“ഗസൽസന്ധ്യ” ജനുവരി 4 ന് പൊന്നൂക്കരയിൽ

തൃശ്ശൂര്‍: കലയേയും ജീവിതത്തേയും പ്രണയിക്കുന്നവർക്കായി സംഗീതത്തിന്റെ ലാവണ്യഭംഗി നുകരാനും പകരാനും വിശാലമായി ചിന്തിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ് അന്തര മ്യൂസിക്കൽ കളക്റ്റീവ് പൊന്നൂക്കര, തൃശ്ശൂർ. 2021 മുതൽ പൊന്നൂക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന അന്തര, “ചാരിറ്റബിൾ സൊസൈറ്റീസ് ആക്ടിനു കീഴിലും” “കേരള സംഗീത നാടക അക്കാദമിയിലും” രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പൊന്നൂക്കരയിൽ എല്ലാ മാസവും അവസാന ഞായറാഴ്ചയിൽ നടത്തുന്ന “പാടാം നമുക്ക് പാടാം” എന്ന പരിപാടിയിലൂടെ ഗ്രാമങ്ങളിലെ ഗായകർക്ക് അവസരം നല്കുകയും അതിലൂടെ മികച്ച ഗായകരെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നല്കുന്നു. ഇവർക്ക് എല്ലാ വർഷവും അന്തര നടത്തുന്ന സ്റ്റേജ് ഷോയിൽ പാടാൻ അവസരം നല്കുന്നു. മാത്രമല്ല ഗ്രാമത്തിൽ മാത്രം ഒതുങ്ങിപോകുന്ന, എന്നാൽ പാടാൻ സവിശേഷമായ കഴിവുള്ള ഗായകർക്ക് കേരളത്തിലെ അതുല്യ പ്രതിഭകളായ സംഗീത സംവിധായകർ പങ്കെടുക്കുന്ന കേരളത്തിലെ മികച്ച ഓർക്കസ്ട്ര നയിക്കുന്ന പരിപാടികളിൽ പാടുവാൻ അവസരം ഒരുക്കുന്നു. മാത്രമല്ല വിവിധ സംഗീത ധാരകളെ ഗ്രാമത്തിൽ പരിചയപ്പെടുത്തുന്ന പ്രോഗ്രാമുകൾക്ക് വേദി ഒരുക്കുകയും ചെയ്യുന്നു അന്തര.

വിവിധ സംഗീത ധാരകളെ ഗ്രാമത്തിൽ പരിചയപ്പെടുത്തുന്നത്തിന്റെ ഭാഗമായി ശനിയാഴ്ച, 04 ജനുവരി 2025 നു വൈകീട്ട് ആറു മണിക്ക് പൊന്നൂക്കര ഗവൺമെന്റ് സ്കൂളിൽ അന്തര ഒരു ഗസൽ സന്ധ്യ ഒരുക്കുകയാണ്. അന്തരയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും ഗായകരുമായ പാർത്ഥൻ, വൃന്ദസുരേഷ് എന്നിവർ പാടുന്നു. ഹൃദയത്തെ തൊട്ടുന്നർത്തുന്ന കവിതയും ഈണവും ഇഴുകിച്ചേർന്ന് പ്രേക്ഷകരോട് സംവദിച്ച് ശക്തമായ വൈകാരിക തലത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ഒരു സംഗീതമാണ് ഗസൽ. നാട്ടിൻപുറത്ത്, തുറന്ന വേദികളിൽ, ഗസൽ പരിപാടികൾ അത്ര പരിചിതമല്ല. സാംസ്കാരിക പരിപാടികളും സംഗീത സായാഹ്നങ്ങളുമൊക്കെ നഗര കേന്ദ്രീകൃതമാവുകയും തിരഞ്ഞെടുത്തവർക്ക് മാത്രം പ്രാപ്യമാകുകയും ചെയ്യുമ്പോൾ അന്തര സ്വന്തം ഗ്രാമത്തിൽ എല്ലാവർക്കും പങ്കെടുക്കാനാവും വിധം നടത്തുന്നു എന്ന സവിശേഷത കൂടി ഈ ഗസൽസന്ധ്യക്ക് ഉണ്ട്.

ഈ ഗസൽ സന്ധ്യ ഉദ്ഘാടനം ചെയ്യുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും കവിതയോടും ഗസലിനോടും ഓരം ചേർന്നു നിലക്കുന്ന പാട്ടുകൾ എഴുതുന്ന പുതുതലമുറയിൽ ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ശ്രീ റഫീക്ക് അഹമ്മദ് ആണ്. മുഖ്യപ്രഭാഷണം നടത്തുന്നത് പാട്ടിന്റെ വഴികൾ, ഓരോ പാട്ടിന്റെയും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി പാട്ടിന്റെ ഓരോ അടരിനെയും വിശദീകരിക്കുന്ന, കലാ നിരൂപകനായ, ശ്രീ. ഇ. ജയകൃഷ്ണൻ ആണ്. അന്തര പ്രസിഡണ്ട് എൻ യു സുബ്രഹ്മണ്യൻ അധ്യക്ഷത വഹിക്കും.

ഓർക്കസ്ട്ര:- ഇബ്രാഹിം കുട്ടി (സിത്താർ), ബാബു കുമരനെല്ലൂർ (കീബോർഡ്,ഹർമോണിയം), സുരേന്ദ്രൻ (തബല), ഷാബു (റിഥം പാഡ്), ജയേഷ് (സൌണ്ട്), മുരളി തയ്യിൽ (ലൈറ്റ്).

എൻ യു സുബ്രഹ്മണ്യൻ (പ്രസിഡണ്ട്), എം. രഘുനാഥ് (സെക്രട്ടറി), നിഷ ബിജു ( ട്രഷറർ), പാർത്ഥൻ, വൃന്ദടീച്ചർ, അശോക് കുമാർ. ബി, ഹണിപാർത്ഥൻ, ഷീന അപ്പുണ്ണി, സുരേഷ് പി എസ് എന്നിവരാണ് അന്തര എക്സിക്യൂട്ടീവ് അംഗങ്ങൾ. ഗായകരും സംഗീത ആസ്വാദകരുമായ 25 പേർ ഉൾപ്പെടുന്ന കമ്മിറ്റിയും പ്രവർത്തിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News