ചലച്ചിത്ര അക്കാദമി ചെയർമാൻ കേരളത്തിലെ സീരിയൽ കണ്ട് പറഞ്ഞത്. “സീരിയലിനെയല്ല വിമർശിച്ചത് അതിന്റെ ഉള്ളടക്കത്തെയാണ്”. ദൃശ്യകല ഒരു നാട്യ സാഹിത്യ രൂപമാണ്. അഭിനയമെന്ന മാധ്യമത്തിലൂടെ ജനങ്ങൾ കാണുന്നു. അതിന് സമൂഹത്തിൽ എത്രമാത്രം ജനസമ്മിതിയുണ്ടായാലും ആ നാട്യത്തിൽ ആംഗികം, ആഹാര്യം, വാചികം, രസമുണ്ടോ, അനുഭൂതി മാധുര്യമുണ്ടോ എന്നതിനേക്കാൾ മനുഷ്യരുടെ ജീവിതാവസ്ഥ പ്രധാനമാണ്. സമൂഹം ജീർണ്ണതയുടെ നടുക്കയങ്ങളിലിരിക്കെ അതിലടങ്ങിയിരിക്കുന്ന സാമൂഹ്യ കാവ്യബോധം ഒരു ദൃശ്യ കവനകലാമധുരിമയുടെ തനിമയിൽ കെടാവിളക്കുകളായി പ്രകാശിക്കുന്നുണ്ടോ? നമ്മുടെ ആധുനിക സാംസ്‌കാരിക സാമൂഹിക മണ്ഡലം നേരിടുന്ന പ്രതിസന്ധിയാണിത്. ആരുടെ യൊക്കെ ആഴത്തിലുള്ള ഉള്ളടക്കമാണ് കണ്ടെത്തേണ്ടത്?
എല്ലാം മേഖലകളും അധികാര ആഡംബര ലഹരിയുടെ അടിയൊഴുക്കിലൂടെ കാല് വഴു തിവീഴാതെ പോകുന്നു. ഇന്നത്തെ അപചയ സാംസ്‌കാരിക ചേതനയെ ഒരാൾ വിമർശിച്ചാൽ ആത്മശുദ്ധിയില്ലാതെ ഉന്നതമായ ഒരു സാംസ്‌കാരികോദ്ധാരണത്തെക്കാൾ ദുർബലവികാരത്തോടെ സദാചാരവാദികളെപോലെ അന്നം മുടക്കിയെന്നോ കല്ലെറിഞ്ഞിട്ടോ സാമൂഹ്യ മാധ്യമ ങ്ങളിൽ വ്യക്തിഹത്യ നടത്തിയിട്ടോ കാര്യമില്ല. ഇന്നത്തെ സീരിയൽ കണ്ടാൽ സരോവരത്തിലെ താമരയുടെ സുഗന്ധമോ തടാകതീരത്തെ കസ്തൂരിമാന്റെ സുഗന്ധമോ വേണമെന്ന് ആരും പറയില്ല. നമ്മുടെ കലാ സാഹിത്യ സാമൂഹ്യ മണ്ഡലത്തിൽ പുണ്യാഹവും ശുദ്ധികലശവും നടത്തി സന്ധ്യാകാശത്തിന്റെ ചാരുതയോടെ നടത്തുകയാണ് വേണ്ടത്. ഓരോ രംഗമെടുക്കുക. ജനസേവകരെന്ന പേരിൽ രാഷ്ട്രീയ രംഗത്ത് കാണുന്നത് അധികാര ധനത്തോട് അത്യാർത്തിയുള്ളവർ, ആത്മാവ് നഷ്ടപ്പെട്ട മതങ്ങൾ, പേരിനും പ്രശസ്തിക്കായി നടക്കുന്ന കൊട്ടാരം കവി കൾ, എഴുത്തുകാർ. ഇവർക്കെല്ലാം വെഞ്ചാ മരം വീശുന്ന മനുഷ്യരെയല്ലേ നമ്മൾ കാണുന്നത്?
