എം ടി – ഒരു പിറന്നാളിന്റെ ഓർമ്മയ്ക്ക് : ജോർജ് തുമ്പയിൽ

രണ്ടായിരത്തി മൂന്നിലാണത്. ‘മലയാളം പത്ര’ത്തിന്റെ കറസ്‌പോണ്ടന്റ് ആയി വളരെ തിരക്കുള്ള നാളുകളായിരുന്നു അത്. എം ടി ക്ക് അന്ന് 70 വയസായിരിക്കുന്നു. ആയിരം പൂർണ ചന്ദ്രനിലേക്കുള്ള ദൂരം കാണെക്കാണെ കൈയെത്തും ദൂരത്ത് . പിൻവിളി കേൾക്കാത്ത കാലം എം ടിക്ക് ഇതിഹാസത്തിന്റെ കൈയൊപ്പ് ചാർത്തിയ കാലം. മലയാണ്മയുടെ മഹായാനം പോലെ എം ടിയുടെ ഹൃദയം കണ്ടറിഞ്ഞ ഒരുപിടി എഴുത്തുകാരുടെ ആവിഷ്കാരമായി ഒരു സപ്തതി സമ്മാനം. ലിപി ബുക്സിന്റെ ബാനറിൽ ബുക് മാർക്ക് തിരുവനന്തപുരത്തിന്റേതായി പുറത്തുവന്ന പുസ്തകം. അജീഷ് ചന്ദ്രൻ (കോട്ടയം) വേണ്ട സംവിധാന സഹായങ്ങൾ ചെയ്തുതന്നു. എം ടി യെ തൊട്ടറിഞ്ഞ്, കൂടെ നിന്ന് കഥ പറഞ്ഞും കേട്ടും രൂപപ്പെടുത്തിയ കാലം മായ്ക്കാത്ത ഓർമകളുടെ അക്ഷരച്ചെപ്പ് . ഘടികാരത്തിന്റെ സ്നിഗ്ധ മർമരം പോലെ അക്ഷരങ്ങളാൽ കെട്ടിപ്പൊക്കിയ ഒരു ജീവിതത്തിന്റെ സമ്പൂർണമായ ആവിഷ്കാരമായി അന്നത് തളരിത ഹൃദയങ്ങളിൽ കുളിർമ പകർന്നു.

എം കൃഷ്ണൻ നായർ, പുനത്തിൽ കുഞ്ഞബ്ദുള്ള, കെ പി രാമനുണ്ണി, ചന്ദ്രമതി, എം എൻ കാരശ്ശേരി, പോൾ മണലിൽ, എൻ പി ഹാഫിസ് മുഹമ്മദ്, പ്രിയ എ എസ്, സുഭാഷ് ചന്ദ്രൻ, ഇ സന്തോഷ് കുമാർ, കെ ടോണി ജോസ് ,വി എച്ച് നിഷാദ് തുടങ്ങിയവർ മലയാള സാഹിത്യ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലായി ഓരോ അധ്യായങ്ങൾ എഴുതി തന്നു.

രണ്ടായിരത്തി മൂന്നിൽ തന്നെയാണെന്ന് തോന്നുന്നു. അന്ന് എം ടി കേരള സെന്ററിൽ എത്തി. അവിടെ വെച്ചാണ് എം ടിയെ ആദ്യമായും അവസാനമായും കണ്ടത്. ഈ എം സ്റ്റീഫനുമായുള പരിചയത്തിന്റെ പുറത്ത് പുസ്തകം എം ടി ക്ക് സമർപ്പിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് പുസ്തകം എം ടി യെക്കൊണ്ട് തന്നെ പ്രസാധനം നിർവഹിച്ചത്. എന്നെപ്പോലൊരു വ്യക്തിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് ഇതെന്ന് അന്നേ തോന്നിയിരുന്നു.

