ആലപ്പുഴ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് പൊതുയോഗങ്ങളിൽ പങ്കെടുത്ത ശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
ആശുപത്രിയിലേക്കു പോകും വഴി ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു ദേശീയ പാതയിലുണ്ടായ വലിയ ഗതാഗത തിരക്കില്‍ 15 മിനിറ്റോളം വാഹനം കുടുങ്ങി. തുടര്‍ന്ന് ഹരിപ്പാട് ഗവ. ആശുപത്രിയില്‍ എത്തിച്ചു. ഇ.സി.ജി. ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനകളും ഇവിടെ നടത്തുകയും ചെയ്തു.
എന്നാല്‍ ഇ.സി.ജി.യില്‍ നേരിയ വ്യതിയാനം ഉള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനാല്‍ അടിയന്തര ചികിത്സ നല്‍കിയ ശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
കഴിഞ്ഞ മൂന്നു ദിവസമായി കൊല്ലത്ത് എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട പരിപാടികളില്‍ വെള്ളാപ്പള്ളി നടേശന്‍ പങ്കെടുത്തു വരികയായിരുന്നു. ഇന്ന് അവിടെ പൊതു യോഗങ്ങളില്‍ പങ്കെടുക്കേണ്ടതായിരുന്നു അദ്ദേഹത്തിന്. വെള്ളാപ്പള്ളി നടേശന്റെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്.