കേരള ക്രൈസ്‌തവസഭ ജൂബിലി വർഷത്തിൽ ക്രിസ്തുമത ആരംഭത്തോളം തന്നെ പ്രാചീനമാണ് കേരളത്തിലെ ക്രൈസ്തവസഭ. തോമാശ്ലീഹാ ക്രിസ്തുവർഷം 52ൽ സമുദ്രമാർഗം കേരളത്തിൽ എത്തുകയും അന്നത്തെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ‘ഏഴരപ്പള്ളികൾ’ സ്ഥാപിച്ചുകൊണ്ട് കേരളത്തിലെ ക്രിസ്തീയ സഭയ്ക്ക് തുടക്കം കുറിച്ചു . മാർതോമയാൽ ക്രിസ്തുമതം സ്വീകരിച്ചവർ എന്ന അർത്ഥത്തിൽ ഇവിടുത്തെ ക്രിസ്ത്യാനികൾ ‘മാർത്തോമാ നസ്രാണികൾ’ (നസ്രാണി മാപ്പിളമാർ) എന്നറിയപ്പെട്ടിരുന്നു. ശ്ലീഹാ സ്ഥാപിച്ച ആദ്യത്തെ പള്ളി എന്ന് കരുതുന്ന മാല്യങ്കര ( കൊടുങ്ങല്ലൂർ ) പള്ളിയുമായി ബന്ധപ്പെട്ട് കേരളത്തിലെ സഭകൾക്ക് ‘മലങ്കരസഭകൾ’ എന്ന നാമധേയവും ലഭിച്ചു.
പ്രാചീനകാലം മുതൽ കേരളത്തിന് മധ്യപൂർവ രാജ്യങ്ങളുമായി കടൽമാർഗം വാണിജ്യ ബന്ധങ്ങൾ നിലനിന്നിരുന്നു. ക്രിസ്തു സംസാരിച്ചിരുന്ന അരമായ (സുറിയാനി) ഭാഷ ഇവിടുത്തെ വാണിജ്യ ഭാഷയായിരുന്നു. കേരളത്തിലെ സമുദ്രതീര വാണിജ്യ കേന്ദ്രങ്ങളിൽ താമസിച്ചിരുന്ന യഹൂദന്മാരായിരുന്നു ആദ്യമായി ക്രിസ്തുമതം സ്വീകരിച്ച് ക്രിസ്ത്യാനികളായി മാറിയത് . പിന്നീട് തദ്ദേശീയരും ക്രിസ്തുമതം സ്വീകരിച്ചു. അങ്ങനെ കേരളത്തിലെ ആദ്യ ക്രൈസ്തവ സമൂഹം ഒരു സങ്കരസമൂഹമായി മാറി. അരമായ ഭാഷയുമായുള്ള ബന്ധം മൂലം കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ‘സുറിയാനി ക്രിസ്ത്യാനികൾ’ എന്ന പേരും ലഭിച്ചു . കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് ആരാധനാനടത്തിപ്പിനായി ചില ചുമതലക്കാരെ ഏല്പിച്ചതിനു ശേഷം തോമാശ്ലീഹാ മൈലാപ്പൂരിലെത്തുകയും അവിടെവെച്ച് ദിവംഗതനാകുകയും ചെയ്തു . മെസപ്പൊട്ടേമിയ ആസ്ഥാനമായ പൗരസ്ത്യ സുറിയാനി സഭയുമായും റോമിലെ സഭയുമായും കേരള ക്രൈസ്തവസമൂഹം ബന്ധം നിലനിർത്തിയിരുന്നു. പൗരസ്ത്യ സഭയുടെ കാതോലിക്കോസിനെ തങ്ങളുടെ ആത്മീയപരമാധ്യക്ഷനായി പരിഗണിച്ചിരുന്ന ഇവർക്ക് കേരളത്തിലെ സഭാതലവനായി ഒരു അർക്കദിയാക്കോനും (ആർച്ച് ഡീക്കൻ ) ഉണ്ടായിരുന്നു . വിവിധ കാലങ്ങളിലായി പേർഷ്യൻ മേഖലയിൽ നിന്ന് ക്രൈസ്തവരുടെ കുടിയേറ്റം കേരളത്തിലേക്ക് നടന്നിട്ടുണ്ട് .
