 കോടി രൂപയാണ് കണക്കാക്കുന്ന തുക.