തൃശൂര്‍: പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ദിവസമായ ഇന്ന് ഭക്ത ജനലക്ഷങ്ങള്‍ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടിയെത്തും. വൃശ്ചികമാസത്തെ വെളുത്തപക്ഷ ഏകാദശിയാണ് ആഘോഷിക്കുന്നത്. ഭക്തര്‍ വ്രതാനുഷ്ഠാനത്തോടെയായിരിക്കും ഇന്ന് കണ്ണനെ ദര്‍ശിക്കാനെത്തുക.
ദശമി ദിനമായ ഇന്നലെ പുലര്‍ച്ചെ നട തുറന്നു. ഇനി ദ്വാദശി ദിനമായ നാളെ രാവിലെ 9 മണിക്കാണ് നട അടയ്ക്കുക. പൂജകള്‍ക്ക് മാത്രമായിരിക്കും ഇന്ന് നട അടയ്ക്കുക. ഏകാദശികളില്‍ ഏറ്റവും പ്രധാനമാണ് ഗുരുവായൂര്‍ ഏകദാശി. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത്. അതിനാല്‍ ഗുരുവായൂര്‍ ഏകാദശി ?ഗുരുവായൂര്‍ പ്രതിഷ്ഠാ ദിനമായും കണക്കാക്കുന്നു. ഭ?ഗവാന്‍ ഗീതോപദേശം നല്‍കിയ ദിനം കൂടിയാണിത്.
അര്‍ജുനന് ശ്രീകൃഷ്ണഭഗവാന്‍ ഭഗവദ്ഗീത ഉപദേശിച്ചത് ഈ ദിനത്തിലായതിനാല്‍ ഏകാദശി ദിവസം ഗീതാ ദിനമായും ആഘോഷിക്കും. ദേവഗുരുവും വായുദേവനും ചേര്‍ന്ന് ഗുരുവായൂരില്‍ ഏകാദശി ദിനത്തില്‍ പ്രതിഷ്ഠ നടത്തിയത്. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ഗുരുവായൂരപ്പനില്‍ വിലയം പ്രാപിച്ചതും ഈ ദിനത്തിലാണ്.
ഇന്ന് കിഴക്കേ ഗോപുരം വഴിയാണ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. വിപുലമായ പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിയന്ത്രണം നിലവിലുള്ളതിനാല്‍ ഇത്തവണ രാവിലെ ആറരയ്ക്കാണ് എഴുന്നള്ളിപ്പ് തുടങ്ങുക. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുണ്ടാകും.
ഭഗവാന്‍ മഹാവിഷ്ണു ദേവീദേവന്‍മാര്‍ക്കൊപ്പം ഗുരുവായൂര്‍ക്കെഴുന്നള്ളുന്ന ദിനമാണിതെന്നും വിശ്വാസമുണ്ട്. ഇന്നേ ദിവസം ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്നതു പോലും സുകൃതമാണെന്നു ഭക്തര്‍ കരുതുന്നു. ഏകദാശിയോടനുബന്ധിച്ച് ചാവക്കാട് താലൂക്കില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. തൃശൂര്‍ ജില്ലാ കലക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.