കേരള സെന്ററിൽ വച്ച് കണ്ടപ്പോൾ അദ്ദേഹം ചിരിച്ചതേയില്ല, പുസ്തകം മറിച്ചു നോക്കിക്കൊണ്ടേയിരുന്നു. പലതവണ പുസ്തകത്തിലൂടെ അദ്ദേഹം കണ്ണോടിക്കുന്നതു കണ്ടു. ഞാൻ പുസ്തകം പരിചയപ്പെടുത്തിയപ്പോൾ എം ടി നിർന്നിമേഷനായി നോക്കിയിരുന്നു.

ഈ മംഗള മുഹൂർത്തത്തിൽ മനോഹർ തോമസും കൂടെ മറ്റ് പലരും അന്നവിടെ ഉണ്ടായിരുന്നു എന്ന കാര്യവും വിസ്മരിക്കുന്നില്ല.

പുസ്തകത്തിന് അവതാരിക എഴുതിയത് ബാബു കുഴിമറ്റമായിരുന്നു- ‘ഇത് മലയാളത്തിന്റെ മാണിക്യത്തിനുള്ള പൂജാമലരുകൾ’

“മാണിക്യക്കല്ല് എന്റെ മനസിന്റെ ആഴങ്ങളിലേക്ക് വന്നുവീഴുമ്പോൾ ഞാൻ അഞ്ചിലോ ആറിലോ പഠിക്കുകയാണ്. വീണ്ടും വർഷങ്ങൾക്ക് ശേഷമാണ് എം ടിയെ കണ്ടറിഞ്ഞും കേട്ടറിഞ്ഞും തുടങ്ങിയത്.”

‘ആദ്യ കാലത്തെല്ലാം മലയാള കഥയിൽ പ്രകാശം പരത്തിയ പല കഥാകൃത്തുക്കളും പിൽക്കാലത്ത് മനസ് ചീഞ്ഞ് അന്ധകാരം പരത്തുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. അവരെല്ലാം ബിൻ ലാദന്മാരായി മാറിക്കൊണ്ടിരിക്കുമ്പോഴും എം ടി ഇന്ന് ഈ എഴുപതാം വയസിലും തിരുവത്താഴച്ചിത്രത്തിന് മോഡലായ ആ നിഷ്കളങ്ക ശൈശവത്തിൽ തന്നെയാണ്. അനുഭവങ്ങളുടെ മുൾക്കിരീടങ്ങളും ചാട്ടവാറുകളും ഇപ്പോഴും അദ്ദേഹത്തെ നിഴൽ പോലെ പിന്തുടരുന്നു. അദ്ദേഹമാകട്ടെ അക്കല്ദാമകളിൽ പൂക്കൾ വിരിയിച്ചുകൊണ്ടേയിരിക്കുന്നു’.

‘പ്രാമാണികരായ എഴുത്തുകാരും പ്രാമാണിക രചനകളും നമുക്ക് ധാരാളമായിട്ടുണ്ട്. എന്നാൽ മഹത്തായ രചനകളും മഹാന്മാരായ എഴുത്തുകാരും നമുക്ക് അത്യപൂർവമാണ്. ആ അപൂർവതകളിലൊന്നാണ് സാക്ഷാൽ എം ടി വാസുദേവൻ നായർ. അഥവാ എന്നെ പോലുള്ള പലരുടെയും പ്രിയപ്പെട്ട വാസുവേട്ടൻ’.
(അവതാരികയിൽ നിന്ന്) .

‘നയാഗ്രയിലെ ജന്മദിനാഘോഷം അതിഗംഭീരമായിരുന്നു. വെള്ളച്ചാട്ടത്തിനു തൊട്ടടുത്തുള്ള പാറക്കെട്ടില്‍ ‘പിറന്നാള്‍ പയ്യന്‍’ നമ്രശിരസ്‌കനായി ഇരുന്നു. ചുറ്റും ഒ.എന്‍.വി, സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, സഹയാത്രികരായി എത്തിയ ഞങ്ങള്‍ കുറച്ചുപേരും.

മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് പെട്ടെന്നുതിര്‍ന്ന മരതകപാളി പോലെ താഴേക്ക് വീഴുന്ന ജലപാളികള്‍, പനിനീര്‍ കുപ്പിയില്‍ നിന്നും കുടഞ്ഞ ജലകണികകള്‍ സുഗന്ധ ദ്രവ്യം പോലെ ഞങ്ങള്‍ ഏവരും ഏറ്റുവാങ്ങി. പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും പറിച്ചെടുത്ത മനോഹരങ്ങളായ വഴിയോര പൂക്കള്‍ കൊണ്ട് എംടിക്ക് പുഷ്പാഭിഷേകം. മൂന്ന് കവികള്‍ നിരന്നു നിന്ന് അര്‍പ്പിച്ച കാവ്യാഞ്ജലി-

ഡോ. എസ് . വേണുഗോപാൽ, ഡോ. എം.വി.പിള്ള, ഡോ. എം. ബാലചന്ദ്രൻ നായർ എന്നിവർ എം.ടിക്കൊപ്പം” (ഒരു ജന്മ ദിന ഓര്‍മ്മ : ഡോ. എം.വി. പിള്ള)

(ക്രിസ്തുമസ് നക്ഷത്രങ്ങൾ വന്നു കൂട്ടി കൊണ്ടു പോകുകയാണല്ലേ? അല്പം കൂടി കാത്തുനിന്നിരുന്നെങ്കിൽ മലയാളം മുഴുവൻ കൂടെ വന്നേനേം 💐)

വായിച്ചു തുടങ്ങിയ കാലം മുതൽ എം ടി എന്നിൽ കത്തിപ്പടർന്നു നിന്നത്, മനുഷ്യന്റെ അന്തഃസംഘർഷങ്ങളെ ഇത്ര തീവ്രമായി എങ്ങനെ അക്ഷരങ്ങളിലൂടെ അവതരിപ്പിക്കാനാവുന്നു എന്ന് അതിശയിപ്പിച്ചുകൊണ്ടാണ്. ‘കാല’ത്തിലെ സേതുവിൽ നിന്ന് ‘വാരാണസി’യിലെ സുധാകരനോടൊപ്പം വരെ നടന്നുനീങ്ങിയിട്ടുള്ളവർക്ക് എം ടി ഇപ്പോഴും ഒരു അദ്‌ഭുതമാണ്. ‘ഷെർലക്കും’ ‘രണ്ടാമൂഴ’വും എഴുതിയത് ഈ എം ടി തന്നെയോ എന്ന് അദ്‌ഭുതപ്പെടുത്തുന്ന രചനയുടെ വ്യത്യസ്തത. വായനയുടെ രതിമൂർച്ഛ ഒന്നിലധികം തവണ അനുഭവിപ്പിക്കാനും അത്ഭുതപ്പെടുത്താനുമുള്ള പ്രതിഭയുടെ ഈ കഴിവ് എം ടി ക്ക് മാത്രം സ്വന്തമെന്ന് സംശയമില്ലാതെ പറയാം. ജ്‌ഞാനപീഠ പുരസ്‌കാരം ഏറ്റുവാങ്ങിയ എം ടിയൻ സാഹിത്യം ഒരു വായനക്കാരനെ ഇന്നും എത്രമേൽ ഉന്മത്തനാക്കുന്നുവെന്നത് നാട് ഒരു ഗൃഹാതുരത മാത്രമായി നിലകൊള്ളുന്നുവെന്ന സത്യം ബോധ്യമാവുമ്പോഴാണ്. അതെ , കേരളീയ വായനക്കാരെക്കാളും എം ടി കൃതികൾ മാറോടു ചേർത്ത് കിടന്നുറങ്ങുന്നത് പ്രവാസിമലയാളി തന്നെയാവും. കാരണം നിള നഷ്ടപ്പെട്ട അവന്റെ വേദന ഇത്ര ചാരുതയോടെ അവന്റെ തന്നെ ഹൃദയനൊമ്പരമായി പകർത്താൻ വേറെയാർക്കാണ് കഴിഞ്ഞിട്ടുള്ളത്?

