എസ് ഇ ആർ ടി ‘മികവ്’ സീസൺ- 5 പുരസ്കാരം നേടി മർകസ് അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ

എസ്.സി.ഇ.ആർ.ടി പ്രഖ്യാപിച്ച മികവ്’ സീസൺ 5 പുരസ്കാരം ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെയിൽ നിന്നും അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ് മാസ്റ്റർ നിയാസ് ചോലയും അദ്ധ്യാപകരും ഏറ്റുവാങ്ങുന്നു.

എറണാകുളം: പൊതുവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക മികവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) പ്രഖ്യാപിച്ച ‘മികവ്’ സീസൺ 5 പുരസ്കാരം കരസ്ഥമാക്കി ചേരാനല്ലൂർ അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ. 2022-23 അധ്യയനവർഷത്തിൽ നടപ്പിലാക്കിയ അക്കാദമിക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് കോഴിക്കോട് മർകസ് മാനേജ്മെന്റിന് കീഴിലുള്ള സ്കൂൾ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

പാഠ്യപദ്ധതി സമീപനത്തിന് അനുസൃതമായതും നൂതനവുമായ ജൈവ പച്ചകൃഷി, നീന്തൽ പരിശീലനം, പടുതാകുളം എന്നിവ സംയോജിപ്പിച്ച് ആവിഷ്കരിച്ച പദ്ധതിയാണ് മികവ് സീസൺ – 5 പുരസ്കാരത്തിന് പരിഗണിക്കപെട്ടത്. വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കൽ, അക്കാദമിക മികവ്, വിവിധ പഠന പരിപോഷണ പരിപാടികൾ, വിലയിരുത്തൽ തുടങ്ങിയവയിൽ മികച്ച മാതൃക സൃഷ്ടിച്ചാണ് അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ അവാർഡ് നേടിയത്.

എസ്.സി.ഇ.ആർ.ടി ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെയിൽ നിന്നും സ്കുളിനുള്ള ശില്പവും പ്രശസ്തിപത്രവും ഹെഡ് മാസ്റ്റർ നിയാസ് ചോല, അദ്ധ്യാപകരായ മുഹമ്മദ് ഷരീഫ്, നിയാസ് യു.എ , പി ടി എ പ്രസിഡന്റ് ഷാലു കെ.എസ് എന്നിവർ ഏറ്റുവാങ്ങി. അദ്ധ്യാപകരുടേയും വിദ്യാർഥികളുടെയും ചിട്ടയായ പ്രവർത്തനങ്ങളും കഠിനാധ്വാനവും തുടർച്ചയായി വിവിധ അവാർഡുകൾ കരസ്ഥമാക്കാൻ സഹായിക്കുന്നുണ്ട്. ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പുരസ്കാരവും സ്കൂൾ നേടിയിട്ടുണ്ട്.

കുട്ടിക്കൊപ്പം വിദ്യാലയം എന്ന പുതിയ പദ്ധതി ആവിഷ്കരിച്ച്, പഠനത്തോടൊപ്പം നീന്തൽ പരിശീലനം, പത്തിനൊപ്പം പത്തു തൊഴിൽ, പഞ്ചഭാഷ പ്രാർഥന, പഠനപാട്ടുകൾ, എൻ എച്ച് എം എസ്, യു എസ് എസ്, എൻ ടി എസ് തീവ്ര പരിശീലനം, തുടങ്ങി വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഈ വിദ്യാലയത്തിന് 2022 ൽ സ്കൂൾ വിക്കി അവാർഡും ഹരിത വിദ്യാലയം റിയാലിറ്റി ഷോ എന്നിവയും ലഭിച്ചിട്ടുണ്ട്. തുടർച്ചയായി സർക്കാർ-സർക്കാർ ഇതര തലങ്ങളിൽ നിന്ന് നേട്ടങ്ങൾ കരസ്ഥമാക്കുന്ന സ്കൂളിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും പി ടി എയും മാനേജ്മെന്റും പൗരസമിതിയും പ്രത്യകം അഭിനന്ദിച്ചു.

ചടങ്ങിൽ എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ ഡോ. വിനീഷ് ടി വി, എസ്.ഐ.ഇ.ടി ഡയറക്ടർ ഡോ. അബുരാജ്, എസ്.സി.ഇ.ആർ.ടി കരിക്കുലം മേധാവി ചിത്ര മാധവൻ, അക്കാദമിക് കൺസൾട്ടൻ്റ് ഡോ. എം ആർ സുദർശനകുമാർ, ഡോ. പി സത്യനേശൻ, ഡോ. ഗോകുൽദാസൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News