കൊച്ചി: നടി ഹണി റോസിനെതിരെ അശ്ലീല പരാമര്‍ശം നടത്തി എന്ന പരാതിയിൽ ബോചെ (ബോബി ചെമ്മണ്ണൂര്‍) ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 75-ാം വകുപ്പ് പ്രകാരമാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്.
രണ്ട് ദിവസം മുമ്പ് ഹണി റോസിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഒരാൾ തന്നെ നിരന്തരം ദ്വയാർത്ഥ വാക്കുകൾ ഉപയോഗിച്ച് വിമർശിക്കുന്നു എന്ന് സൂചിപ്പിച്ചിരുന്നു. ആരാണ് ആ വ്യക്തിയെന്ന ചോദ്യത്തിന് വ്യവസായി ബോബി ചെമ്മണ്ണൂർ എന്നായിരുന്നു നടി തന്നെ ഇന്ന് മറുപടി നൽകിയത്. നിരന്തരം അസഭ്യം പറഞ്ഞു പീഡിപ്പിക്കുന്നുവെന്നാണ് ഹണി റോസിൻ്റെ പരാതി.
നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് പരാതി നൽകിയതെന്ന് നടി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ തനിക്ക് ബുദ്ധിമുട്ട് നേരിട്ടെന്നും, ബോചെക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ഹണി റോസ് പറഞ്ഞു. നടിക്കെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് സൂചന നൽകി.
ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് വിശദമായ മൊഴി നൽകിയത്. തനിക്കെതിരെ മോശം പരാമർശം നടത്തിയവരുടെ സോഷ്യല്‍ മീഡിയ സ്‌ക്രീൻ ഷോട്ടുകളും നടി പോലീസിന് കൈമാറി. നടിയുടെ പോസ്റ്റിന് കീഴിൽ പുതിയ അധിക്ഷേപകരമായ കമൻ്റുകൾ ലഭിച്ചാൽ സ്വമേധയാ കേസെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.