മലയാള ഭാഷയും സാഹിത്യവും കേരളത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങി നിന്ന ഒരു കാലമുണ്ടായിരുന്നു. അതിലുപരി സവർണ്ണ സദസ്സുകളിലെ പണ്ഡിത സംവാദങ്ങളിൽ അകത്തമ്മമാരുടെ അടക്കത്തോടെ ശബ്ദമില്ലാതിരുന്ന ഒരു കാലം.
ആഢ്യന്മാരുടെ അരസിക രചനകൾ പോലും അത്യുദാത്തമെന്നു വാഴ്ത്തിപ്പാടുവാൻ അവരുടെ ആശ്രിതന്മാരുണ്ടായിരുന്നു. കുമാരനാശാനേയും ചങ്ങമ്പുഴയേയും പോലുള്ള പ്രതിഭാ ശാലികളുടെവരവോടെയാണു് അരമനകളിൽ അടങ്ങി നിന്ന മലയാള സാഹിത്യം സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായുനുകർന്നതും, ജന ജീവിതത്തിന്റെ കണ്ണീരും പുഞ്ചിരിയും ഏറ്റു വാങ്ങി മനുഷ്യാവസ്ഥയുടെ മഹത്തായഅടയാളങ്ങളായി അടയാളപ്പെടുത്തപ്പെട്ടതും.
മണ്മറഞ്ഞു പോയ സ്വന്തം മാതാ പിതാക്കളുടെ ഓർമ്മച്ചിത്രങ്ങൾ നെഞ്ചകത്ത് ചേർത്തു വച്ച് കൊണ്ട് കടലുകൾകടന്നു പോയി ഇര തേടുന്ന മലയാളി ‘മാമലകൾക്കപ്പുറത്തു മരത്തകപ്പട്ടുടുത്തു മലയാളമെന്നൊരു നാടുണ്ട് എന്നും, തൈത്തെങ്ങിൻ തണലത്ത് താമര വളയിട്ട കിളിചുണ്ടു പോലൊരു പെണ്ണുണ്ട് ‘ എന്നും പാടിയപ്പോൾ അവന്റെ ഓർമ്മച്ചെപ്പിൽ അവൻ സൂക്ഷിച്ചു വച്ച അതിമനോഹരമായ കുന്നിക്കുരുക്കളിലെ ആരെയും മോഹിപ്പിക്കുന്ന ആ ചുവപ്പ് അവന്റെ ഭാഷയും ആ ചുവപ്പിന് മുകളിലെ അത്യാകർഷകമായ കറുപ്പ് അവന്റെ സാഹിത്യവുമായിരുന്നു.
കണ്ണിലെ കൃഷ്ണമണികൾ പോലെ കരുതലോടെ അവൻ സൂക്ഷിച്ച ഈ കുന്നിക്കുരുക്കൾ അവൻ ചെന്ന് പെട്ട ദേശങ്ങളിൽ എല്ലാം ഗൃഹാതുരത്വത്തിന്റെ വളപ്പൊട്ടുകൾ പോലെ എന്നെന്നും അവൻ സൂക്ഷിച്ചിരുന്നു. അത്കൊണ്ട് തന്നെയാവണം കേരളത്തിന് പുറത്ത് രൂപപ്പെട്ട ഭാഷാ സാഹിത്യ പരിശ്രമങ്ങളെ പ്രവാസ സാഹിത്യം എന്നഒട്ടൊരു പരിഹാസപ്പേരിൽ മുഖ്യ ധാരാ മാധ്യമങ്ങളും അവരുടെ ദത്തു പുത്രന്മാരായ നാട്ടു സാഹിത്യകാരന്മാരും പടിക്കു പുറത്തു നിർത്തിയത്.
എന്നിട്ടും പ്രവാസ സാഹിത്യം വളർന്നു. നാട്ടു സാഹിത്യകാരന്മാരുടെ ഏതൊരു രചനകളോടും കിടപിടിക്കുകയോ ചിലപ്പോളെങ്കിലും അൽപ്പം മുന്നിൽ നിൽക്കുകയോ ചെയ്യുന്ന രചനകൾ പ്രവാസിയുടെപേനത്തുമ്പിൽ നിന്നും അടർന്നു വീണു. ഒരു മലയാളനാടകം റിസ്‌ക്കെടുത്തു പ്രസിദ്ധീകരിക്കുന്നതിനുള്ള മേന്മ ഒരമേരിക്കൻ യൂണിവേഴ്സിറ്റി കണ്ടെത്തി എന്നത് തന്നെ ഇതിന് തെളിവായി നിൽക്കുന്നു! എന്നിട്ടും ഉറക്കം നടിച്ചു കിടക്കുന്ന ഊണൻ വറീതിനെപ്പോലെ മുഖ്യ ധാരാ സാഹിത്യവും അതിന്റെ പാദ സേവകരായഅമേരിക്കൻ സാഹിത്യ സംഘടനകളും വെറുതെ കൂർക്കം വലിക്കുകയാണ്.
