കൊച്ചി: പ്രമുഖ പ്രൊഫഷണൽ സർവ്വീസ് കമ്പനിയായ ഇ വൈ ഗ്ലോബൽ ഡെലിവറി സർവീസസ് (ഇ വൈ ജിഡിഎസ്) കൊച്ചിയിൽ തങ്ങളുടെ പുതിയ ഓഫിസിന് തുടക്കം കുറിച്ചു. ഇവൈ ജി.ഡി.എസിൻ്റെ കൊച്ചിയിലെ നാലാമത് ഓഫീസാണ് പ്രവർത്തനം ആരംഭിച്ചത്. ഇതോടെ കമ്പനി വിഭാവനം ചെയ്യുന്ന ഭാവി വളർച്ചയുടെ സുപ്രധാന കേന്ദ്രമായി കൊച്ചി മാറും .
സംസ്ഥാനത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതും, പ്രതിഭാധനരായ മലയാളി യുവാക്കളെ കമ്പനിയുടെ ഭാഗമാക്കുന്നതും , നൂതന സാങ്കേതിക വൈദഗ്‌ധ്യം സ്വായത്തമാക്കുന്നതും ലക്ഷ്യമിട്ടാണ് ഓഫീസ് വിപുലീകരണം. കൊച്ചിയിൽ കാക്കനാടുള്ള പ്രസ്റ്റീജ് സൈബർ ഗ്രീനിലാണ് പുതിയ ഓഫീസ് സ്ഥിതി ചെയ്യുന്നത്.
കാക്കനാട് പ്രസ്റ്റീജ് സൈബർ ഗ്രീനിൽ നടന്ന ചടങ്ങിൽ സംസ്ഥാന എം എസ് എം ഇ -വ്യവസായ-കയർ-നിയമ വകുപ്പ് മന്ത്രി പി രാജീവ്, ഇ വൈ ജി ഡി എസ് ഗ്ലോബൽ വൈസ് ചെയർ അജയ് ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു മന്ത്രി പി രാജീവ് ഉദ്ഘാടന പ്രസംഗവും, അജയ് ആനന്ദ് മുഖ്യ പ്രഭാഷണവും നടത്തി. തുടർന്ന്, ‘ജി സി സിയുടെ വളർച്ചയ്ക്കും വികാസത്തിനും കേരളത്തെ സജ്ജമാക്കുക’ എന്ന വിഷയത്തിൽ പാനൽ ചർച്ചയും , കമ്പനിയുടെ കരിയർ റീ ഇൻസ്റ്റേറ്റ്‌മെന്റ്റ് പ്രോഗ്രാം, നെക്സ്റ്റ് ജെൻ എംപ്ലോയബിലിറ്റി പ്രോഗ്രാം തുടങ്ങിയവയിൽ പ്രത്യേക സെഷനുകളും സംഘടിപ്പിച്ചു.
“കേരളത്തിലെ സാങ്കേതിക വൈദഗ്‌ധ്യമുള്ള യുവാക്കളെ കണ്ടെത്തുന്നതിലുള്ള പ്രതിബദ്ധതയുടെ തെളിവാണ് പുതിയ ഓഫീസിൻ്റെ ഉദ്ഘാടനമെന്നും, നൂതന സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും, പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും, സുസ്ഥിര വളർച്ച ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ വിപുലീകരണമെന്നും,” ഇ വൈ ഗ്ലോബൽ ഡെലിവറി സർവീസ് ഗ്ലോബൽ വൈസ് ചെയർ അജയ് ആനന്ദ് അഭിപ്രായപ്പെട്ടു. വൈദഗ്ധ്യമുള്ള പ്രഫഷനലുകളും, മികവുറ്റ വ്യവസായ അന്തരീക്ഷവും കൈമുതലായുള്ള കൊച്ചി, കമ്പനിയുടെ വളർച്ചയ്ക്ക് മികച്ച പശ്ചാത്തലമാണ് ഒരുക്കിയിട്ടുള്ളത് എന്ന് വിലയിരുത്തിയ അജയ് ആനന്ദ്, കേരളത്തെ ആഗോളതലത്തിൽത്തന്നെ മികവിൻ്റെ കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളിലും, ലോകമെമ്പാടുമുള്ള ഇ വൈ യുടെ ഉപഭോക്താക്കളുടെ വളർച്ചയിൽ പങ്കാളിയാകാനും തങ്ങൾക്ക് സാധിക്കുന്നുവെന്നത് അഭിമാനകരമാണ് എന്നും അഭിപ്രായപ്പെട്ടു.
