ക്ലാസ്സ് മുറിയില്‍ വെച്ച് ഏഴാം ക്ലാസ്സുകാരിക്ക് പാമ്പു കടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റു. ചെങ്കല്‍ ജയൻ നിവാസിൽ ഷിബുവിൻ്റെയും ബീനയുടെയും മകൾ നേഹ (12)യ്ക്കാണ് പാമ്പ് കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്കാണ് ക്ലാസ് മുറിയില്‍ വെച്ച് സംഭവം നടന്നത്.

സ്‌കൂൾ പരീക്ഷകൾ എല്ലാം കഴിഞ്ഞ് ഇന്നലെ ക്രിസ്മസ് അവധിക്ക് സ്‌കൂളുകൾ അടച്ച സമയത്ത് പല സ്കൂളുകളും ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരുന്നു.

നെയ്യാറ്റിന്‍കര ചെങ്കല്‍ യുപി സ്‌കൂളിനും ഇന്നലെയായിരുന്നു ആഘോഷം. കുട്ടികളെല്ലാം ആഘോഷത്തിന്റെ ഭാഗമായുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്.

കുട്ടിയുടെ വലതു കാല്‍പാദാത്തിലാണ് കടിയേറ്റത്. ഉടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. മറ്റ് കുട്ടികളെ പാമ്പ് ആക്രമിച്ചില്ല. പാമ്പിനെ സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തി തല്ലിക്കൊന്നു.

നേഹയെ സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ കുട്ടി ഒബ്‌സര്‍വേഷനിലാണ്. നേഹയ്ക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News