മഞ്ചേരി ജനറൽ ആശുപത്രി നിലനിർത്തി മെഡിക്കൽ കോളേജ് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക: കെവി സഫീർഷ

മലപ്പുറം: മഞ്ചേരി ജനറൽ ആശുപത്രി അവിടെത്തന്നെ നിലനിർത്തി മെഡിക്കൽ കോളേജ് സമഗ്ര വികസനം  സാധ്യമാവുന്നിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെവി സഫീർഷ ആവശ്യപെട്ടു.
പാർട്ടി ജില്ലാ കമ്മറ്റി മഞ്ചേരി മെഡിക്കൽ കോളേജിന് മുമ്പിൽ സംഘടിപ്പിച്ച ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഞ്ചേരിയിൽ ജനറൽ ഹോസ്പിറ്റലിന്റെ പേരിൽ ഉണ്ടായിരുന്ന പരിമിതമായ സംവിധാനങ്ങൾ പോലും പൂർണമായും ഇല്ലാതാക്കുകയാണ് അധികാരികൾ ചെയ്യുന്നത്. ദിവസവും മൂവായിരത്തിലധികം രോഗികൾ ആശ്രയിക്കുന്ന ജനറൽ ഹോസ്പിറ്റൽ നഷ്ടപെടുകയും എന്നാൽ രോഗികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഒരു മെഡിക്കൽ കോളേജ് ജില്ലക്ക് ലഭിക്കാതിരിക്കുകയുമാണ് ഫലത്തിൽ സംഭവിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ 100 മുതൽ 300 വരെ ഏക്കർ ഭൂമി മെഡിക്കൽ കോളേജുകൾക്കുള്ളപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജിന് 23 ഏക്കർ ഭൂമി മാത്രമാണ് ഉള്ളത്. ഭൂമി ലഭ്യമാവുന്ന മറ്റൊരിടത്തേക്ക് മെഡിക്കൽ കോളേജ് മാറ്റി സ്ഥാപിക്കുക എന്നത് മാത്രമാണ് പരിഹാരം. ഈ ആവശ്യമുന്നയിച്ച് ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരകുന്ന് വിഷയാവതരണം നടത്തി.

വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരായ കണ്ണിയൻ അബൂബക്കർ (IUML), അഡ്വ: ഷഫറുള്ള (ജനതാദൾ), ഡോ. ഇസ്മായിൽ (എത്തിക്കൽ മെഡിക്കൽ ഫോറം), ആരിഫ് ചുണ്ടയിൽ (വൈസ് പ്രസിഡണ്ട്, വെൽഫെയർ പാർട്ടി മലപ്പുറം), സുഭദ്ര വണ്ടൂർ (വൈസ് പ്രസിഡണ്ട്, വെൽഫെയർ പാർട്ടി മലപ്പുറം), ജംഷീൽ അബൂബക്കർ (ഫ്രറ്റേണിറ്റി), മുഹമ്മദ് കുട്ടി (ജമാഅത്തെ ഇസ്ലാമി), ലത്തീഫ് വല്ലാഞ്ചിറ (SDPI), ബിന്ദു പരമേശ്വരൻ (വുമൻ ജസ്റ്റിസ് മൂവ്‌മെന്റ്), ഷാക്കിർ മോങ്ങം (സെക്രട്ടറി, വെൽഫെയർ പാർട്ടി മലപ്പുറം), നൗഷാദ് ചുള്ളിയൻ (സെക്രട്ടറി, വെൽഫെയർ പാർട്ടി മലപ്പുറം), എകെ സൈതലവി (പ്രവാസി വെൽഫെയർ ഫോറം), റഷീദ് വേട്ടേക്കോട് (MAPCO), ഷരീഫ് തുറക്കൽ (ജനറൽ ഹോസ്പിറ്റൽ സംരക്ഷണ സമിതി), രജിത മഞ്ചേരി (ജില്ലാ വൈസ് പ്രസിഡണ്ട്, വെൽഫെയർ പാർട്ടി), ഖാലിദ് മഞ്ചേരി (INL-S), ബന്ന മുതുവല്ലൂർ (സേവനകേന്ദ്രം), റുഖ്സാന ടീച്ചർ (സെക്രട്ടറി വെൽഫെയർ പാർട്ടി മഞ്ചേരി മണ്ഡലം), ബാപ്പുുട്ടി അൽസബാഹ് (പ്രസിഡണ്ട് വെൽഫെയർ പാർട്ടി മഞ്ചേരി മുനിസിപാലിറ്റി), ഗഫൂർ (MAPCO) എന്നിവർ പങ്കെടുത്ത് സംസാരിച്ചു. വെൽഫെയർ പാർട്ടി മഞ്ചേരി മണ്ഡലം പ്രസിഡണ്ട് കെടി ഹനീഫ മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ സവാദ് ചെരണി നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News