ചൈന-പാക്കിസ്താന്‍ വെല്ലുവിളികൾക്കിടയിൽ കേന്ദ്രം വ്യോമസേനയെ ശക്തിപ്പെടുത്തുന്നു

ന്യൂഡല്‍ഹി: ചൈനയുടെയും പാക്കിസ്ഥാൻ്റെയും വർധിച്ചുവരുന്ന വ്യോമ ശക്തിയും ഇന്ത്യൻ വ്യോമസേനയ്ക്ക് മുന്നിൽ യുദ്ധവിമാനങ്ങളുടെ ദൗർലഭ്യവും രൂക്ഷമായ സാഹചര്യത്തിൽ വ്യോമസേനയുടെ ശേഷി വർധിപ്പിക്കാൻ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു.

തദ്ദേശീയ രൂപകല്പന, വികസനം, ഏറ്റെടുക്കൽ പദ്ധതികൾ എന്നിവയിലൂടെ വ്യോമസേനയുടെ മൊത്തത്തിലുള്ള ശേഷി വികസനം നിരീക്ഷിക്കുന്നതിനാണ് പ്രതിരോധ മന്ത്രാലയം ഈ തീരുമാനമെടുത്തത്. കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന എയർഫോഴ്‌സ് കമാൻഡർമാരുടെ കോൺഫറൻസിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനോട് ഇന്ത്യൻ വ്യോമസേന വിശദമായ അവതരണങ്ങൾ നടത്തിയതിനെ തുടർന്നാണ് സമിതി രൂപീകരിച്ചതെന്ന് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.

സെക്രട്ടറി (ഡിഫൻസ് പ്രൊഡക്ഷൻ) സഞ്ജീവ് കുമാർ, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ മേധാവി ഡോ. സമീർ വി കാമത്ത്, വ്യോമസേനാ ഉപമേധാവി എയർ മാർഷൽ ടി സിംഗ് എന്നിവരും സമിതിയിൽ ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

കരസേനയുടെ ആവശ്യങ്ങളെ കുറിച്ച് വിശദമായി വിലയിരുത്തി അടുത്ത മൂന്ന് മാസത്തിനകം സമിതി റിപ്പോർട്ട് പ്രതിരോധ മന്ത്രിക്ക് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈന ഉയർത്തുന്ന ഭീഷണി നേരിടാൻ വൻതോതിൽ റഫാൽ വിമാനങ്ങൾ വേണമെന്ന് സൈന്യം ആവശ്യപ്പെടുമ്പോൾ 4.5 തലമുറ യുദ്ധവിമാനങ്ങളിൽ 36 റഫാൽ വിമാനങ്ങൾ മാത്രമേ ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ളുവെന്നത് ശ്രദ്ധേയമാണ്.

ബംഗ്ലാദേശ്, പാക്കിസ്താന്‍ എന്നിവയുടെ വ്യോമസേനയ്ക്കും ചൈന ഇപ്പോൾ ആയുധങ്ങളും ഉപകരണങ്ങളും നൽകുന്നത് ഇന്ത്യയ്ക്ക് ഗുണകരമല്ല. 110-ലധികം 4.5 പ്ലസ് തലമുറ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള ഇന്ത്യൻ വ്യോമസേനയുടെ പദ്ധതി കുറച്ചുകാലമായി സർക്കാരിൻ്റെ പരിഗണനയിലാണ്. തദ്ദേശീയമായ മാർഗങ്ങളിലൂടെ ആവശ്യം നിറവേറ്റാനുള്ള മാർഗം സമിതി നിർദേശിച്ചേക്കാം.

Print Friendly, PDF & Email

Leave a Comment

More News