ക്യാൻസറിനെതിരെ എംആർഎൻഎ വാക്സിൻ 2025-ഓടെ സൗജന്യമായി ലഭ്യമാകുമെന്നും, ട്യൂമറുകളുടെ വളർച്ചയും വ്യാപനവും തടയാൻ ഇത് സഹായിക്കുമെന്നും റഷ്യ അവകാശപ്പെടുന്നു. റഷ്യൻ പ്രസിഡൻ്റും ശാസ്ത്രജ്ഞരും ഇതൊരു വലിയ ചുവടുവയ്പെന്നാണ് വിശേഷിപ്പിക്കുന്നത്.
അർബുദം പോലുള്ള മാരക രോഗത്തിനെതിരായ പോരാട്ടത്തിൽ റഷ്യ വിജയം കൈവരിച്ചതായി അവകാശപ്പെട്ടു. രാജ്യം അതിൻ്റെ ആദ്യത്തെ mRNA വാക്സിൻ വികസിപ്പിച്ചെടുത്തെന്നും, അത് 2025-ഓടെ പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കുമെന്നും റഷ്യൻ സർക്കാർ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഈ വാക്സിൻ കാൻസർ ട്യൂമറുകളുടെ വളർച്ച തടയുന്നതിനും അതിൻ്റെ മെറ്റാസ്റ്റാസിസ് (ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നത്) നിയന്ത്രിക്കുന്നതിനും ഫലപ്രദമാണെന്ന് പറയപ്പെടുന്നു.
ഗമാലേയ നാഷണൽ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി റിസർച്ച് സെൻ്ററാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ട്യൂമറുകളുടെ വളർച്ച തടയുന്നതിൽ ഈ വാക്സിൻ ഫലപ്രദമാണെന്ന് പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞതായി ഡയറക്ടർ അലക്സാണ്ടർ ജിൻ്റ്സ്ബർഗ് പറഞ്ഞു. എന്നിരുന്നാലും, ഈ വാക്സിൻ പ്രത്യേകമായി ലക്ഷ്യമിടുന്നത് ഏത് തരത്തിലുള്ള ക്യാൻസറാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഈ വർഷം ആദ്യം ക്യാൻസർ വാക്സിനുമായി അടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഞങ്ങൾ ഒരു പുതിയ തലമുറ ഇമ്മ്യൂണോമോഡുലേറ്ററി മരുന്നുകളും കാൻസർ വാക്സിനുകളും നിർമ്മിക്കാൻ ശ്രമിക്കുകയാണ്. ഇത് വ്യക്തിഗതമാക്കിയ മരുന്നായി ഉടൻ ലഭ്യമാകുമെന്ന് ഫെബ്രുവരിയിൽ ഒരു ടെലിവിഷൻ പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞിരുന്നു.
ഈ വാക്‌സിൻ സൗജന്യമായി രോഗികൾക്ക് വിതരണം ചെയ്യുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെൻ്റർ ഡയറക്ടർ ജനറൽ ആൻഡ്രി കാപ്രിൻ ഒരു റേഡിയോ സ്റ്റേഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
റഷ്യയെ കൂടാതെ, മറ്റ് പല രാജ്യങ്ങളും ഫാർമസ്യൂട്ടിക്കൽ കമ്പനികളും കാൻസർ വാക്സിനുകൾ വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ബ്രിട്ടൻ ബയോഎൻടെക്കുമായി സഹകരിച്ച് വാക്സിന്‍ ഉല്പാദനം ആരംഭിച്ചിരുന്നു.. 2030-ഓടെ 10,000 രോഗികൾക്ക് വ്യക്തിഗത ക്യാൻസർ ചികിത്സ നൽകുക എന്നതാണ് അവരുടെ ലക്ഷ്യം. ഫാർമ കമ്പനികളായ മോഡേണയും മെർക്കും ഒരു പരീക്ഷണാത്മക കാൻസർ വാക്സിനുമായി പ്രവർത്തിക്കുന്നുണ്ട്. മൂന്ന് വർഷത്തെ ചികിത്സയ്ക്ക് ശേഷം മെലനോമ (ഏറ്റവും മാരകമായ ചർമ്മ അർബുദം) ആവർത്തിക്കുന്നതിനോ മരിക്കുന്നതിനോ ഉള്ള സാധ്യത ഏകദേശം 50% കുറഞ്ഞതായി അവരുടെ മധ്യ-ഘട്ട പഠനം കണ്ടെത്തി.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, നിലവിൽ എച്ച്പിവിക്കെതിരെ ലൈസൻസുള്ള ആറ് വാക്സിനുകൾ ഉണ്ട്. സെർവിക്കൽ ക്യാൻസറിനും മറ്റ് പലതരം ക്യാൻസറുകൾക്കുമെതിരെ ഇവ ഫലപ്രദമാണ്. റഷ്യയുടെ ഈ നടപടി കാൻസർ ചികിത്സയിൽ പുതിയ വിപ്ലവം കൊണ്ടുവരും. ഈ വാക്സിൻ വിജയിച്ചാൽ, റഷ്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള രോഗികൾക്ക് ഇത് വലിയ ആശ്വാസമായി മാറും. അത്തരമൊരു സാഹചര്യത്തിൽ, ക്യാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയിൽ 2025 പ്രതീക്ഷയുടെ പുതിയ കിരണങ്ങൾ കൊണ്ടുവന്നേക്കാം.