“ഇ വൈ ജിഡിഎസ് കൊച്ചിയിൽ വികസനം സാധ്യമാക്കുന്നു എന്നത് സന്തോഷമുളവാക്കുന്നതാണ് എന്ന് അഭിപ്രായപ്പെട്ട സംസ്ഥാന വ്യവസായ-കയർ-നിയമ വകുപ്പ് മന്ത്രി പി രാജീവ്, സംരംഭങ്ങളുടെയും, വൈദഗ്‌ധ്യമുള്ള പ്രഫഷനലുകളുടെയും ഇടമെന്ന കൊച്ചിയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് ഈ വിപുലീകരണമെന്നും ചൂണ്ടിക്കാട്ടി. ഇത് കേവലം അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ഒരു നിക്ഷേപം മാത്രമല്ല, മറിച്ച് കേരളത്തിലെ ജനങ്ങൾ ഉയർത്തിപ്പിടിക്കുന്ന സാദ്ധ്യതകളിന്മേലുള്ള നിക്ഷേപം കൂടിയാണ്, അദ്ദേഹം പറഞ്ഞു.
ഇ വൈ ജിഡിഎസ് കൊച്ചിയിൽ അവരുടെ സാന്നിധ്യത്തിലൂടെ തൊഴിൽ അവസരങ്ങൾ സ്യഷ്ടിച്ചും, നൈപുണ്യ വികസനം സാധ്യമാക്കിയും കേരളത്തിന്റെ ഡിജിറ്റൽ പരിവർത്തന യാത്രയിൽ പ്രമുഖ പങ്കാളിത്തം വഹിക്കും എന്ന പ്രതീക്ഷ പങ്കുവച്ച മന്ത്രി, ഒരു ആഗോള മികവിൻ്റെ കേന്ദ്രമാകാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളിൽ കൈകോർത്തു സഞ്ചരിക്കുന്ന വിധത്തിൽ ഫലവത്തായ പങ്കാളിത്തം ഉറപ്പാക്കുമെന്ന് പ്രത്യാശിക്കുന്നതായും പറഞ്ഞു.
പ്രസ്റ്റീജ് സൈബർ ഗ്രീനിൽ ഉദ്ഘാടനം ചെയ്‌ത പുതിയ ഓഫീസ് ഇ വൈ ജിഡിഎസിൻ്റെ വിവിധ പ്രവർത്തന മേഖലകളിൽ കൈകോർക്കുന്ന അനേകം പ്രഫഷനലുകളെ ഉൾക്കൊള്ളുന്നതിനുള്ള സ്ഥലം ഉറപ്പ് വരുത്തുന്നുണ്ട്. പരിവർത്തനപരമായ ഉപഭോക്‌ത്യ പരിഹാരങ്ങൾ പ്രദാനം ചെയ്യുന്നതിനും വിവിധ വ്യവസായ മേഖലകളിലുടനീളം നവീകരണം സാധ്യമാക്കുന്നതിനുമുള്ള നിലവിലെ കഴിവുകൾ കൂടുതൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കൊച്ചിയുടെ മികവാർന്ന ബിസിനസ്സ് അന്തരീക്ഷവും വിദഗ്‌ധ തൊഴിൽ ശക്തിയും പൂർണ്ണമായി പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ് ഇ വൈ ജിഡിഎസ്. പുതുയുഗ സൗകര്യങ്ങൾ വിന്യസിച്ച് ആഗോള തലത്തിലുള്ള സംവിധാനങ്ങൾ അണിനിരത്തിയ ഈ പുതിയ ഓഫീസ്, കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമല്ല പ്രഫഷനലുകൾക്ക് അവരുടെ തൊഴിൽപരമായ ഉന്നമനത്തിനും വഴിയൊരുക്കുന്നു. ഇതോടെ ഇവൈ ജിഡിഎസിൻ്റെ ആഗോള വിജയങ്ങളിൽ കൊച്ചിയും ഭാഗഭാക്കായി മാറും.
2002 ൽ തുടക്കം കുറിച്ചശേഷം ഇവൈ ജിഡിഎസിൻ്റെ വളർച്ചയിൽ കേരളം മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 10,000 ജീവനക്കാരാണ് ഉള്ളത്. അതിൽ, 7000 ലധികം പേർ കൊച്ചിയിലും, 3000 ത്തോളം പേർ തിരുവനന്തപുരത്തുമാണ് പ്രവർത്തിക്കുന്നത്. അടുത്ത അഞ്ചു വർഷക്കാലയളവിൽ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ ഇവൈ ജിഡിഎസ് പദ്ധതിയിട്ടിട്ടുണ്ട്.