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആത്മാവിൽ കുടികൊ ള്ളുന്നത് മതേതര-ഭരണഘടനയാണ്. ആ ഭരണഘടനയെ അട്ടിമറിക്കുന്നവിധം സാമൂഹ്യ ജാതി മത സാംസ്‌കാരിക അധികാര ധനമോഹികൾ ചീവീടുകളെപോലെ ഒച്ചയും ബഹളവുമു ണ്ടാക്കി മനുഷ്യരുടെ സഞ്ചാര സ്വാതന്ത്ര്യംപോലും കവർന്നെടുക്കുന്നില്ലേ? മുൻകാലങ്ങളിൽ ആത്മീയ ഗുരുക്കന്മാർ, ജനസേവകർ, സർഗ്ഗധനർ, ജീവകാരുണ്യ പ്രവർത്തകരെല്ലാം പുഞ്ചിരിപ്രഭ പൊഴിച്ചുകൊണ്ടാണ് ജനങ്ങളിലേക്ക് ഇറങ്ങി വന്നത്. അവരിൽ നിസ്വാർത്ഥമായ സൗന്ദര്യ സൗരഭ്യങ്ങളുണ്ടായിരുന്നു. ഇന്നുള്ളതുപോലെ പദവിയുടെ പത്രാസ് കണ്ടുകൊണ്ടല്ല ജനങ്ങൾ അവരെ ആവേശപൂർവ്വം എതിരേറ്റത്. അവരെന്നും മനുഷ്യ ഹൃദയങ്ങളിൽ തുടിച്ചുനിന്നിരിന്നു. സവിശേഷമായ സാംസ്‌കാരിക മൂല്യങ്ങളും, കുന്നും മലകളും, കടലും, ജൈവവൈവിധ്യവും, പ്രകൃതിരമണീയവുമായ കേരളത്തെ നോക്കി എല്ലാവരും സീരിയൽ ഉള്ളടക്കം പോലെ ‘ദൈവ ത്തിന്റെ സ്വന്തം നാട്’ എന്ന് വിളിച്ചു. ഇന്നങ്ങനെ വിളിക്കാൻ സാധിക്കുന്നുണ്ടോ.?
ദൈവത്തിന്റെ സ്വന്തം നാടിനെ, ഭരണഘടനയെ പരിക്കേൽപ്പിക്കുന്നത് ഒരു വന്യമൃഗം മറ്റൊരു പാവം ജീവിയെ കീഴടക്കി കൊന്നു തിന്നുന്നതുപോലെയാണ്. ആ ജീവിയുടെ ചുറ്റിനും വേട്ട നായ്ക്കളും, മാംസം കൊതിക്കുന്ന മറ്റ് മൃഗങ്ങളും, മുകളിൽ കഴുകനും വട്ടമിട്ടുപറക്കുന്നു. സോഷ്യൽ മീഡിയ വേട്ടക്കാർ ചോരവാർന്നുകിടക്കുന്ന വ്യക്തിയുടെ പടമെടുത്തു് ലോകം മുഴുവൻ കാണിക്കുമോ അവരെപ്പോലെ ഒരു കൂട്ടർ ഇത് കണ്ട് ആസ്വദിക്കും, മറ്റ് ചിലർക്ക് ജീവൻ വെടിഞ്ഞ ജീവിയുടെ നൊമ്പരങ്ങൾ ഹൃദയത്തിൽ ആഞ്ഞിറങ്ങുന്ന സൂചിമുനയാണ്. നമ്മുടെ ഭരണഘടന ശില്പിയായ ഡോ.അംബേദ്കർ തന്നെ ഭരണഘടന സംരക്ഷണത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്.’ഭരണഘടന എത്ര മികച്ചതാണെങ്കിലും അത് നടപ്പാക്കേണ്ടവർ നല്ലവരെല്ലെങ്കിൽ അത് മോശമാകും. ഭരണഘടന എത്ര മോശമെങ്കിലും അത് നടപ്പാക്കേണ്ടവർ നല്ലവരെങ്കിൽ അത് നല്ലതാകും’. ഈ പറയുന്ന സംരക്ഷണം രാഷ്ട്രീയ, ജാതി മത, കലാ സാംസ്‌കാരിക രംഗത്തു ള്ളവർക്കുള്ള സന്ദേശമാണ്.ഇത് എത്ര പേർ സംരക്ഷിക്കുന്നു?