രചനയുടെ പൂർണതയിൽ കർക്കശമായ താത്പര്യമുള്ള അമേരിക്കൻ എഴുത്തുകാരൻ ജെ ഡി സാലിഞ്ചറും കാഴ്സൺ മെക്കേഴ്സ് എന്ന വിദേശ എഴുത്തുകാരിയും തന്റെ എഴുത്തിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്ന് എം ടി പറഞ്ഞിട്ടുണ്ട്. ഇവരിലുമെത്രയോ ഉയരത്തിലാണ് ജനപ്രീതിയുടെ കാര്യത്തിൽ എം ടിയുടെ സ്ഥാനം. സാഹിത്യത്തിൽ എത്രയോ പ്രസ്ഥാനങ്ങളുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് മലയാള സാഹിത്യത്തിൽ. ഇവയിലൊന്നും കുടുങ്ങാതെ ഒറ്റയ്ക്ക് നടുക്കടലിലൂടെ വഞ്ചി തുഴഞ്ഞെത്തി തന്റെ വിശുദ്ധി പ്രകടമാക്കിയവനാണ് വാസു. അതുകൊണ്ടുതന്നെ എം ടി വാസുദേവൻ നായരുടെ കൃതികൾ കാലത്തേ അതിജീവിക്കുമെന്ന കാര്യം നിസ്തർക്കമാണ്.

ജീവിത സായന്തനത്തിലെങ്കിലും എഴുതാൻ ഇനിയുമേറെ ബാക്കിവച്ച എഴുത്തിലെ ആ മഹാരഥനെ 2024 ന്റെ അവസാന ദിനങ്ങളിൽ ക്രിസ്‌തുമസ് നക്ഷത്രങ്ങൾ വന്നു കൂട്ടി കൊണ്ടു പോകുന്നതോർത്ത് കണ്ണീർപൊഴിക്കുകയാണ് സാംസ്‌കാരിക കേരളം.

ലോക സാഹിത്യത്തിൽ മലയാളത്തിന്റെ മേൽ വിലാസമായിരുന്നു എം.ടി വാസുദേവൻ നായർ എന്ന പേര് . എം ടി യുടെ വിയോഗത്തോടെ മലയാള കഥയിലെ ആ കാലം പൊലിയുന്നു. എന്നിരുന്നാലും കാലം കാത്തു വെച്ച മലയാളത്തിലെ കരുത്തുറ്റ രചനകളുടെ ശില്പി ഈ മണ്ണിൽ ശേഷിപ്പിച്ചുപോകുന്ന അക്ഷര പ്രപഞ്ചത്തിന് കാലം സാക്ഷി, പ്രിയ മലയാളം സാക്ഷി. അമേരിക്കൻ മണ്ണിൽ നിന്നും ഏറെ സ്നേഹത്തോടെയും വിനയത്തോടെയും ഈ ആരാധകനും ഈ ഗുരുശ്രേഷ്ഠന്റെ എഴുത്തുവഴികളിൽ സ്നേഹത്തോടെ ആദരമർപ്പിക്കുന്നു.