ഇനി ഊണൻ ഉണരണമെങ്കിൽ അടുത്ത സദ്യയെക്കുറിച്ചുള്ള വിവരം കിട്ടണം. കേരളത്തിലെ ഊണൻമാർക്ക് ആണെങ്കിൽ ഊണ് കഴിച്ചു കഴിച്ച് അജീർണം വന്നു ചാകാറായ നിലയിലായി. ഭരിക്കുന്ന പാർട്ടിക്ക് വേണ്ടി പത്തുമുദ്രാ വാക്യം വിളിച്ചാൽ മതി ഏതെങ്കിലും അക്കാദമിയിലോ ബോർഡിലോ ഇൻസ്‌റ്റിറ്റിയൂറ്റിലോസ്മാരകത്തിലോ മുന്തിയ പന്തി ഉറപ്പാക്കാം എന്ന നില. ചുമ്മാ കിട്ടുമ്പോൾ ഉണ്ണാതിരിക്കാൻ പറ്റുമോ അജീർണംവന്നു ചത്താലും വേണ്ടില്ല എന്ന ഭാവത്തോടെ തീറ്റ തന്നെ തീറ്റ.
ഇക്കൂട്ടരുടെ അടിമകളും ആരാധകരുമായി പ്രവർത്തിക്കുന്ന പ്രവാസ സാഹിത്യകാരന്മാർക്ക് തീറ്റ കിട്ടാൻ തീരെ വഴിയില്ല. അവർക്കു വായനക്കാരില്ല എന്നത് തന്നെ കാരണം. പത്തു പൈസ മുടക്കി മിക്ക പ്രവാസിയും വായിക്കില്ല എന്നത് സത്യം. . എന്നാൽ ‘ഇവന്റെയൊന്നും ചവറ് ഞാൻ വായിക്കില്ല‘ എന്ന ന്യായീകരണത്തോടെയാണ് നിൽപ്പ്. ഉന്നത സാഹിത്യമേ വായിക്കൂ എന്ന് വീമ്പിളക്കുന്ന ഈ മാന്യന്മാർക്ക് ഒരു കേട്ടെഴുത്തിട്ടാൽ പത്തു വാക്കിൽ എട്ടും തെറ്റിച്ചേ എഴുതൂ എന്നതാണ് അനുഭവം. ലോക സാഹിത്യമോ പോകട്ടെ, മലയാളത്തിലെ പ്രമുഖ രചനകളിൽ നാലെണ്ണം തികച്ച് വായിച്ചിട്ടുമില്ല. ആരാണ് മലയപ്പുലയൻ എന്ന് ചോദിച്ചാൽഅത് നമ്മടെ വാഴക്കുലയിലെ വൈലോപ്പള്ളിയല്ലേ എന്ന ഉത്തരം വരും !
സ്വന്തം കഴിവ് കേട് സ്വയമറിയുന്നത് കൊണ്ടാവണം തരികിടകളുടെ കുമ്മാട്ടിക്കളികളിലൂടെയാണ് പലരും ശ്രദ്ധ നേടുന്നത്. നല്ലപോലെ വെള്ളമടിക്കുന്ന ഒരു നാട്ടു സാഹിത്യകാരനെ ഒത്തുകിട്ടിയാൽ കുശാൽ. കുറവന്റെ കുരങ്ങിനെപ്പോലെ നാട് ചുറ്റിച്ചു കളിപ്പിക്കാം. നാട്ടിൽ ചെല്ലുമ്പോൾ കൂടെ നിന്നൊരു പടമെടുത്ത് പത്രത്തിലിടാം. ‘ഞാൻ നയാഗ്രാ കാണാൻ പോകുമ്പോൾ സ്വന്തം മുന്തിയ കാറോടിച്ചത് പ്രമുഖ പ്രവാസി സാഹിത്യകാരൻ ഇറക്കത്തിൽ ഇട്ടിയവിരാ ആയിരുന്നു‘ എന്നൊരു പ്രസ്താവന ചാനൽ ഇന്റർവ്യൂവിൽ ഛർദ്ദിപ്പിക്കാം. മക്കൾക്കോ മരുമക്കൾക്കോ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ഒരു സ്റ്റുഡന്റ് വിസാ തരപ്പെടുത്തി കൊടുത്താൽ അക്കാദമി അവാർഡ് നേടാം.