ഒരു വ്യക്തിയുടെ സംസ്‌കാരം അവന്റെ മുന്നിൽ കാണുന്നതും ഉള്ളിൽ വളരുന്നതുമാണ്. അതിന്റെ അർത്ഥം പറയുന്നത് കേൾക്കുക, ചെയ്യുന്നത് നോക്കേണ്ട എന്നല്ല. അത് ഓരോ വ്യക്തിയുടെ ജീർണ്ണതാബോധത്തിൽ നിന്ന് രക്ഷപ്പെടാനുള്ള അവസരമാണ്. ഏതൊരു കലയും ജനഹൃദയങ്ങളിലേക്ക് കടന്നുചെല്ലാനുള്ള താണ്. എന്ന് കരുതി സ്വന്തം ദന്തഗോപുരത്തിലിരുന്ന് പടച്ചുവിടുന്നതെന്തും സമൂഹം ഏറ്റെടുക്കുമെന്ന് കരുതരുത്. ഒരാളുടെ പ്രതിഭയും അധ്വാനവും കഥ എഴുതിയാലും ഫിലിമുണ്ടാക്കിയാലും അത് ആത്മാഭിമാന ത്തോടെ മനുഷ്യത്മാവിലേക്ക് കടന്നുചെല്ലുന്നതാകണം. പൂത്തുലയുന്ന പ്രണയ വസന്തങ്ങളോ, പൂക്കളോ, നൊമ്പരങ്ങളോ അവരുടെ മധ്യത്തിലേക്ക് വരുന്ന പക്ഷിയുടെ സ്വരമാധുരിമയോ ആർക്കും തള്ളിക്കളയാൻ സാധിക്കില്ലെങ്കിലും പ്രണയജോഡികളുടെ നഗ്‌നതയും, കാമവും കാമവിയോഗവും, ഗുണ്ടാ വിളയാട്ടമെല്ലാം ഏണിപ്പടികൾ വെച്ച് (ഇന്നത്തെ സീരിയൽ) കയറുന്നതല്ല നല്ല കലാ സൃഷ്ട്രികൾ. ഉദാ.ഒരു യുവതിയെ രാത്രി യിൽ റോഡിലേക്ക് പറഞ്ഞുവിടുക, അവളെ കാറിൽ വന്ന് ചില ഗുണ്ടകൾ തട്ടികൊണ്ട് പോകുക, കിടപ്പുമുറിയിൽ പാമ്പിനെ കടത്തി വിടുക, ഒരാൾ പത്തു പേരെ ഇടിച്ചിടുക തുടങ്ങി എന്തെല്ലാം കഥയില്ലാക്കഥകളാണ് ഇന്നത്തെ, സീരിയലുകളെടു ത്താൽ കാണുക. ഇതൊക്കെ കണ്ടിരിക്കാൻ പുരുഷന്മാരേക്കാൾ സ്ത്രീകൾ മുന്നിൽ. നിത്യദുഃഖ ത്തിൽ കഴിയുന്ന മനുഷ്യർക്ക് ഇതൊക്കെ ഒരാശ്വാസം തന്നെ. തമ്മിൽ ഭേദം തൊമ്മൻ എന്ന ഭാവത്തിലാണ് സിനിമകളുടെയും അവസ്ഥ.
