ദോഹ: വിഷരഹിത ജൈവ കൃഷിയെയും അടുക്കളത്തോട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടുമുറ്റം എല്ലാ വർഷവും നടത്തിവരുന്ന തൈ വിതരണം അവസാനിച്ചു.
പച്ചക്കറി കൃഷിക്ക് അനുയോജ്യമാകുന്ന രീതിയിൽ കാലാവസ്ഥ അനുകൂലമാവുന്ന സമയത്താണ് എല്ലാ വർഷവും നടുമുറ്റം സൌജന്യ തൈ വിതരണം നടത്താറുള്ളത്. ഏരിയതല ഉദ്ഘാടനം നടുമുറ്റം വൈസ് പ്രസിഡൻ്റ് ലത കൃഷ്ണ ദോഹ ഏരിയയിൽ നിർവ്വഹിച്ചു.
വിവിധ ഏരിയകളിലെ തൈ വിതരണങ്ങൾക്ക് ഏരിയ എക്സിക്യൂട്ടീവുകൾ നേതൃത്വം നൽകി.
പത്തോളം ഏരിയകളിലായി ആയിരത്തോളം തൈകളാണ് വിതരണം ചെയ്തത്. വീട്ടുമുറ്റങ്ങളിലും ടെറസുകളിലും കൃഷിയൊരുക്കി പാരമ്പര്യമുള്ള വനിതകൾ വിവിധ ഏരിയകളുടെ തൈ വിതരണത്തോടനുബന്ധിച്ച് കൃഷി പാഠങ്ങൾ പകർന്നു നൽകുകയും സംശയങ്ങൾക്ക് മറുപടികൾ നൽകുകയും ചെയ്തു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നടുമുറ്റം പ്രവർത്തകരായ ഏറ്റവും നല്ല കൃഷിക്കാർക്ക് ഫാർമറെറ്റ് അവാർഡ് സമ്മാനിക്കുമെന്ന് കേന്ദ്രകമ്മിറ്റി അറിയിച്ചു. കഴിഞ്ഞ വർഷവും ഇൻഡോർ പ്ലാൻ്റ്, പച്ചക്കറി കൃഷി തുടങ്ങിയ വിഭാഗങ്ങളിൽ അവാർഡുകൾ നൽകിയിരുന്നു.