ക്രിസ്തുവർഷം 345ൽ ക്നായിതോമ എന്ന വാണിജ്യ പ്രമാണിയുടെ നേതൃത്വത്തിൽ നടന്ന കുടിയേറ്റത്തിന്റെ ഫലമായി മലബാറിൽ എത്തിച്ചേർന്നവരാണ് തങ്ങൾ എന്ന് സുറിയാനി ക്രിസ്ത്യാനികളിലെ ക്നാനായക്കാർ വിശ്വസിക്കുന്നു . ക്രിസ്തുമതത്തിന്റെ ആരംഭം മുതൽ തന്നെ ക്രിസ്ത്യാനികൾക്ക് കേരളത്തിലെ ഭരണാധികാരികളിൽ നിന്ന് വളരെയധികം പ്രോത്സാഹനങ്ങൾ ലഭിച്ചിരുന്നു . അന്നത്തെ ഭരണകൂടത്തിന്റെ ഉയർന്ന തലങ്ങളിൽ എത്തിച്ചേരാൻ ഇതുമൂലം അവർക്ക് സാധിച്ചു. ക്രിസ്ത്യാനികൾക്ക് പ്രാമുഖ്യം ഉള്ള പല പ്രദേശങ്ങളും കേരളത്തിൽ ഉണ്ടായിരുന്നു. ഉദയംപേരൂർ കേന്ദ്രമാക്കി ഭരിച്ചിരുന്ന ഒരു ക്രിസ്തീയ നാട്ടുരാജ്യമായിരുന്നു വില്ലാർവട്ടം. ഈ രാജവംശം പതിനഞ്ചാം നൂറ്റാണ്ട് ആയപ്പോഴേക്കും അന്യം നിന്നു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് ലോകത്തിന്റെ മറ്റ് പ്രദേശങ്ങളിലെപ്പോലെ മതപീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടില്ല എന്ന് ചരിത്രം സാക്ഷിക്കുന്നു .പാശ്ചാത്യ മിഷനറിമാരുടെ വരവിന് മുൻപ് വരെ പൗരസ്ത്യ സുറിയാനി ആരാധനാക്രമമായിരുന്നു കേരളത്തിൽ നിലനിന്നിരുന്നത് . കച്ചവടത്തിനായി വന്ന പോർച്ചുഗീസുകാർ ക്രമേണ മലങ്കര സഭയെ തങ്ങളുടെ സ്വാധീനത്തിൽ നിർത്താൻ ശ്രമിച്ചു . 1599 ൽ നടന്ന ‘ഉദയംപേരൂർ സുന്നഹദോസ് ‘ ഇതിന്റെ ഭാഗമായിരുന്നു . ലത്തീൻ സഭയുടെ വളർച്ച ഇക്കാലത്താണ് നടന്നത് . കൽദായ ആരാധനാക്രമം മാറ്റി ലത്തീൻ ആരാധനാക്രമം നടപ്പിലാക്കാൻ പോർച്ചുഗീസ് മിഷനറിമാർ ശ്രമിച്ചു . മലങ്കര സഭയെ ലത്തീൻവൽക്കരിക്കാനുള്ള ശ്രമങ്ങൾ ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിച്ചു . തത്ഫലമായി ഉണ്ടായ സംഭവമാണ് ‘കൂനൻ കുരിശ് സത്യം’. പോർച്ചുഗീസുകാരുടെ പ്രവർത്തനങ്ങൾ മാർതോമാ നസ്രാണികളുടെ ഇടയിൽ സ്ഥിരമായ ഒരു പിളർപ്പിന് വഴിവെച്ചു .
കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടവർ ലത്തീൻവൽക്കരിക്കപ്പെട്ട കൽദായ സുറിയാനി ആരാധനാക്രമം തുടരുകയും ‘പഴയ കൂറ്റുകാർ’ എന്ന് അറിയപ്പെടുകയും മറ്റൊരു വിഭാഗം അന്ത്യോക്യൻ സുറിയാനി സഭയുമായി ബന്ധം സ്ഥാപിച്ചുകൊണ്ട് ‘പുത്തൻകൂറ്റുകാർ ‘ എന്നും അറിയപ്പെട്ടു തുടങ്ങി. സീറോ മലബാർ കത്തോലിക്കാ സഭ , കൽദായ സുറിയാനി സഭ എന്നീ രണ്ട് സഭകളാണ് പഴയ കൂറ്റുകാരുടെ ആധുനിക ശാഖകൾ. മലങ്കര യാക്കോബായ സുറിയാനി സഭ, മലങ്കര യാക്കോബായ ഓർത്തഡോക്സ് സഭ, മലങ്കര മാർത്തോമാ സുറിയാനി സഭ, മലങ്കര സുറിയാനി കത്തോലിക്കാ സഭ , മലബാർ സ്വതന്ത്ര സുറിയാനി സഭ എന്നിവയാണ് പുത്തൻ കൂറ്റുകാരുടെ ശാഖകൾ . ലത്തീൻ സഭ പോർച്ചുഗീസ് കാലം മുതൽ രൂപം കൊണ്ടതും നേരിട്ട് മാർപാപ്പയും ആയി ബന്ധപ്പെട്ടതുമായ സഭയായി നിലകൊള്ളുന്നു . ഡച്ച് , ബ്രിട്ടീഷ് മിഷനറിമാരുടെ പ്രവർത്തനഫലമായി പ്രൊട്ടസ്റ്റന്റ് സഭകൾ കേരളത്തിൽ പ്രചാരം നേടി . ആംഗ്ലിക്കൻ സഭ ,സി എം എസ് , സി എസ് ഐ സഭകൾ ഇങ്ങനെ ഉണ്ടായതാണ് . മലങ്കര സുറിയാനി (പുത്തൻകൂറ്റുകാർ) സഭയിലെ പ്രൊട്ടസ്റ്റന്റ് ശൈലിയിലുള്ള നവീകരണത്തിന്റെ ആവിർഭാവമാണ് ‘മലങ്കരമാർത്തോമാ സുറിയാനി സഭ’. മലങ്കരമാർത്തോമാ സഭയിൽ നിന്ന് അടുത്തകാലത്ത് രൂപം കൊണ്ടതാണ് ‘സെന്റ്തോമസ് ഇവാഞ്ചലിക്കൽ സഭ’. അന്ത്യോക്യാപാത്രിയർക്കീസ് കേരളത്തിലെ പുത്തൻകൂർ സുറിയാനിക്കാരുടെ ആത്മീയ പിതാവായിരുന്നു. എന്നാൽ 19 ആം നൂറ്റാണ്ടിൽ അന്ത്യോക്യാപാത്രിയർക്കീസ് ബന്ധം ഉപേക്ഷിച്ചുകൊണ്ട് ഒരു വിഭാഗം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയായി (മെത്രാൻ കക്ഷി) രൂപപ്പെട്ടു . മറു വിഭാഗം പാത്രിയാർക്കീസിന്റെ അധികാരത്തിൻ കീഴിൽ മലങ്കര യാക്കോബായ പാത്രിയർക്കീസ് (ബാവാകക്ഷി) വിഭാഗമായും തുടർന്നു . ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കങ്ങൾ ഇന്നും തുടരുന്നു . മലങ്കര ഓർത്തഡോക്സ് സഭയിലെ ഒരു വിഭാഗം സഭാ തർക്കത്തിൽ മനം മടുത്ത് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു കൊണ്ട് 1930ൽ രൂപം കൊണ്ടതാണ് ‘മലങ്കര കത്തോലിക്കാ സുറിയാനി സഭ’. ഇരുപതാം നൂറ്റാണ്ടോടുകൂടി കേരളത്തിൽ പെന്തിക്കോസ്ത് സഭകൾ സ്ഥാപിക്കപ്പെട്ടു തുടങ്ങി . ആദ്യകാലങ്ങളിൽ കൂട്ടായ്മകൾ ആയി തുടങ്ങിയ സഭകൾ ചിലത് അതേപടി തുടരുന്നുണ്ടെങ്കിലും പുതിയ പുതിയ പാസ്റ്റർമാരെ കേന്ദ്രീകരിച്ച് സഭകൾ ഉണ്ടാകുന്നത് നൂതന പ്രവണതയാണ് . ഒരു പെന്തിക്കോസ്ത് സഭയായി തുടങ്ങി എപ്പിസ്കോപ്പൽ സഭയായി തീർന്ന പ്രസ്ഥാനമാണ് ‘ബിലീവേഴ്സ് ഈസ്റ്റേൺ സഭ ‘.
കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് കനത്ത സംഭാവനകൾ നൽകി സാംസ്കാരിക, സാക്ഷര, ആരോഗ്യ കേരളത്തെ നിർമ്മിക്കുന്നതിൽ ക്രൈസ്തവ സഭകളുടെ പങ്ക് സ്തുത്യർഹമാണ് . എന്നാൽ കേരളത്തിലെ മറ്റു മതവിഭാഗങ്ങൾക്ക് എന്ത് മാതൃകയാണ് സഭകൾക്ക് നൽകാൻ കഴിയുന്നത് ? അയലത്തെ ശത്രു മരിച്ചാലും മരണവീട് സന്ദർശിക്കുക എന്നത് കേരളത്തിന്റെ സാമാന്യ മര്യാദയുടെ ഭാഗമാണ് . കഴിഞ്ഞ മാസം ഒരു സഭാവിഭാഗത്തിന്റെ തലവൻ (കാതോലിക്കാ ബാവ) കാലം ചെയ്തപ്പോൾ കേരളം മുഴുവൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടും സഹോദരസഭയിലെ ഒരു പുരോഹിതനു പോലും അവിടെ എത്താൻ സാധിക്കാഞ്ഞത് എത്രമാത്രം വേദനാജനകമാണ് . ശത്രുക്കളെ പോലും സ്നേഹിക്കാൻ പഠിപ്പിച്ച യേശുനാഥന്റെ നാമത്തിലാണ് സഭകൾ സ്ഥാപിച്ചിരിക്കുന്നത് എന്നതുപോലും വിസ്മരിക്കപ്പെടുന്നു . ക്നാനായ യാക്കോബായ സുറിയാനി സഭയിലെ ഒരു മരണ വീട്ടിൽ സമുദായ മെത്രാപ്പോലീത്ത ഇല്ലാത്ത സമയത്ത് മാത്രമെ സഹായമെത്രാൻമാർക്ക് പ്രവേശനം ഉള്ളു. സീറോ മലബാർ സഭയുടെ സിനഡ് തീരുമാനിച്ച ഏകീകൃത കുർബാന നടത്താതെ ജനാഭിമുഖ കുർബാനയ്ക്കായി ഒരു വിഭാഗം തെരുവിൽ യുദ്ധം നടത്തുന്നു. യാക്കോബായ ഓർത്തഡോക്സ് , പാത്രിയാർക്കീസ് വിഭാഗങ്ങളുടെ തർക്കങ്ങൾ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു . സെമിത്തേരികൾ പോലും സംഘർഷ മേഖലകളാകുന്നു . ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നും ഈയിടെ ഉണ്ടായ ഐക്യത്തിന്റെ ആഹ്വാനംപോലും സംശയിക്കത്തക്കതാണ്.
ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നവർ മനുഷ്യരുടെ കോടതിയിൽ നിന്നുള്ള നീതിയുടെ മഹത്വം പ്രസംഗിച്ചുകൊണ്ട് സഹോദര വിഭാഗത്തിന്റെ ആരാധനാലയങ്ങൾ കയ്യടക്കാൻ ശ്രമിക്കുന്നു . ക്രിസ്തുവർഷം 2025 ( ജൂബിലി വർഷം ) ലേക്ക് പ്രവേശിക്കുമ്പോൾ ആഗോളകത്തോലിക്കാ സഭയുടെ തലവൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ 2025 വർഷത്തിലേക്കുള്ള Pilgrims of Hope ( പ്രത്യാശയുടെ തീർത്ഥാടകർ ) എന്ന സന്ദേശം ഉൾക്കൊണ്ട് കർത്താവിലുള്ള പ്രത്യാശ പുതുക്കാൻ ഓരോ ക്രൈസ്തവനും കഴിയണം, ഓരോ സഭാ വിഭാഗത്തിനും കഴിയണം . സഹോദരന്മാർക്ക് നീതി നിഷേധിക്കുന്നിടത്ത് ബലിയർപ്പണത്തിന് എന്ത് പ്രസക്തി ? സഹോദര സഭകളുടെ ഐക്യത്തിനായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാൻ ഏവർക്കും കഴിയണം .
ഈയിടെ നടന്ന കത്തോലിക്ക സഭ – മാർത്തോമാ സഭ എക്യുമെനിക്കൽ ഡയലോഗ് ഇത്തരുണത്തിൽ പ്രസ്താവ്യമാണ് . കേരളത്തിലെ ക്രൈസ്തവ സമൂഹത്തിൽ ആദിമ ക്രൈസ്തവ സമൂഹത്തിന്റെ കൂട്ടായ്മ പുനർജനിക്കാനായി നമുക്ക് പ്രത്യാശിക്കാം.