കോഴിക്കോട്: ഇന്നലെ അന്തരിച്ച സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും. വൈകിട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ നടത്താനാണ് തീരുമാനം.
ജീവിതത്തിൽ താൻ പിന്തുടരുന്ന ശൈലികളും സ്വഭാവങ്ങളും മരണശേഷവും തുടരണമെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു എം.ടി. അതുകൊണ്ട് തന്നെ മരണശേഷം പൊതുദര്‍ശനമോ വിലാപയാത്രയോ ഒന്നും പാടില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതായി കുടുംബം പറഞ്ഞു.
അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. ഇന്ന് വൈകിട്ട് നാല് മണി വരെ കോഴിക്കോട്ടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേര്‍ എത്തിയിട്ടുണ്ട്.
ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിനിടെ ഹൃദയാഘാതം സംഭവിച്ചതോടെ ആരോഗ്യനില വഷളായി. എന്നാല്‍ യന്ത്ര സഹായമില്ലാതെ ശ്വസിക്കാനാവുന്ന നിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ കിഡ്‌നിയുടെയും ഹൃദയത്തിന്റെയും നില ഇന്നലെ വഷളായി. ഇതോടെ ആരോഗ്യനില കൂടുതല്‍ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.