ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തുമെന്ന് ഡോണാള്‍ഡ് ട്രം‌പ്

ഫ്ലോറിഡ: നിയുക്ത യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നതിന് മുമ്പ് ഇന്ത്യയ്ക്കെതിരെ ഭീഷണി ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് മേൽ പരസ്പര നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ നികുതി ചുമത്തുന്ന അതേ നികുതിയാണ് അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും ചുമത്തുകയെന്ന് അദ്ദേഹം പറഞ്ഞു.

മാർ-എ-ലാഗോയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അവർ (ഇന്ത്യ) ഞങ്ങള്‍ക്ക് നികുതി ചുമത്തിയാൽ ഞങ്ങൾ അവർക്കും തുല്യ നികുതി ചുമത്തുമെന്ന് അദ്ദേഹം പറഞ്ഞു. “അവർ ഞങ്ങൾക്ക് നികുതി ചുമത്തുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും, അവർ ഞങ്ങള്‍ക്ക് നികുതി ചുമത്തുന്നു, എന്നാല്‍ ഞങ്ങൾ അവർക്ക് നികുതി ചുമത്തുന്നില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, കാനഡയ്ക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു, യുഎസിലേക്കുള്ള മയക്കുമരുന്നുകളുടെയും അനധികൃത കുടിയേറ്റക്കാരുടെയും ഒഴുക്ക് തടയുന്നതിൽ പരാജയപ്പെട്ടാൽ തൻ്റെ ഭരണത്തിൻ്റെ ആദ്യ ദിവസം മുതൽ 25% താരിഫ് ചുമത്തുമെന്നാണ് കാനഡയ്ക്ക് അദ്ദേഹം നല്‍കിയ മുന്നറിയിപ്പ്.

ഹാർലി ഡേവിഡ്‌സൺ ബൈക്കുകളുടെ ഇറക്കുമതി നികുതിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി ഡെട്രോയിറ്റ് ഇക്കണോമിക് ക്ലബ് അംഗങ്ങളോട് സംസാരിച്ച ട്രംപ്, താരിഫുകളുടെ “ഏറ്റവും വലിയ ചാർജർ” ഇന്ത്യയാണെന്ന് ആരോപിച്ചു. നേരത്തെ, ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ താരിഫ് വർദ്ധിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ, ട്രംപിൻ്റെ സ്ഥാനാരോഹണത്തിൻ്റെ തലേന്ന് സോഷ്യൽ മീഡിയ ആപ്പ് വിൽക്കാൻ യുഎസ് സർക്കാർ ടിക് ടോക്കിൻ്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ് ഡാൻസ് നിർബന്ധിക്കുമെന്നും പറഞ്ഞു.

ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായും ഉക്രേനിയൻ പ്രസിഡൻ്റ് വോളോദിമർ സെലൻസ്‌കിയുമായും സംസാരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഫ്ലോറിഡയിലെ പാം ബീച്ചിലെ റിസോർട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ, ജനുവരി 20-നകം 100 ഇസ്രായേലികളെയും മറ്റ് രാജ്യങ്ങളിൽ നിന്ന് ബന്ദികളാക്കിയവരെയും മോചിപ്പിക്കണമെന്ന് ട്രംപ് ഒരിക്കൽ കൂടി ഹമാസിനോട് ആവശ്യപ്പെട്ടു.

 

Print Friendly, PDF & Email

Leave a Comment

More News