നൈമ വാർഷിക ഫാമിലി നൈറ്റ് വർണ്ണാഭമായി നടത്തപ്പെട്ടു

ന്യൂയോർക്ക്: വ്യത്യസ്ത പ്രവർത്തന ശൈലിയിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് മലയാളികളുടെ മനസ്സ് കീഴടക്കിയ ന്യൂയോർക്ക് മലയാളീ അസ്സോസ്സിയേഷൻ (New York Malayali Association – NYMA) 2024-ലെ വാർഷിക കുടുംബ സംഗമം വർണാഭമായി നടത്തി. ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് നൈമാ പ്രസിഡൻറ് ബിബിൻ മാത്യുവിൻറെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ അസ്സോസ്സിയേഷനിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ധാരാളം പേർ പങ്കെടുത്തു. യുണൈറ്റഡ് നേഷൻസിലെ ഇന്ത്യൻ പെർമനെന്റ് മിഷൻ കോൺസുലറും മലയാളിയുമായ എൽദോസ് മാത്യു പുന്നൂസ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ഫോമായിലെയും ഫൊക്കാനായിലേയും ഔദ്യോഗിക ചുമതലക്കാരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി.

ഫൊക്കാനയിലേയും ഫോമായിലേയും നേതൃനിരയിൽ പ്രവർത്തിച്ച പലരും കഴിഞ്ഞ കാലങ്ങളിൽ നൈമയിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടവരായിരുന്നു. കഴിഞ്ഞ രണ്ട് വർഷം ഫോമയുടെ പ്രസിഡൻറ് ആയി ഫോമായേ നയിച്ച ഡോ. ജേക്കബ് തോമസ്, ഫൊക്കാനയുടെ ട്രഷറർ ആയി സേവനം ചെയ്ത ബിജു ജോൺ കൊട്ടാരക്കര എന്നിവർ നൈമയുടെ അംഗങ്ങളും നൈമ നോമിനേറ്റ് ചെയ്തവരുമാണ്. നിലവിലെ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ വൈസ് പ്രസിഡൻറ് (RVP) മാത്യു ജോഷ്വ, ഫൊക്കാനാ ന്യൂയോർക്ക് മെട്രോ റീജിയൺ ആർ.വി.പി. ലാജി തോമസ് എന്നിവരും ഫൊക്കാനാ ബോർഡ് ഓഫ് ട്രസ്റ്റീ സെക്രട്ടറി ബിജു ജോൺ കൊട്ടാരക്കരയും നൈമ നാമ നിർദ്ദേശം ചെയ്തവരാണ്.

കഴിഞ്ഞ ആറു വർഷത്തെ പ്രവർത്തനം കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റിയ നൈമ എന്ന മലയാളീ സംഘടനയിൽ യുവാക്കൾക്കാണ് പ്രാമുഖ്യം നൽകിയിരിക്കുന്നത്. സംഘടനയുടെ പ്രസിഡൻറ് സ്ഥാനത്ത് ഈ വർഷം പ്രവർത്തിച്ച ബിബിൻ മാത്യുവിൻറെ പ്രവർത്തന മികവും സെക്രട്ടറി ജേക്കബ് കുര്യൻറെ സംഘാടക ശൈലിയും വൈസ് പ്രസിഡൻറ് രാജേഷ് പുഷ്പരാജൻറെ നേതൃപാടവവും ഒക്കെ അതിന് തെളിവാണ്. അവരോടൊപ്പം ട്രഷറർ ആയി പ്രവർത്തിച്ച സിബു ജേക്കബ്, ജോയിന്റ് സെക്രട്ടറി തോമസ് പയ്ക്കാട്ട്, ജോയിൻറ് ട്രഷറർ കുരിയൻ സ്കറിയാ, ഡയറക്ടർ ബോർഡ് ചെയർമാൻ ലാജി തോമസ് എന്നിവരൊക്കെ യുവനേതൃത്വത്തിൻറെ മകുടോദ്ദാഹരണങ്ങളാണ്.

ഫോമാ നാഷണൽ ജോയിന്റ് സെക്രട്ടറി ആയി ഈ വർഷം തെരഞ്ഞെടുക്കപ്പെട്ട പോൾ ജോസും ഫൊക്കാനാ ബോർഡ് ഓഫ് ട്രസ്റ്റീ സെക്രട്ടറി ബിജു ജോണും യോഗത്തിൽ അതിഥികളായിരുന്നു. ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ആർ.വി.പി മാത്യു ജോഷ്വയെയും ഫൊക്കാനാ മെട്രോ റീജിയൺ ആർ. വി. പി ലാജി തോമസിനെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. രണ്ട് പേരും നൈമയുടെ അംഗങ്ങളും ഈ സംഘടനയിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടവരുമാണ് എന്നതാണ് പ്രത്യേകത.

ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകുന്ന നൈമ ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായി റാഫിൾ നറുക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനമായ 1,000 ഡോളർ മാർക്ക് വില്യംസും, രണ്ടാം സമ്മാനമായ 500 ഡോളർ നീതു മൂലയിലും മൂന്നാം സമ്മാനമായ 250 ഡോളർ സിബി ജേക്കബും കരസ്ഥമാക്കി. മൂന്നാം സമ്മാനാർഹയായ സിബി ജേക്കബ് സമ്മാനത്തുക സംഘടനയുടെ ചാരിറ്റി പ്രവർത്തനത്തിലേക്ക് സംഭാവന ചെയ്തു. ചാരിറ്റി റാഫിൾ സമ്മാന തുകകൾ രാജ് ആട്ടോ സെൻറ്ററും ബിഗ് ആപ്പിൾ കാർ വാഷും സ്പോൺസർ ചെയ്തു. ഫാമിലി ഡിന്നർ നൈറ്റിലേക്ക് രാജ് ആട്ടോ സെന്റർ, ഇൻഡക്സ് വെൽത്ത് സൊല്യൂഷൻസ്, കറി ഡേയ്‌സ് റെസ്റ്റോറന്റ എന്നീ ബിസിനെസ്സ് സ്ഥാപനങ്ങൾ സ്പോൺസർമാരായിരുന്നു.

പ്രേം കൃഷ്ണൻ, തോമസ് പയ്ക്കാട്ട്, സാം തോമസ് എന്നിവർ കുടുംബ സംഗമത്തിൻറെ കോർഡിനേറ്റർമാരായി പ്രവർത്തിച്ചു. പാർവതി സുരേഷും ലിഷാ തോമസും മാസ്റ്റർ ഓഫ് സെറിമണിമാരായി യോഗം നിയ്രന്തിച്ചു. അസ്സോസ്സിയേഷനിലെ അംഗങ്ങളും കുടുംബാംഗങ്ങളുമായവർ അവതരിപ്പിച്ച നൃത്ത പരിപാടികളും സംഗീത പരിപാടികളും അതി മനോഹരമായി എല്ലാവരും ആസ്വദിച്ചു.

Print Friendly, PDF & Email

Leave a Comment

More News