കർഷക പ്രതിഷേധം: ശംഭു അതിർത്തിയിൽ മൂന്നാഴ്ചയ്ക്കിടെ രണ്ടാമത്തെ കർഷകൻ ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിൽ പ്രതിഷേധിച്ച 55 കാരനായ കർഷകൻ വ്യാഴാഴ്ച വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മൂന്നാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ് സമരവേദിയിൽ.

മിനിമം താങ്ങുവില ഉറപ്പുനൽകുക, സ്വാമിനാഥൻ കമ്മീഷൻ ശിപാർശകൾ ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്കായി കഴിഞ്ഞ ഒരു വർഷമായി ഇവിടുത്തെ കർഷകർ സമരത്തിലാണ്.

റിപ്പോർട്ട് അനുസരിച്ച്, പഞ്ചാബിലെ തരൺ തരൺ ജില്ലയിലെ പഹുവിന്ദ് നിവാസിയായ രേഷാം സിംഗാണ് പ്രതിഷേധ സ്ഥലത്ത്
ആത്മഹത്യ ചെയ്തത്. പട്യാലയിലെ രജീന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ നിരാശയുണ്ടെന്ന് കിസാൻ മസ്ദൂർ സംഘർഷ് മോർച്ചയുടെയും സംയുക്ത കിസാൻ മോർച്ചയുടെയും (രാഷ്ട്രീയേതര) കോ-ഓർഡിനേറ്റർ സർവാൻ സിംഗ് പന്ദേർ പറഞ്ഞു.

സർക്കാർ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും കുടുംബാംഗങ്ങൾക്ക് ജോലി നൽകുകയും കർഷകൻ്റെ കടം എഴുതിത്തള്ളുകയും ചെയ്യുന്നതുവരെ രേഷാം സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ കർഷകൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുമെന്ന് പാന്ദേർ പറഞ്ഞു.

ഇതിനുമുമ്പ് ഡിസംബർ 18ന് മറ്റൊരു കർഷകൻ രഞ്ജോദ് സിംഗ് ഇതേ സമരഭൂമിയിൽ ആത്മഹത്യ ചെയ്തിരുന്നു. നവംബർ 26 മുതൽ ഖനൗരി അതിർത്തിയിൽ മരണം വരെ നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിൻ്റെ (70) ആരോഗ്യനില വഷളായതാണ് രഞ്ജോദ് സിംഗിനെ വിഷമിപ്പിച്ചതെന്ന് പറയപ്പെടുന്നു.

മരണം വരെ നിരാഹാരം വ്യാഴാഴ്ച 45-ാം ദിവസത്തിലേക്ക് കടന്ന ദല്ലേവാൾ, തൻ്റെ മരണം സംഭവിച്ചാലും സമരം തുടരാൻ സഹപ്രവർത്തകരോട് അഭ്യർത്ഥിച്ചു.

തൻ്റെ മൃതദേഹം പ്രതിഷേധ സ്ഥലത്ത് സൂക്ഷിക്കണമെന്നും കർഷക പ്രസ്ഥാനത്തിൻ്റെ അക്ഷീണമായ ചൈതന്യത്തെ പ്രതീകപ്പെടുത്തുന്ന മറ്റേതെങ്കിലും നേതാക്കൾ നിരാഹാരം തുടരണമെന്നും ദല്ലേവാൾ ബുധനാഴ്ച രാവിലെ തൻ്റെ അടുത്ത അനുയായി കാക്ക സിംഗ് കോത്രയ്ക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.

ദല്ലേവാളിൻ്റെ ആരോഗ്യനില നിരീക്ഷിക്കുന്ന അഞ്ച് ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നവംബർ 26 മുതൽ വെള്ളം മാത്രം കുടിക്കുന്ന ദല്ലേവാൾ ക്യാൻസർ മരുന്നു കഴിക്കുന്നതും നിർത്തിയതായി കർഷകർ പറഞ്ഞു. മസിലുകളുടെ ഗണ്യമായ നഷ്ടം, അപകടകരമാംവിധം സോഡിയം അളവ്, തുടർച്ചയായി കുറഞ്ഞ രക്തസമ്മർദ്ദം എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ സ്ഥിരമായി ചികിത്സിക്കുന്ന ഡോക്ടർമാർ എടുത്തുകാണിച്ചു.

അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞ മാസം സുപ്രീം കോടതി പഞ്ചാബ് സർക്കാരിനോട് ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ഹർജികളാണ് കോടതി പരിഗണിക്കുന്നത്.

ആവർത്തിച്ചുള്ള വൈദ്യോപദേശം നൽകിയിട്ടും ദല്ലേവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാത്ത സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി വിമർശിക്കുകയും ഇത് ക്രമസമാധാന സംവിധാനത്തിൻ്റെ പരാജയം മാത്രമല്ല ആത്മഹത്യാ പ്രേരണയാണെന്നും പറഞ്ഞിരുന്നു. ദല്ലെവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കാര്യം ബോധ്യപ്പെടുത്തണമെന്നും ആവശ്യമെങ്കിൽ കേന്ദ്രത്തിൻ്റെ സഹായം തേടാൻ അനുവദിക്കണമെന്നും കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാരും കർഷകരും തമ്മിൽ ഏറെ നാളായി തർക്കം നിലനിൽക്കുന്ന എംഎസ്പിക്ക് നിയമപരമായ പദവി ലഭിക്കണമെന്നതാണ് കർഷകരുടെ പ്രധാന ആവശ്യമെന്നറിയുന്നു. 2021ൽ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് ശേഷം എംഎസ്പിക്ക് നിയമപരമായ പദവി നൽകുമെന്ന് മോദി സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് കർഷകർ പറയുന്നു.

റിപ്പോർട്ടുകൾ പ്രകാരം , കഴിഞ്ഞ വർഷം ഫെബ്രുവരി 13 ന് ഫാർമേഴ്‌സ് മൂവ്‌മെൻ്റ് 2.0 ആരംഭിച്ചതിന് ശേഷം ഇതുവരെ 34 കർഷകർ മരിച്ചു.

Print Friendly, PDF & Email

Leave a Comment

More News