മാനസ സരോവരങ്ങൾക്കരികിലായ് തുഞ്ചന്റെ
പാടുന്ന തത്തേ മലയാള മനോഹരീ ,
മാവിന്റെ പൂവിൻ മണം പേറി മകരമാം
മധുവിധുവുണ്ണുന്ന കുളിരായിരുന്നു നീ !
എവിടെ നിൻ ചെഞ്ചുണ്ടി ലടരുന്ന തേൻകണം
എവിടെ നിൻ ഉലയുന്ന മാറിട ശിഞ്ജിതം,
ഏഴിലം പാലപ്പൂ ചൂടും നിൻ വാർമുടി
യേതോ ഗതകാല നോവ് പോൽ മൽസഖീ ?
പ്രേമിച്ചു പ്രേമിച്ചു നിന്നെയെൻ ജീവിത
പാതിയായ് സ്വീകരിച്ചാനയിച്ചീടവേ,
കാമം കനത്തവർ മേലാള വേട്ടയി –
ലോമൽ തിടമ്പേ നീ യെങ്ങോ മറഞ്ഞു പോയ് !
പോരൂ പ്രിയപ്പെട്ട പക്ഷീ യെന്നോതിയെൻ
ചേതന വീണ്ടും ചിറകിട്ടടിക്കവേ,
പോരുവാനാകുമോ യന്തപ്പുരങ്ങളിൽ
വാളുമായ് ഷണ്ഡന്മാർ കാവലായ് നിൽക്കവേ ?
വാടിക്കരിഞ്ഞ മലർച്ചെണ്ടായ് മാറിയോ
ക്രൂര ബലാൽസംഗ ശേഷിപ്പ് പോലെ നീ ?
കാലം വിളിച്ചാൽ ഫിനിക്‌സായി വീണ്ടുമെൻ
ചാരത്തണയുമോ മുഗ്ദ സ്വപ്നങ്ങളായ് ?