ഷാഹി മസ്ജിദിലും അനീതി – ഭരണഘടന സ്ഥാപനങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം അനിവാര്യം: സഫീർ ഷാ

അങ്ങാടിപ്പുറം: ബാബരി മസ്ജിദിൽ നടപ്പിലാക്കിയ അനീതി തുടരുന്ന ഭരണഘടന സംവിധാനങ്ങൾക്കെതിരെ പുതിയ ജനകീയ മുന്നേറ്റം രൂപപ്പെടേണ്ടതുണ്ടെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.വി. സഫീർ ഷാ പറഞ്ഞു.

ബാബരി മസ്ജിദിന് ശേഷം ഗ്യാൻവാപി, ഷാഹി മസ്ജിദുകൾ കേന്ദ്രീകരിച്ച് ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾക്കും അതിന് പിന്തുണ നൽകുന്ന കോടതികളുടെ അനുകൂല നിലപാടുകൾക്കും എതിരെ ഡിസംബർ 6-ന് ബാബരി ദിനത്തിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലയിൽ 100 കേന്ദ്രങ്ങളിലായി നടത്തുന്ന ആരാധനാലയ നിയമ സംരക്ഷണ സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് അങ്ങാടിപ്പുറത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാജ ചരിത്രവാദങ്ങളുന്നയിച്ച് ഹിന്ദുത്വവാദികൾ നടത്തുന്ന ധ്രുവീകരണ അജണ്ട, കേന്ദ്രവും സംസ്ഥാന സര്‍ക്കാറുകളും സഹകരിച്ച് നടപ്പാക്കുന്നതാണ്. ഇതേ സമീപനം ഷാഹി മസ്ജിദിലും തുടർന്നുകൊണ്ടിരിക്കുന്നു. ഇതിനെതിരെ ശക്തമായ ജനകീയ മുന്നേറ്റം ഉയർത്തേണ്ടതാണ്.

മതേതരം എന്ന പേരിൽ പ്രവർത്തിക്കുന്ന ചില സംഘടനകൾ പോലും ഈ വിഷയത്തിൽ കുറ്റകരമായ മൗനം തുടരുകയാണ്. ഈ മൗനം നിങ്ങളുടെ അടിവേരെടുക്കാൻ ഇടയാക്കുമെന്ന ബോധ്യമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ മുന്നേറ്റത്തിന് വെൽഫെയർ പാർട്ടി ശക്തമായ നേതൃത്വം നൽകുമെന്ന് സഫീർ ഷാ വ്യക്തമാക്കി.

ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി പ്രകടനങ്ങൾ, ധർണ്ണകൾ, സംഗമങ്ങൾ, ടേബിൾ ടോക്കുകൾ തുടങ്ങി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News