ദോഹ: ശൈത്യകാല അവധിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സ്റ്റുഡൻ്റ്സ് ഇന്ത്യ ഖത്തർ ‘ഉഖുവ്വ’ എന്ന തലക്കെട്ടിൽ ദ്വിദിന വിൻ്റർ ക്യാമ്പ് സംഘടിപ്പിച്ചു. സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡണ്ട് ടി.കെ ഖാസിം ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഉംസലാലിലെ റിസോർട്ടിൽ വെച്ച് നടന്ന ക്യാമ്പിൽ എട്ടു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.
‘കാലം തേടുന്ന കൗമാരം’ എന്ന വിഷയത്തിൽ ഡോ. താജ് ആലുവ ഇൻ്ററാക്റ്റിവ് സെഷൻ നയിച്ചു. ‘പുതിയകാലത്തെ മാധ്യമപ്രവർത്തനം : സാധ്യതകൾ, വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ഷഹീൻ അബ്ദുല്ല (മക്തൂബ് മീഡിയ) സംസാരിച്ചു. ‘കാലടികൾ’ എന്ന തലക്കെട്ടിൽ റിയാസ് ടി റസാഖ്, ‘മാനസിക വികാസം’ എന്ന വിഷയത്തിൽ സിജി ഖത്തർ ചീഫ് കോർഡിനേറ്റർ റുക്നുദ്ദീൻ എന്നിവർ ക്ലാസെടുത്തു. പാട്ടും പറച്ചിലും നടനവുമായി വിദ്യാർഥികളുടെ സർഗശേഷികൾ പങ്കുവെച്ചു കൊണ്ടുള്ള ആർട്സ് സെഷൻ കെ. മുഹമ്മദ് സക്കരിയ്യ നിയന്ത്രിച്ചു.
സ്റ്റുഡൻ്റ്സ് ഇന്ത്യ ഖത്തർ കോർഡിനേറ്റർ ഷാജഹാൻ അബ്ദുൽ കരീം, സി.ഐ.സി റയ്യാൻ സോൺ പ്രസിഡന്റ് സുധീർ ടി.കെ തുടങ്ങിയവർ വിദ്യാർഥികളുമായി സംവദിച്ചു. തസ്‌മീർ ഖാൻ, സക്കരിയ്യ, മിദ്‌ലാജ് റഹ്‌മാൻ തുടങ്ങിയവർ ഗാനമാലപിച്ചു.
വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കായിക സെഷന് മുൻശീർ (അൽശമാൽ ക്ലബ്), ഷഫീഖ് അലി, ഇസ്മായിൽ വി എന്നിവർ നേതൃത്വം നൽകി.
സ്വിമ്മിങ്, ക്യാമ്പ് ഫയർ സെഷനുകളും നടന്നു. മുഫീദ് ഹനീഫ, അബ്ദുസ്സമദ്, ഇഹ്ജാസ് അസ്‌ലം, അഷ്റഫ് മീരാൻ, അബ്ദുൽ ഷുക്കൂർ എ.എം, മിദ്ലാജ് കെ.പി, മർഷദ് പി.സി, ഷാജഹാൻ, ഇസ്മായിൽ മക്കരപ്പറമ്പ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.