സോഷ്യൽ മീഡിയ വന്നതോടെ സാഹിത്യ സൃഷ്ടികളെന്ന പേരിൽ തന്നിഷ്ടം പൊന്നിഷ്ടം, ആരാന്റെ ഇഷ്ടം ബിംബിഷ്ടം എന്ന നിലയിൽ സീരിയൽപോലെ പോകുന്നു. കലകൾ പത്തി വിരിച്ചാടുന്ന സ്ത്രീയുടെ നഗ്‌നതയും കാമവും കാമവിയോഗങ്ങളും, പ്രണയവിയോഗവും, സാമൂഹ്യവിരുദ്ധ വേലകളും മറ്റും കണ്ട് രസിക്കേണ്ടതാണോ.? തൻകുറ്റം താനറിയില്ലയെന്ന ഭാവത്തിൽ നടക്കുന്നവർക്ക് ഒരു മുന്നറിയിപ്പാണ് ഒരു കലാകാരൻ നൽകിയത്. സ്വന്തം വർഗ്ഗ വംശതാല്പര്യം സംരക്ഷിക്കുന്നത് ജനാധിപത്യമല്ല അത് പെറ്റിബൂർഷ്വാസികളുടെ താല്പര്യമാണ്. ആത്മാവിന്റെ പാതയിൽ സഞ്ചരിക്കുന്നവർക്കും മനുഷ്യരുടെ നന്മകൾ നുണയാൻ ആഗ്രഹിക്കു ന്നവർക്കും, ജനാധിപത്യവാദികളും ഒരിക്കലുമത് അംഗീകരിക്കില്ല. ഇന്ത്യയിലെ ഓരോ രാഷ്ട്രീയ പാർട്ടികൾ അവരവരുടെ വർഗ്ഗ സംരക്ഷണം നടപ്പിലാക്കിയാൽ (ഉദാ.പിൻവാതിൽ നിയമന ങ്ങൾ, പദവികൾ കൊടുക്കുക അങ്ങനെ പലതും) ഭരണഘടനാ ലംഘനം മാത്രമല്ല സമൂഹ ത്തോട് ചെയ്യുന്ന ക്രൂരതയാണ്. ഇന്ത്യയുടെ മുഖമുദ്രയായ ‘മതേതരത്വവും സോഷ്യലിസവും’ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ഒഴുവാക്കണമെന്ന് ചിലർ ആവശ്യപ്പെട്ടപ്പോൾ അതിനെ സുപ്രിംകോടതി നിരസിച്ചു. ആനയുടെ വിഷയത്തിൽ മതവിശ്വാസികൾക്ക് ഡിസംബർ നാല് 2024-ന് കേരള ഹൈക്കോടതി ഒരു മുന്നറിയിപ്പ് കൊടുത്തു. ‘മതത്തിന്റെ മറവിൽ എന്തും ചെയ്യാമെന്ന് കരുതരുത്’. കോടതി ഇല്ലായിരുന്നെങ്കിൽ കറിയിലെ കറിവേപ്പിലപോലെ സത്യവും നീതിയും കൊട്ടുന്ന താളത്തിന് തുള്ളില്ലായിരുന്നോ? കോടതി കൊടുത്തത് അധികാരത്തിന്റെ തണലിലിരിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്. അധികാരം അധികമായാൽ അമൃതും വിഷമെന്നത് പലരും മറക്കുന്നില്ലേ.?
