കാലിഫോർണിയ: ലോസ് ഏഞ്ചൽസിൽ ഉണ്ടായ തീപിടിത്തം വൻ നാശം വിതച്ചു. ചൊവ്വാഴ്ച പസഫിക് പാലിസേഡ്സ് വനങ്ങളിൽ ആരംഭിച്ച തീ ഇപ്പോൾ 8 വനങ്ങളിലേക്ക് പടർന്നിരിക്കുകയാണ് ഇതോടെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. നിരവധി ഹോളിവുഡ് താരങ്ങളുടെ വീടുകളും തീപിടിത്തത്തില്‍ കത്തി നശിച്ചു.
ഗായിക ബ്രിട്ട്‌നി സ്പിയേഴ്സും ഈ ദുരന്തത്തിന് ഇരയായി, അവരുടെ ആഡംബര 7.4 മില്യൺ ഡോളർ വിലവരുന്ന മാന്‍ഷന്‍ ഉപേക്ഷിച്ച് ഒരു ഹോട്ടലിൽ താമസിക്കേണ്ടിവന്നു. ഹോട്ടലിൽ താമസിക്കാൻ നാല് മണിക്കൂർ ഡ്രൈവ് ചെയ്യുകയാണെന്ന് സ്പിയേഴ്സ് ഇൻസ്റ്റാഗ്രാമിൽ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി കറണ്ട് ഇല്ലാത്തതിനാൽ ഫോൺ ചാർജ് ചെയ്യാൻ പോലും കഴിയാതെയായെന്നും അവര്‍ പറഞ്ഞു.
കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ രണ്ടാമത്തെ തീപിടുത്തമായാണ് ഇതിനെ കണക്കാക്കുന്നത്. 2900 ഏക്കറിലാണ് ഇതുവരെ തീ പടർന്നത്. മാർക്ക് ഹാമിൽ, മാൻഡി മൂർ, മരിയ ഷ്രിവർ, ജാമി ലീ കർട്ടിസ്, ലെയ്‌ടൺ മീസ്റ്റർ, ജെയിംസ് വുഡ്‌സ്, പാരീസ് ഹിൽട്ടൺ എന്നിവരുൾപ്പെടെ നിരവധി പ്രശസ്ത ഹോളിവുഡ് സെലിബ്രിറ്റികളുടെ വീടുകൾ കത്തി നശിച്ചു. ഇതിന് പുറമെ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനും വീട് ഒഴിയേണ്ടി വന്നു.