കൊച്ചി: പ്രമുഖ ക്രിയേറ്റീവ് ഏജന്‍സി പോപ്‌കോണ്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാംപയിന്‍ ‘വാട്‌സ് യുവര്‍ ഹൈ’ വാള്‍ ആര്‍ട്ട് മത്സരം മൂന്നാം പതിപ്പിന്റെ വിജയികളെ പ്രഖ്യാപിച്ചു. കേരള ക്രിക്കറ്റ് ലീഗ് ടീം ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിന്റെ സഹകരണത്തോടെ നടത്തിയ മത്സരത്തില്‍ കണ്ണൂര്‍ സ്വദേശി നിധിന്‍ ബാബു ഒന്നാം സ്ഥാനവും, കൊടുങ്ങല്ലൂര്‍ സ്വദേശി റഷീദ് സുലൈമാന്‍, കണ്ണൂര്‍ സ്വദേശി നിധിന്‍ സി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. കൊച്ചി ലോട്ടസ് ക്ലബില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു.
പ്രമുഖ മലയാള ചലച്ചിത്ര കലാ സംവിധായകന്‍ അജയന്‍ ചാലിശേരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സ്‌പോര്‍ട് ഈസ് അവര്‍ ഹൈ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മൂന്നാം പതിപ്പില്‍ കേരളത്തില്‍ നിന്നുള്ള ഇരുന്നൂറിലധികം കലാകാരന്മാര്‍ മത്സരത്തില്‍ പങ്കെടുത്തു. ഭൂരിഭാഗം ചിത്രങ്ങളും കലാപരമായി ഉന്നത നിലവാരം പുലര്‍ത്തിയെന്നും വിഷയത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിയെന്നും ജൂറി വിലയിരുത്തി.
വിവിധ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തി, ലഹരിയുപയോഗം ഒഴിവാക്കുവാന്‍ യുവതലമുറയെ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നാം സീസണ്‍ സംഘടിപ്പിച്ചത്. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പൊതുജനത്തെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണെന്ന ചിന്തയാണ് വാട്‌സ് യുവര്‍ ഹൈ എന്ന ക്യാമ്പയിന് തുടക്കം കുറിക്കാന്‍ കാരണമെന്ന് പോപ്‌കോണ്‍ ക്രിയേറ്റീവ്‌സ് പാര്‍ട്ണര്‍ രതീഷ് മേനോന്‍ പറഞ്ഞു. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ലഹരിക്ക് അടിമപ്പെടാനുള്ള സാധ്യത കുറവാണെന്നും അതിനാല്‍ സ്‌പോര്‍ട്‌സ് ഈസ് യുവര്‍ ഹൈ എന്ന ക്യാമ്പയിന്റെ ഭാഗമാകുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഫിനെസ് തൃശൂര്‍ ടൈറ്റന്‍സ് ഉടമ സജാദ് സേഠ് പറഞ്ഞു.
പുരസ്‌കാര വിതരണ ചടങ്ങിന്റെ ഭാഗമായി ലഹരി വിമുക്ത സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ സാമൂഹിക മുന്നേറ്റങ്ങളുടെ സ്വാധീനം എന്ന വിഷയത്തെ ആസ്പദമാക്കി പാനല്‍ ചര്‍ച്ചയും നടത്തി. അജയന്‍ ചാലിശേരി, ഡോ. ഇന്ദു നായര്‍(ഗ്രൂപ്പ് ഡയറക്ടര്‍ ആന്‍ഡ് പ്രൊഫസര്‍, എസ്.സി.എം.എസ്), നീനു മാത്യു(കാറ്റലിസ്റ്റ്), എസ്.എ.എസ് നവാസ്( റിട്ട.കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍, കൊച്ചി ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) തുടങ്ങിയവര്‍ പങ്കെടുത്തു. എമര്‍ജ് സ്‌പോര്‍ട്‌സ് സ്ഥാപകന്‍ വിപിന്‍ നമ്പ്യാര്‍ മോഡറേറ്ററായി.