സീരിയൽ ഉള്ളടക്കം ചോദ്യം ചെയ്തപ്പോൾ ദൈവത്തിന്റെ സ്വന്തം നാട് ജാതി മത സാംസ്‌കാരിക സാമൂഹിക വളർച്ചയിൽ കാടും കടുവയെപോലെ മാറികൊണ്ടിരിക്കയല്ലേ? ഏത് രംഗമെടുത്താലും അഴിമതി, അനീതി, അധർമ്മം, അച്ചടക്ക ലംഘനങ്ങളാണ്. കേരളത്തിലെ രാഷ്ട്രീയ ഉള്ളടക്കത്തിലേക്ക് വന്നാൽ ഒരാൾക്ക് അധികാരമോ ആവശ്യമോ നടന്ന് കിട്ടിയില്ലെ ങ്കിൽ ആശയങ്ങളും മാനദണ്ഡങ്ങളും കാറ്റിൽ പറത്തി പാർട്ടി വിടുന്നു. ഒരു പാർട്ടിയിൽ നിന്ന് പടിയിറങ്ങി വരുന്ന പിന്തിരിപ്പൻന്മാരെ മാലയിട്ട് പൂച്ചെണ്ട് കൊടുത്തു എഴുന്നെള്ളിച്ചു കൊണ്ടു പോകാൻ മറ്റൊരു പാർട്ടി വരുന്നു. ജീവിതകാലം മുഴുവൻ അധികാര സുഖഭോഗങ്ങളിൽ തിമിർത്താടിയവർ പദവികൾ നഷ്ടപ്പെടുമ്പോൾ അധികാരക്കൊതിയന്മാരായി സ്വന്തം പ്രതാപം വർദ്ധിപ്പിക്കാൻ ജടിലവും കുടിലവുമായ തീരുമാനങ്ങളെടുത്തു് അടുത്ത പാർട്ടിയുടെ പദവി കൾ സ്വീകരിക്കുന്നു. ഇവരുടെ ഉള്ളടക്കം, വ്യക്തിത്വം നിലാവ് കണ്ട കുറുക്കനെപോലെയല്ലേ? ഈ സ്വാർത്ഥന്മാർ പറയുന്നത് രാഷ്ട്രീയം സാദ്ധ്യതകളുടെ കലയെന്നാണ്. കുപ്പായം മാറുന്ന തുപോലെ രാഷ്ട്രീയ ആദർശങ്ങൾ മാറുന്നത് ഏത് കലയെന്ന് മനസ്സിലാകുന്നില്ല. ഈ ഓന്തിന്റെ നിറംമാറൽ വേറിട്ട് കാണേണ്ടതാണ്. അധികാരത്തോടും ധനത്തോടുമുള്ള ഈ ഒളിച്ചോടൽ ഇവരുടെ സാംസ്‌കാരം, അന്തഃസത്ത, ആദർശശുദ്ധി എത്രമാത്രം അഴക് വിരിച്ചുനിൽക്കുന്നു വെന്ന് വിവേകമുള്ളവർക്കറിയാം. ഈ അവസരവാദികളെ തിരെഞ്ഞെടുപ്പുകളിൽ വിജയിപ്പി ച്ചുവിടുന്നവരെ എന്ത് വിളിക്കണം?
ഇതുപോലൊരു താരതമ്യനിരീക്ഷണം സാഹിത്യ സാംസ്‌കാരിക രംഗത്ത് നടത്തിയാൽ അതേ രാഷ്ട്രീയ ജീർണ്ണത ഇവിടേയുമുണ്ട്. കലയും സാഹിത്യവും കേരളത്തിലേക്ക് കടന്നുവന്നത് ആധുനിക, മാനവിക വീക്ഷണങ്ങളോടെയാണ്. അതിന്റെ വികസനവും പരിപോഷണവും സർക്കാർ നിയന്ത്രിത രാഷ്ട്രീയ പാർട്ടികളുടെ അധികാരത്തണലിൽ തളച്ചിട്ടിരിക്കുന്നു. സാഹിത്യ ഉള്ളടക്കത്തിലേക്ക് കടന്നുചെന്നാൽ കാണുന്നത് സർക്കാർ സ്ഥാപനമായ കേരള ഭാഷാ ഇൻ സ്റ്റിട്യൂട്ട് മുതൽ ഏത് സാംസ്‌കാരിക സ്ഥാപനങ്ങളെടുത്താലും നമ്മുടെ ഭാഷാ സംസ്‌കാരത്തെ പരിപോഷിപ്പിക്കുന്നതിനേക്കാൾ മുൻഗണന രാഷ്ട്രീയ നിറം നോക്കി കലാരംഗത്തെ പരിപോഷി പ്പിക്കുന്നതാണ്. ഈ തടങ്കൽപാളയത്തിൽ കഴിയുന്ന എഴുത്തുകാർ അരമനവാസികളെപോലെ യാണ്. ഈ കൊട്ടാരം എഴുത്തുകാർക്ക് പുരസ്‌കാരം, പദവികൾ കാലാകാലങ്ങളിൽ കിട്ടികൊ ണ്ടിരിക്കും. ഒരു തുള്ളി എണ്ണ വെള്ളത്തിലാകമാനം തെളിഞ്ഞു നിൽക്കുന്നതുപോലെ സാഹിത്യ രംഗത്തങ്ങനെ ഈ കൂട്ടർ തിളങ്ങുന്നു. അവർക്ക് തുണയായി കച്ചവട പ്രസാധകരുമുണ്ട്. പാവപ്പെട്ട എഴുത്തുകാരന്റെ അദ്ധ്വാനം ചൂഷണം നടത്തി പല കച്ചവട പ്രസാധകരും സമ്പന്ന ന്മാരയി ജീവിക്കുന്നത് സാഹിത്യ രംഗത്തുള്ളവർക്കറിയാം. ഈ അധികാര ദുർവിനിയോഗ കളികൾ നിയന്ത്രിക്കാൻ, തെളിയിക്കാൻ നിയമങ്ങൾ നിലവിലില്ല. ചോദ്യം ചെയ്യുന്നവരുടെ വായ് മൂടികെട്ടാം അല്ലെങ്കിൽ സമൂഹത്തിൽ കലഹത്തിന് ആഹ്വാനം ചെയ്തുവെന്ന പേരിൽ തൂലിക യോടിക്കാം അല്ലെങ്കിൽ ജയിലിൽ പാർപ്പിക്കാം. ലോക പ്രശസ്തരായ എല്ലാം സാഹിത്യ പ്രതിഭ കളും ബൂർഷ്വാ നാടുവാഴി സമൂഹത്തോട് ഏറ്റുമുട്ടി വിജയം വരിച്ചവരാണ്. കേരളം നേരിടുന്ന സാംസ്‌കാരിക മൂല്യച്യുതിക്കെതിരെ എത്ര എഴുത്തുകാർ രംഗത്തുണ്ട്.?
കേരളത്തിലെ പ്രമുഖ സാഹിത്യപ്രതിഭകളായ എം.ടി.വാസുദേവൻ നായർ, സി.രാധാ കൃഷ്ണൻ, കെ. സച്ചിദാനന്ദൻ, സക്കറിയ, എം.മുകുന്ദൻ, ഡോ.ജോർജ്ജ് ഓണക്കൂർ, ശ്രീകുമാരൻ തമ്പി, പി.കെ.പാറക്കടവ് തുടങ്ങി ധാരാളം പേർ ഈ മൂടുപടത്തിൽ ജീവിക്കുന്നവരായി കണ്ടിട്ടില്ല. മുൻപ് ഒരു കോളേജ് അധ്യാപകന്റെ രാഷ്ട്രീയ നിറം നോക്കി ഭാഷാ ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ ആക്കിയതും പിന്നീടയാൾ എഴുത്തുകാരന്റെ കുപ്പായമണിഞ്ഞതും കണ്ടു. 1945-ൽ രജിസ്റ്റർ ചെയ്ത ഇന്ത്യയിലാദ്യമായി കേരളത്തിൽ സാഹിത്യകാരന്മാരുടെ സഹകരണത്തോടെ രൂപമെടുത്ത സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്റെ ധാരാളം പുസ്തകങ്ങൾ പ്രസിദ്ധികരിച്ചെങ്കിലും ഇന്നിവിടെയല്ലാം നടക്കുന്നത് രാഷ്ട്രീയ മാനദണ്ഡങ്ങളാണ്. മുന്നിൽ കാണുന്നത് നീതിക്ക് വിരുദ്ധമെങ്കിലും പുസ്തകമിറക്കാനും പുരസ്‌കാര പദവി മോഹിച്ചും നിൽക്കുന്നവർ വായ് മൂടിക്കെട്ടി