ഡിസംബർ 19ന് ഇറാനിൽ അറസ്റ്റിലായ ഇറ്റാലിയൻ മാധ്യമപ്രവർത്തക സിസിലിയ സാലയെ വിട്ടയച്ചു. സിസിലിയ സാലയെ വഹിച്ചുള്ള വിമാനം ടെഹ്റാനിൽ നിന്ന് പുറപ്പെട്ടതായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. അവരുടെ മോചനത്തെക്കുറിച്ച് കുടുംബാംഗങ്ങളെയും അറിയിച്ചിട്ടുണ്ട്. ഇറാനിയൻ എഞ്ചിനീയറെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സിസിലിയ അറസ്റ്റിലായത്.
ഇറാൻ സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രസ്താവനകളൊന്നും നൽകിയിട്ടില്ല. പത്രപ്രവർത്തകയാണ് സിസിലിയ സാല. പത്രപ്രവർത്തക വിസയിൽ ഇറാനിലേക്ക് പോയി മൂന്ന് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസി പ്രകാരം, ഇറാനിയൻ നിയമങ്ങള്‍ ലംഘിച്ചതിനാണ് അറസ്റ്റ്. അമേരിക്കയുടെ വാറണ്ടിൻ്റെ അടിസ്ഥാനത്തിൽ ഇറാനിയൻ എഞ്ചിനീയറെ ഇറ്റലിയിൽ വച്ച് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സിസിലിയ അറസ്റ്റിലായത്.
മൊഹമ്മദ് അബെദീനിയെ മോചിപ്പിക്കാൻ വേണ്ടി വിലപേശലിനു വേണ്ടിയാണ് ഇറാൻ സിസിലിയയെ അറസ്റ്റ് ചെയ്തതെന്നാണ് അനുമാനം. ഡിസംബർ 16 ന് ഇറ്റലിയിൽ വെച്ചാണ് അബെദിനിയെ അറസ്റ്റ് ചെയ്തത്.
2024ൽ ജോർദാനിലെ യുഎസ് പോസ്റ്റിനുനേരെ നടത്തിയ ആക്രമണത്തിൽ ഉപയോഗിച്ച ഡ്രോൺ സാങ്കേതികവിദ്യ ഇറാന് നൽകിയെന്നായിരുന്നു ഇയാൾക്കെതിരെയുള്ള ആരോപണം.