തിരുവനന്തപുരം: ഇന്ത്യയില്‍ എച്ച്എംപിവി പടരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ത്യയിൽ ആദ്യമായാണ് രോഗം റിപ്പോർട്ട് ചെയ്യുന്നതെന്ന റിപ്പോർട്ടുകളിൽ അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. 2001 മുതൽ ഇന്ത്യയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. വൈറസിന് വേരിയൻ്റ് ഉണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
എച്ച്എംപിവിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മിക്ക വാർത്തകളും തെറ്റാണെന്ന് മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച എല്ലാ മുന്‍ കേസുകളും ആഭ്യന്തര പരിശോധനയിലാണ് കണ്ടെത്തിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് സഹായകമായ ചികിത്സയാണ് ഈ രോഗത്തിനും ഉള്ളതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനതല ദ്രുതകർമസേന യോഗം ചേർന്ന് വിലയിരുത്തി വരികയാണെന്ന് മന്ത്രി അറിയിച്ചു.
മാസ്ക് ധരിക്കുന്നതടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ആവശ്യം. ഇന്ത്യയിൽ എച്ച്എംപിവി ജനിതക മാറ്റം റിപ്പോർട്ട് ചെയ്തിട്ടില്ല. സൂക്ഷ്മമായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. വിദേശങ്ങളിൽ നിന്ന് വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളില്ല. ജാഗ്രത ആവശ്യമുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. അകാരണമായ ആശങ്ക പരത്തരുത്. സർക്കാർ വൃത്തങ്ങൾ ശരിയായ വാർത്ത സമയാസമയം പുറത്ത് വിടുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.