കോഴിക്കോട്: കേരളത്തിൽ ഇസ്‍ലാമോഫോബിയ വളർത്താൻ സി.പി.എം സംഘ്പരിവാർ ശക്തികളോട് മത്സരിക്കുന്ന സന്ദർഭത്തിൽ കൂടുതൽ ജാഗ്രത അനിവാര്യമാണെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് കൊടുവള്ളിയിൽ സംഘടിപ്പിച്ച സെലക്റ്റഡ് മെമ്പേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മെക് 7 നുമായി ബന്ധപ്പെട്ട വിവാദം ശ്രദ്ധിച്ചാൽ ഇതിന്റെ ആഴം വ്യക്തമാവും. മുസ്‍ലിം കർതൃത്വത്തിൽ രൂപപ്പെടുന്ന എല്ലാത്തിനെയും എളുപ്പം ഭീകര മുദ്ര ചാർത്താൻ കഴിയുന്ന അന്തരീക്ഷം കേരളത്തിൽ രൂപപ്പെട്ടുകഴിഞ്ഞു. ഇതിന്റെ വിളവെടുപ്പ് നടത്തുന്നത് സംഘ്പരിവാർ ശക്തികളായിരിക്കുമെന്നും ഇടതുപക്ഷം കുറ്റകരമായ റോൾ ഇതിൽ നിർവഹിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ഇടതുപക്ഷത്തിന്റെ തകർച്ചയിലാണ് കലാശിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. മുസ്‍ലിം സമുദായത്തെ ഭീകരവത്ക്കരിക്കുകയും അവരുടെ ഇടപെടലുകളെ പൈശാചികവത്ക്കരിക്കുകയും ചെയ്യുന്നവരെയും അതിന് സഹായകരമാകുന്ന രീതിയിൽ അനാവശ്യമായ പ്രചാരണങ്ങൾ നടത്തുന്നവരെയും തിരിച്ചറിഞ്ഞ് ശക്തമായ പ്രതികരണങ്ങളും ഇടപെടലുകളുമുണ്ടാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ വിവിധ സെഷനുകളിലായി എൻ.എം. അബ്ദുർഹ്മാൻ, ശിഹാബ് പൂക്കോട്ടൂർ, സമീർ കാളികാവ്, വാഹിദ് ചുള്ളിപ്പാറ, ശിയാസ് പെരുമാതുറ, ജസീം പി.പി, തൗഫീഖ് മമ്പാട്, ശബീർ കൊടുവള്ളി, ജുമൈൽ പി.പി, നിഷാദ് കുന്നക്കാവ്, അൻവർ സലാഹുദ്ദീൻ, ടി.പി. സാലിഹ്, ബിനാസ് ടി.എ, ഷാഹിൻ സി.എസ്, ടി. ഇസ്മാഈൽ, അനീസ് ആദം എന്നിവർ സംസാരിച്ചു.