ഇത്തരം അളിഞ്ഞ പരിപാടികൾക്കിടയിലാണ് പ്രവാസ സാഹിത്യം എക്കാലത്തേക്കാളും കരുത്ത് നേടുന്നത് എന്ന്എനിക്ക് തോന്നുന്നത്. ഉദാഹരണമായി ഇ മലയാളി സംഘടിപ്പിച്ച ചെറുകഥാ മത്സരമാണ് ഞാനെടുക്കുന്നത്. ഇരുന്നൂറിപ്പരം ചെറുകഥാകൃത്തുക്കൾ അതിൽ എഴുതിയത്രേ ! മിക്കവരും നാട്ടിൽ നിന്നുള്ള പ്രതിഭാശാലികൾ. അവരുടെ അർഹതയ്ക്ക് അവർ അംഗീകാരം നേടുന്നു. നാട്ടിലെ ഒരു വേദിയിൽ വച്ച് അവർ ആദരിക്കപ്പെടുന്നു. ഇത് ജോർജ് ജോസഫ് എന്ന മനുഷ്യന്റെ നന്മ. ഇത്തരം മനുഷ്യരുടെ ത്യാഗം കൊണ്ടാണ് അമേരിക്കയിലെ മലയാള സാഹിത്യം പ്രതികൂലങ്ങളുടെ കൊടുങ്കാറ്റുകളിൽ കട പുഴകാതെ ഇന്നും തലയുയർത്തി നിൽക്കുന്നത്.
അമേരിക്കൻ മലയാള സാഹിത്യത്തിന് സുദീർഘമായ ഒരു ചരിത്രമുണ്ട്. പ്രോഫസർ ജോസഫ് ചെറുവേലിയിൽനിന്നാണ് അത് തുടങ്ങുന്നതെന്ന് എനിക്ക് തോന്നുന്നു. എനിക്കറിയാത്ത അനേകർ ഉണ്ടാവാം. അവരുടെ ത്യാഗങ്ങൾ മാനിക്കപ്പെടേണ്ടവയാണ്. മണിക്കൂർ കണക്കിന് കൂലി കിട്ടുന്ന അമേരിക്കയിൽ മാധ്യമ പ്രവർത്തനം ആദായകരമായ ഒരു തൊഴിലല്ല. എന്നിട്ടും ആ മേഖലയിൽ തങ്ങളെ സ്വയം സമർപ്പിക്കുന്ന മഹാരഥന്മാരെ ഉൾപ്പുളത്തോടെ മാത്രമേ അനുസ്മരിക്കാൻ സാധിക്കുന്നുള്ളൂ. കൈരളി, മലയാളം പത്രം, ജനനി, മലയാളം വാർത്ത, കേരളാ എക്സ്പ്രസ്സ് മുതലായ പ്രസിദ്ധീകരണങ്ങൾ നമ്മുടെ സാഹിത്യത്തിന് നൽകിയ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണ്. നല്ല മലയാളം കേൾക്കണമെങ്കിൽ അമേരിക്കയിൽ വരണം എന്ന് യശഃ ശരീരനായചാക്കോ ശങ്കരത്തിൽ പറഞ്ഞ സത്യം അന്ന് മനസ്സിലാക്കാൻ കഴിയാതെ പോയതിൽ ഇന്ന് ദുഖിക്കുന്നു.
ഇത്തരം നഷ്ടക്കച്ചവടങ്ങളിൽ അടിപതറി പലരും പിൻവാങ്ങിയെങ്കിലും അവരുടെ ദീപശിഖ എറ്റു വാങ്ങിക്കൊണ്ട് ഓൺലൈൻ പത്രങ്ങൾ ആ കുറവ് നികത്തുന്നു. ഇ മലയാളിയും മലയാളം ഡെയിലി ന്യൂസും ജോയിച്ചൻ പുതുക്കുളവും ഒക്കെ നിരയിലുണ്ട്. ചരിത്രത്തിന്റെ സൃഷ്ടാക്കളായ ഇവരെപ്പോലുള്ള എല്ലാവരും ആദരവുകൾ അർഹിക്കുന്നു. എങ്കിലും മുപ്പതിൽപ്പരം വർഷങ്ങൾ ഒറ്റയാൾ പട്ടാളത്തെപ്പോലെ പട നയിച്ച് പിൻവാങ്ങിയ ജോസ് തയ്യിലും, അതേ ആത്മ ഹർഷത്തോടെ ഇന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ശ്രീ ജോർജ് ജോസഫും, ബ്രിട്ടനിലെ മലയാളികൾക്കിടയിൽ ഭാഷയുടെ സൗരഭ്യം പ്രസരിപ്പിക്കുന്ന ശ്രീ കാരൂർ സോമനുമൊക്കെ നടപ്പിലാക്കുന്നത് മാനവികതയുടെ മഹത്തായ മാതൃകകളാണ്, അവർക്ക് അഭിവാദനങ്ങൾ !
