ന്യൂയോർക്ക്: പരിമിത കാലാവസ്ഥയിൽ പച്ചക്കറി കൃഷി ചെയ്യുവാൻ തൽപ്പരായവരെയും വീടുകളുടെ മുൻഭാഗം പൂന്തോട്ടങ്ങളാൽ മനോഹരമാക്കുവാൻ പരിശ്രമിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുന്ന മലയാളീ കൂട്ടായ്മയാണ് “അമേരിക്കൻ കർഷകശ്രീ ന്യൂയോർക്ക്”. ന്യൂയോർക്കിലെ ക്വീൻസ് – ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി 2009-ൽ സ്ഥാപിതമായ പ്രസ്തുത മലയാളീ കൂട്ടായ്‌മ 2024-ലെ കർഷകശ്രീ – പുഷ്‌പശ്രീ ജേതാക്കളെ പ്രഖ്യാപിച്ചു. ഫൊക്കാനാ നാഷണൽ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനാണ് ഈ വർഷത്തെ കർഷകശ്രീ അവാർഡ് ജേതാവ്. ലോങ്ങ് ഐലൻഡ് മലയാളീ സമൂഹത്തിൽ വിവിധ സംഘടനകളിലൂടെ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതയായ ലാലി കളപ്പുരക്കലിനാണ് പുഷ്‌പശ്രീ അവാർഡ് ലഭിച്ചത്.
മുൻ സ്പോർട്സ് താരവും അത്ലറ്റിക്സിൽ ഏഷ്യൻ ഗെയിംസ് ജേതാവുമായ ബെന്നി ജോണിനാണ് കർഷകശ്രീ അവാർഡ് രണ്ടാം സ്ഥാനം ലഭിച്ചത്. ലോങ്ങ് ഐലൻഡ് ഭാഗത്തെ സ്ഥിര താമസക്കാരനും കൃഷി തല്പരനുമായ റോയി മാണി കർഷകശ്രീ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ബാബിലോണിൽ താമസിക്കുന്ന കാതൊലിക് ഹെൽത്ത് കെയറിൽ നേഴ്‌സായ സുഷമാ സ്വർണ്ണകുമാർ പുഷ്‌പശ്രീ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ക്വീൻസ് ബെല്ലറോസിൽ താമസക്കാരിയായ ഷേർളി പ്രാലേൽ പുഷ്‍പശ്രീ മത്സരത്തിൽ മൂന്നാം സമ്മാനാർഹയായി.
“കർഷകശ്രീ”ക്കുള്ള ഒന്നാം സമ്മാനമായ എവർ റോളിംഗ് ട്രോഫി പ്രമുഖ വ്യവസായിയും എറിക് ഷൂസ്, ഹാനോവർ ബാങ്ക് എന്നിവയുടെ സാരഥിയുമായ വർക്കി എബ്രഹാമാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. “പുഷ്പശ്രീ”യുടെ ഒന്നാം സമ്മാനമായി എവർ റോളിംഗ് ട്രോഫി ഡാളസിലുള്ള പ്രമുഖ വ്യവസായിയും യാക്കോബായ സഭാ കമ്മാൻഡറുമായ വർഗ്ഗീസ് ചാമത്തിലാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. അവാർഡ് ജേതാക്കൾക്ക് പ്രത്യേക സമ്മാനദാന ചടങ്ങിൽ വച്ച് പിന്നീട് ട്രോഫികൾ സമ്മാനിക്കുന്നതാണ്.