തിരുവനന്തപുരം: കിഴക്കേ കോട്ടയില്‍ ബസുകൾക്കിടയിൽ കുടുങ്ങി യുവാവ് ദാരുണമായി മരിച്ചു. കേരള ബാങ്ക് വികാസ് ഭവനിലെ സീനിയർ മാനേജരായ ഉല്ലാസ് മുഹമ്മദാണ് (42) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.
സീബ്രാ ലൈനിലുടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഉല്ലാസ് ബസുകള്‍ക്കിടയില്‍ പെട്ടത്. മുന്നോട്ടെടുത്ത കെഎസ്ആര്‍ടിസി ബസിനു മുന്നിലൂടെ ഒരു പ്രൈവറ്റ് ബസ് വലത്തേക്ക് തിരിക്കുന്നതിനിടെയാണ് അപകടം നടന്നത്. കിഴക്കേകോട്ടയില്‍ പഴവങ്ങാടിക്കും നോര്‍ത്ത് ബസ് സ്റ്റാന്‍ഡിനും ഇടയിലാണ് അപകടമുണ്ടായത്.
ചാല പള്ളിയില്‍ ജുമാ നമസ്‌കാരം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു ഉല്ലാസ് മുഹമ്മദ്. സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അലക്ഷ്യമായി എത്തിയ ബസുകള്‍ക്കിടയില്‍ ഉല്ലാസ് കുടുങ്ങുകയായിരുന്നു. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ രണ്ട് ബസ് ഡ്രൈവര്‍മാരെയും ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറ് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമയ്ക്കെതിരെ കേസെടുത്തു. കാക്കാഴം സ്വദേശി ഷാമിൽ ഖാനെതിരെയാണ് മോട്ടോർ വാഹന നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇയാൾ മെഡിക്കൽ വിദ്യാർത്ഥികൾക്ക് വാഹനം നിയമവിരുദ്ധമായി വാടകയ്ക്ക് നൽകിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മോട്ടോർ വാഹന വകുപ്പ് കോടതിയിൽ റിപ്പോർട്ട് നൽകും.