എം ടി വാസുദേവൻ നായർ

പൊന്നാനി താലൂക്കില്‍ കൂടല്ലൂരില്‍ 1933 ജൂലായ്‌ 15 ന് ജനനം. മുഴുവന്‍ പേര്: മാടത്ത്‌തെക്കെപാട്ട് വാസുദേവന്‍ നായര്‍ . അച്ഛന്‍: ടി. നാരായണന്‍ നായര്‍ , അമ്മ: അമ്മാളുഅമ്മ. കുമരനെല്ലൂര്‍ ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട്‌ വിക്ടോറിയ കോളേജില്‍ നിന്ന് 1953 ല്‍ ബിഎസ്‌സി(കെമിസ്ട്രി) ബിരുദം. അദ്ധ്യാപകന്‍, പത്രാധിപര്‍ , കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സിനിമാ സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായി. മുറപ്പെണ്ണ് എന്ന സിനിമക്ക്‌ ആദ്യ തിരക്കഥ എഴുതി. നിര്‍മാല്യം, കടവ്‌, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചലച്ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡും, ഓളവും തീരവും, ബന്ധനം, ഓപ്പോള്‍ , ആരൂഡം,വളര്‍ത്തുമൃഗങ്ങള്‍ , അനുബന്ധം, തൃഷ്ണ, ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച, അമൃതംഗമയ: , പെരുന്തച്ചന്‍, സുകൃതം, ഒരു ചെറുപുഞ്ചിരി, തീര്‍ഥാടനം എന്നിവയ്ക്ക് സംസ്ഥാന ബഹുമതികളും ലഭിച്ചു. തിരക്കഥയെഴുതി സംവിധാനം ചെയ്ത കടവ്‌, സിംഗപ്പൂര്‍ , ജപ്പാന്‍ എന്നിവിടങ്ങളില്‍ നടന്ന ചലച്ചിത്രോത്സവങ്ങളില്‍ അവാര്‍ഡുകള്‍ നേടി. മലയാള സിനിമക്ക്‌ നല്‍കിയ സംഭാവനകള്‍ക്ക് പ്രേംനസീര്‍ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്. രണ്ടാമൂഴം വയലാര്‍ അവാര്‍ഡും, മുട്ടത്തുവര്‍ക്കി ഫൌണ്ടേഷന്‍ അവാര്‍ഡും നേടി. നാലുകെട്ട്, സ്വര്‍ഗം തുറക്കുന്ന സമയം, ഗോപുരനടയില്‍ എന്നീ കൃതികള്‍ക്ക് കേരള അക്കാദമി അവാര്‍ഡും കാലം എന്ന നോവലിന് കേന്ദ്ര അക്കാദമി അവാര്‍ഡും ‘വാനപ്രസ്ഥ’ത്തിന് ഓടക്കുഴൽ അവാർഡും ലഭിച്ചിട്ടുണ്ട്. 1995 ല്‍ ജ്ഞാനപീഠ പുരസ്കാരത്തിനര്‍ഹനായി. 1996 ജൂൺ 22 ന് കാലിക്കറ്റ് സർവകലാശാല ഓണററി ഡി-ലിറ്റ്‌ ബിരുദം നല്‍കി ആദരിച്ചു. 2005 ലെ പത്മഭൂഷണ്‍ ലഭിച്ചു. 2005ല്‍ കേരള അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2011ല്‍ കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരത്തിനും അദ്ദേഹം അര്‍ഹനായി.

മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് 2014 കേരള സർക്കാർ ജെ സി ദാനിയേൽ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു.

പ്രധാന കൃതികള്‍ :

മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, അറബിപ്പൊന്ന്, രണ്ടാമൂഴം, വാരാണസി(നോവലുകള്‍ ) ; ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വര്‍ഗ്ഗം തുറക്കുന്ന സമയം, നിന്റെ ഓര്‍മ്മക്ക്, വാനപ്രസ്ഥം, എം ടി യുടെ തിരഞ്ഞെടുത്ത കഥകള്‍, ഡാര്‍ എസ് സലാം, രക്തം പുരണ്ട മണല്‍തരികള്‍ , വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കള്‍, ഷെര്‍ലക്ക്‌(കഥകള്‍ ) ഗോപുരനടയില്‍ (നാടകം) കാഥികന്റെ കല, കാഥികന്റെപണിപ്പുര, ഹെമിംഗ് വേ ഒരു മുഖവുര, കണ്ണാന്തളി പൂക്കളുടെ കാലം(പ്രബന്ധങ്ങള്‍ ) ആള്‍കൂട്ടത്തില്‍ തനിയെ(യാത്രാവിവരണം).

എംടിയുടെ തിരക്കഥകള്‍ – പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, വൈശാലി, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീര ഗാഥ, നഗരമേ നന്ദി, നിഴലാട്ടം, ഒരു ചെറു പുഞ്ചിരി, നീലത്താമര, പഴശ്ശിരാജ(തിരക്കഥകള്‍) സ്നേഹാദരങ്ങളോടെ, അമ്മക്ക്(ഓര്‍മ്മകള്‍). ഇംഗ്ളീഷിലേക്കും ഇതര ഭാഷകളിലേക്കും കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്

Print Friendly, PDF & Email

Leave a Comment

More News