കോഴിക്കോട്: മതേതര മൂല്യങ്ങൾക്ക് കരുത്തുപകർന്ന ഭരണാധിപനായിരുന്നു ഡോ. മൻമോഹൻ സിങ് എന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഒന്നിലധികം തവണ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിയിൽ പ്രത്യേക ശ്രദ്ധ നൽകിയ അദ്ദേഹം തന്റെ ഭരണകാലത്ത് ഒട്ടനവധി പദ്ധതികൾ ന്യൂനപക്ഷ ക്ഷേമത്തിനായി നടപ്പിലാക്കിയിട്ടുണ്ട്. സച്ചാർ കമ്മിറ്റി, അലിഗഢ് മലപ്പുറം, മുർഷിദാബാദ് സെന്ററുകൾ, എൻ സി പി യു എൽ ഉൾപ്പെടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മുന്നേറ്റത്തിനായി കൃത്യമായ ലക്ഷ്യത്തോടെ അദ്ദേഹം പ്രവർത്തിച്ചു. കൂടിക്കാഴ്ചകളിൽ മർകസിന്റെ ദേശീയ വിദ്യാഭ്യാസ പദ്ധതികളെ വലിയ താത്പര്യത്തോടെ നോക്കിക്കണ്ട അദ്ദേഹം ആവശ്യമായ പ്രോത്സാഹനവും പിന്തുണയും നൽകുകയുണ്ടായി.
ആഗോള വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്തുന്നതിൽ ശക്തമായ ഇടപെടലുകൾ നടത്തിയ അദ്ദേഹം ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സുയർത്തി. സാമ്പത്തിക ശാസ്ത്രത്തിൽ വലിയ പരിജ്ഞാനമുള്ള വ്യക്തിയെന്ന നിലയിൽ തന്റെ കഴിവും അറിവും രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗപ്പെടുത്തി. ഇന്ത്യ ഇന്ന് കൈവരിച്ച നിരവധി നേട്ടങ്ങൾക്ക് രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും മതേതര-ജനാധിപത്യ വിശ്വാസികൾ എന്നും താങ്കളെ ഓർക്കുമെന്നും അനുശോചന സന്ദേശത്തിൽ ഗ്രാൻഡ് മുഫ്തി പറഞ്ഞു.