ബെംഗളൂരു: ബെംഗളൂരുവിൽ എഐ എൻജിനീയർ അതുൽ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഭാര്യ നികിതയുടെ അമ്മാവൻ സുശീൽ സിംഗാനിയ. ആത്മഹത്യാ കുറിപ്പിൽ അതുൽ സുഭാഷ് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഭാര്യ നികിതയുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതുൽ സുഭാഷിൻ്റെ സഹോദരൻ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത ആത്മഹത്യാ പ്രേരണ കേസിൽ സുശീൽ സിംഗാനിയയെ പ്രതി ചേര്‍ത്തിട്ടുണ്ട്. എഫ്ഐആറിൽ എൻ്റെ പേരും ഉണ്ടെന്ന് മാധ്യമ റിപ്പോർട്ടിൽ നിന്നാണ് അറിഞ്ഞതെന്നും, എന്നാൽ അവരുമായി ഒരു ബന്ധവുമില്ലെന്നും സുശീൽ സിംഗാനിയ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി കേസിൻ്റെ നടപടികൾ പുരോഗമിക്കുകയാണ്. ഞങ്ങളുടെ കുടുംബം കുറ്റക്കാരല്ല. കോടതി വിധി പറയുമെന്നും അദ്ദേഹം പറഞ്ഞു.
“അതുൽ സുഭാഷിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നികിതയുടെ അമ്മാവൻ പറഞ്ഞു. നികിത ഇവിടെ ഇല്ല, തിരിച്ചു വരുമ്പോൾ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകും. തനിക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങൾക്കും മറുപടിയുണ്ട്. ഞാൻ വേറെയാണ് താമസിക്കുന്നത്. ഞാൻ അവൻ്റെ അമ്മാവനാണ്, പക്ഷേ എനിക്ക് ഈ കാര്യത്തെക്കുറിച്ച് കൂടുതൽ അറിയില്ല.” അദ്ദേഹം പറഞ്ഞു. അതേസമയം, നികിതയെയും അമ്മയെയും സഹോദരനെയും അമ്മാവനെയും ചോദ്യം ചെയ്യാൻ യുപിയിലെ ജൗൻപൂരിലേക്ക് ഒരു സംഘത്തെ അയച്ചതായി പൊലീസ് പറയുന്നു.
തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും നികിതയും കുടുംബാംഗങ്ങളും തന്നിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് ആത്മഹത്യാ കുറിപ്പിൽ അതുൽ വിശദമായി പറഞ്ഞിട്ടുണ്ടെന്ന് അതുലിൻ്റെ സഹോദരൻ വികാസ് കുമാർ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
ബംഗളൂരുവിൽ എ ഐ എഞ്ചിനീയർ അതുൽ സുഭാഷിൻ്റെ മുറിയിൽ നിന്ന് ‘നീതി ലഭിക്കണം’ എന്ന പ്ലക്കാർഡും 24 പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തി. വിവാഹമോചനക്കേസ് നടപടിക്രമങ്ങൾക്കിടെ നികിതയും കുടുംബാംഗങ്ങളും തന്നെ ശല്യപ്പെടുത്തിയെന്നും ജീവനാംശവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് പണം ആവശ്യപ്പെട്ടെന്നും ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരുന്നു. ഭാര്യ നികിത, അവരുടെ അമ്മ, ഭർതൃസഹോദരൻ, ബന്ധു എന്നിവരാണു ആത്മഹത്യയ്ക്കു കാരണമെന്നാണ് കുറിപ്പില്‍ അതുൽ സുഭാഷ് ആരോപിച്ചിരിക്കുന്നത്. സംഭവത്തിൽ ഭാര്യയടക്കം നാല് പേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.