മലയാള സാഹിത്യം ആഴത്തിൽ വേര് പിടിച്ചു വളരുന്നത് ഇന്ന് പ്രവാസ ലോകത്താണ്. പ്രത്യേകിച്ചും അമേരിക്കയിൽ. അതിന്റെ തെളിവാണ് ഇരുന്നൂറിലേറെപ്പേർ എഴുതി പങ്കെടുത്ത ഇ മലയാളി സാഹിത്യ മത്സരം. ചക്കരക്കുടത്തിൽ കൈയിട്ട് തൊട്ടു നക്കുന്ന നാട്ടു സാഹിത്യകാരന്മാരുടെ ലക്ഷ്യം എങ്ങിനെയെങ്കിലും ഒരു സർക്കാർ ആസനത്തിൽ ഇരിപ്പുറപ്പിക്കുക എന്നത് മാത്രമാണ്. അത് കൊണ്ട് തന്നെ അവരുടെ ഏകാഗ്രത നഷ്ടപ്പെട്ടു കഴിഞ്ഞു.. കഴിഞ്ഞ മൂന്ന് ദശകങ്ങളുടെ കണക്കെടുത്താൽ വിപ്ലവകരമായ രചനകൾ ഒന്നും തന്നെ മലയാളത്തിൽ സംഭവിച്ചതായി എനിക്ക് അറിവില്ല.
സ്വാതന്ത്ര്യാനന്തര ദശകങ്ങളിൽ തകഴിയും എം. ടി.യും മുകുന്ദനും വിജയനും കോറിയിട്ട മഹത്തായ കുറെ കലാസൃഷ്ടികളുണ്ട്. അതിൽ വകഞ്ഞും ചികഞ്ഞും കാലം കഴിക്കലാണ് പുതിയ കാല മലയാള സാഹിത്യത്തിന്റെ പണി. പരസ്പ്പരം പൊക്കി പരസ്പ്പരം നക്കി ഏതെങ്കിലും ഒരാസനം അടിച്ചെടുക്കാനുള്ള അടവുകൾ ഇങ്ങനെ ഇറക്കിക്കൊണ്ടേയിരിക്കും. ഇത് മനസ്സിലാക്കുന്ന യുവ പ്രതിഭകൾ അസംതൃപ്തരാണ്. അത് കൊണ്ടാണ് പുതിയ മേച്ചിപ്പുറങ്ങൾ തേടി അവർ കടലുകൾ കടന്നെത്തുന്നത്.
ഇരുന്നൂറിലധികം യുവ പ്രതിഭകൾ ഇ മലയാളിയുടെ കൊടിപ്പടത്തിനടിയിൽ ആവേശത്തോടെ അണി ചേരുന്നു എന്നത് തന്നെയാണ് ഈ പ്രതിഷേധത്തിന്റെ ജീവിക്കുന്ന തെളിവുകൾ. ആയിരത്തിൽ ഒരുവനാണ് ഒരെഴുത്തുകാരൻ എന്നതിനാൽ എത്രയോ വലിയ വായനക്കാരുടെ ഒരു നിരയാണ് ഇതിനു പിന്നിലുള്ളതെന്നു നമ്മൾ മനസ്സിലാക്കണം. ഈ കൂട്ടായ്മ അമേരിക്കൻ മലയാള സാഹിത്യത്തിന്റെ ആരാമത്തിൽ പുതുവസന്തത്തിന്റെ പുത്തൻ സുഗന്ധം പ്രസരിപ്പിക്കാൻ ഇട വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അവരിലൊരാളായിചേർന്ന് നിൽക്കാൻ സാധിക്കുന്നു എന്നതിലുള്ള ആത്മ ഹർഷം അനുഭവിക്കുന്നു. ! എല്ലാവർക്കും നന്മയുണ്ടാവുന്ന ഒരു ലോകം, അതാണ് നമ്മുടെ സ്വപ്നം.