പാലക്കാട്: പട്ടാമ്പി കീഴായൂരിൽ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസ്. കിഴക്കേ പുരയ്ക്കല്‍ ജയയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനാണ് നീക്കം. ജപ്തി നടപടികൾക്ക് മുമ്പ് ഷൊർണൂർ സഹകരണ അർബൻ ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും മതിയായ സമയം നൽകിയിരുന്നുവെന്നും അവർ നൽകിയ വിശദീകരണവും അന്വേഷണത്തിന്റെ ഭാഗമാക്കുമെന്ന് പോലീസ് പറഞ്ഞു.
തീകൊളുത്തി മരിച്ച ജയയുടെ ബന്ധുക്കളിൽ നിന്ന് പട്ടാമ്പി പോലീസ് മൊഴി രേഖപ്പെടുത്തി. 2015 ലെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് പ്രകാരം ഇന്നലെ രാവിലെ ഷൊർണൂർ സഹകരണ അർബൻ ബാങ്ക് ഉദ്യോഗസ്ഥർ ജയയുടെ വീട് ജപ്തി ചെയ്യാൻ എത്തി. ഉദ്യോഗസ്ഥരെ കണ്ട ജയ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു,
80 ശതമാനം പൊള്ളലേറ്റ ജയയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഷൊർണൂർ സഹകരണ അർബൻ ബാങ്ക് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇന്നലെ വൈകീട്ട് ബാങ്കിന്റെ പട്ടാമ്പി ശാഖയിലേക്ക് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.