നിൽ ക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഭാഷയിൽപോലും അധികാരത്തിലുള്ളവർ മായം ചേർക്കുന്നു. പി എസി റാങ്ക് ലിസ്റ്റ് കാലഹരണപ്പെടുന്നതു പോലെ പ്രമുഖ എഴുത്തുകാർ നോക്കുകുത്തികളായി മാറുന്നു. സത്യം നീതി സുതാര്യത എങ്ങുമില്ല. ഇതൊക്കെ സമകാലീന ബൂർഷ്വാ സമൂഹത്തിൽ കണ്ടുവരുന്ന മനോഭാവങ്ങളാണ്. വില്യം ഷേക്‌സ്പിയർ കവിതയിൽ പറയുന്നതുപോലെ ‘സ്വർണത്താൽ പൊതിഞ്ഞ പാപത്തിൽ, ഏശിടാം നീതിയിൽ ശക്തമാം കുന്തംപോലും, കീറത്തുണിയെങ്കിലോ തുളഞ്ഞിടും, പുൽക്കൊടി കൊണ്ടുപോലും’. സമൂഹത്തെ ജീർണ്ണതയിൽ നിന്നാണ് സർഗ്ഗ പ്രതിഭകൾ മാറ്റിയെടുത്തത്. വയലാറിനെപ്പോലുള്ളവർ ഇനിയും തിരിച്ചുവരുമോ.?
ഗാന്ധിജി യഥാർത്ഥ ജനശിശ്രൂഷകൻ ആയിരുന്നതുപോലെ സാഹിത്യത്തിലും ധാരാളം പ്രമുഖരുണ്ട്. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് എഴുത്തച്ഛനാണ്. അദ്ദേഹത്തിന്റെ കവിതകളിൽ തെളിയുന്ന മഷി മനുഷ്യാത്മാവിന്റെ ചോരയും കണ്ണീരുമാണ്. ചെറുശ്ശേരിയാ യാലും മണ്മറഞ്ഞ ബഹുഭൂരിപക്ഷം മഹാ പ്രതിഭകളും വിലകൊടുത്തത് അവരുടെ സാംസ്‌കാ രിക ദീപ്തിക്കാണ്. രാഷ്ട്രീയത്തിൽ ആശയപരമായ അടിത്തറയില്ലാത്തവർ ആമാശയ അധികാരം തേടി പോകുന്നതു പോലെ സ്വന്തം നിലനിൽപ്പ് നോക്കി കൊട്ടാരം കവികളായി, എഴു ത്തുകാരായി മാറുന്നവരെയും കേരളത്തിൽ കാണാം. അധികാരികൾ അവർക്ക് പൊടിപ്പും തൊങ്ങലുമൊക്കെ കൊടുത്തു് എഴുന്നെളളിക്കും.ദൈവത്തിന്റെ നാട്ടിൽ ആത്മാവിന് കളങ്കം ചാർത്തുന്നവരും, രാഷ്ട്രീയ എഴുത്തുകാരുടെ സൃഷ്ടികൾ തേച്ചുമിനുക്കി വെളുപ്പിച്ചെടുക്കുന്നതും, ജനസേവനം രാഷ്ട്രനിർമ്മാണത്തെക്കാൾ രാഷ്ട്രീയ പാർട്ടികളുടെ വളർച്ചയായി മാറുന്നതും, പൂർവ്വ ആചാരം സർവ്വ അധികാര ആചാരംപോലെ നടക്കുന്നതും മലയാളത്തിന്റെ സാംസ്‌കാ രിക ചേതനക്കേറ്റ മുറിവുകളാണ്. എല്ലാം രംഗങ്ങളിലും സത്യസന്ധ മായി അന്വേഷണം നടത്തി കുറ്റമറ്റ കുറ്റപത്രം സമൂഹത്തിന് കൊടുക്കാൻ ഏതെങ്കിലും ഭരണാധിപൻ മുന്നോട്ട് വന്നിട്ടുണ്ടോ? അതോ ആഴവും അഴകുമുള്ള നമ്മുടെ സംസ്‌കാരം കുടത്തിൽ വെച്ച വിളക്കുപോലെ കത്തിയമരുമോ.?