സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ട്രംപ് ജയിലിൽ പോകുമോ?; ഹഷ് മണി കേസിൽ സുപ്രീം കോടതിയിൽ എത്തിയ ട്രം‌പ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു

ന്യൂയോര്‍ക്ക്: അശ്ലീല നടിക്ക് പണം നൽകിയ കേസിലെ ന്യൂയോർക്ക് കോടതിയുടെ വിധിക്കെതിരെ നിയുക്ത യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സുപ്രീം കോടതിയിലെത്തി. നടിയെ നിശബ്ദയാക്കാൻ പണം നൽകിയ കേസിൽ തനിക്കെതിരായ ശിക്ഷാവിധി വെള്ളിയാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് അദ്ദേഹം സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു. ബുധനാഴ്ചയാണ് ട്രംപിൻ്റെ അഭിഭാഷകർ രാജ്യത്തെ പരമോന്നത കോടതിയിൽ ഹർജി സമർപ്പിച്ചത്. നേരത്തെ, ജഡ്ജി ജുവാൻ എം മാർച്ചൻ പ്രഖ്യാപിക്കുന്ന ശിക്ഷാവിധി മാറ്റിവയ്ക്കാൻ ന്യൂയോർക്ക് കോടതി വിസമ്മതിച്ചിരുന്നു. 2024 മേയിലാണ് ഈ കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്

ചൊവ്വാഴ്ച, അപ്പീൽ കോടതി മുഖേന ശിക്ഷാ പ്രഖ്യാപനം സ്റ്റേ ചെയ്യാൻ ട്രംപിൻ്റെ അഭിഭാഷകർ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. പോൺ താരവുമായുള്ള ട്രംപിൻ്റെ ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ 2024 മേയിൽ ഈ കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് ജഡ്ജി മെർച്ചൻ കണ്ടെത്തിയിരുന്നു.

2016ലെ തിരഞ്ഞെടുപ്പിന് മുമ്പ് നടി സ്റ്റോമി ഡാനിയേല്‍സിനെ നിശ്ശബ്ദയാക്കാന്‍ 1,30,000 ഡോളർ ട്രം‌പ് നൽകിയിരുന്നു. ആ തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചു. 2006ലാണ് താനും ട്രംപും തമ്മിൽ ബന്ധമുണ്ടായിരുന്നതെന്ന് ഡാനിയൽസ് പറയുന്നു. വീണ്ടും പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, കേസിലെ ശിക്ഷ പ്രഖ്യാപിക്കുന്നത് മാറ്റിവയ്ക്കാൻ ട്രംപ് ഇപ്പോൾ ആഗ്രഹിക്കുന്നു. ജനുവരി 20 ന് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും, അതിനുശേഷം അദ്ദേഹത്തിനെതിരായ കേസുകൾ സ്വയം നിർത്തലാക്കും.

ട്രംപിൻ്റെ ഏറ്റവും പുതിയ ഹർജിയിൽ സുപ്രീം കോടതി ന്യൂയോർക്ക് കോടതിയോട് പ്രതികരണം തേടി. വ്യാഴാഴ്ച കേസ് പരിഗണിച്ചേക്കും. വലിയ അനീതിയും പ്രസിഡന്റ് പദവിയുടെ അന്തസ്സിന് കോട്ടം തട്ടുന്ന തീരുമാനവും തടയാന് ഉടന് ഉത്തരവിടണമെന്ന് ട്രംപിൻ്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് റദ്ദാക്കണമെന്ന് ട്രംപ് വക്താവ് സ്റ്റീവൻ ചിയുങ് ആവശ്യപ്പെട്ടു. അതേസമയം, തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ ജയിലിൽ അടയ്ക്കാനോ പിഴ ചുമത്താനോ മറ്റെന്തെങ്കിലും കഠിനമായ ശിക്ഷ നൽകാനോ പോകുന്നില്ലെന്ന് ജഡ്ജി മാർച്ചൻ സൂചിപ്പിച്ചു.

ട്രംപിൻ്റെ ഹർജി ന്യൂയോർക്കിലെ അപ്പീൽ കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. പോൺ താരത്തെ നിശബ്ദയാക്കാൻ പണം നൽകിയ കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ട്രംപ് അപ്പീൽ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ഈ കേസിൽ ട്രംപ് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. വിചാരണക്കോടതിയുടെ തീരുമാനം തടയാനുള്ള ട്രംപിൻ്റെ അവസാന ശ്രമമായിരുന്നു ഇത്. സ്റ്റേറ്റ് അപ്പീൽ കോടതിയിൽ നിന്ന് ഇളവ് ലഭിക്കാത്തതിനെത്തുടർന്ന്, സത്യപ്രതിജ്ഞയ്ക്ക് 10 ദിവസം മുമ്പ് ജനുവരി 10 ന് ട്രംപിൻ്റെ ശിക്ഷ വിധിക്കും. ട്രംപിന് ജയിൽ ശിക്ഷ ലഭിക്കില്ലെന്ന് ട്രയൽ ജഡ്ജി സൂചിപ്പിച്ചിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News