ന്യൂയോർക്ക് കേരളാ സമാജം നവനേതൃത്വം ചുമതലയേറ്റു; സജി എബ്രഹാം പ്രസിഡൻറ്, മാത്യുക്കുട്ടി ഈശോ സെക്രട്ടറി

ന്യൂയോർക്ക്: 2025-ൽ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിനെ നയിക്കുവാൻ അൻപത്തിമൂന്നാമത് പ്രസിഡന്റായി സജി എബ്രഹാമും സെക്രട്ടറിയായി മാത്യുക്കുട്ടി ഈശോയും ട്രഷറർ ആയി വിനോദ് കെയാർക്കെയും ട്രസ്റ്റീ ബോർഡ് ചെയർമാനായി വിൻസെന്റ് സിറിയക്കും ചുമതലയേറ്റു. 2024 ഡിസംബർ 14-ന് ശനിയാഴ്ച്ച വൈകിട്ട് ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റർ ഹാളിൽ വച്ച് നടത്തപ്പെട്ട സമാജം പൊതുയോഗത്തിലാണ് പുതിയ വർഷത്തേക്കുള്ള ചുമതലക്കാരേയും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെയും ഐക്യകണ്ഡേന തെരഞ്ഞെടുത്തത്. 2025 ജനുവരി 11 ശനിയാഴ്ച ഫ്ലോറൽ പാർക്കിലുള്ള ദിൽബാർ ഇന്ത്യൻ റെസ്റ്റോറന്റിൽ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളും കമ്മറ്റി അംഗങ്ങളും ചുമതലയേറ്റത്‌.

വർഷങ്ങളായി കേരളാ സമാജത്തിൽ സജീവ അംഗമായി പ്രവർത്തിക്കുന്ന പ്രസിഡൻറ് സജി എബ്രഹാം മുൻ വർഷങ്ങളിൽ സമാജത്തിന്റെ സെക്രട്ടറിയായും കമ്മറ്റി അംഗമായും പ്രവർത്തിച്ച് എല്ലാവർക്കും സുപരിചിതനായ വ്യക്തിയാണ്. ഫോമായുടെ സ്ഥാപക അംഗമായ സജി ഫോമാ ജനറൽ സെക്രട്ടറിയായും നിരവധി തവണ നാഷണൽ കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഫോമാ ബൈലോ കമ്മറ്റി ചെയർമാനായി പ്രവർത്തിക്കുന്നു. ന്യൂയോർക്കിലെ ഒരു മാധ്യമ പ്രവർത്തകൻ കൂടിയായ മാത്യുക്കുട്ടി ഈശോ കേരളാ സമാജത്തിന്റെ കഴിഞ്ഞ വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. ആദ്യമായാണ് മാത്യുക്കുട്ടി സമാജം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ട്രഷർ വിനോദ് കെയാർക്കേ കേരളാ സമാജം പ്രസിഡന്റായി മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും ട്രഷറാറായി സ്തുത്യർഹ സേവനം കാഴ്ച വച്ച വ്യക്തിയാണ് വിനോദ്. ഫൊക്കാനാ ജനറൽ സെക്രട്ടറി, ഫൊക്കാന നാഷണൽ കമ്മറ്റി അംഗം എന്ന നിലകളിൽ പ്രവർത്തിച്ചിട്ടുള്ള വിനോദ് കെയാർക്കേ ലോങ്ങ് ഐലൻഡിലെ പ്രശസ്തനായ റിയൽ എസ്റ്റേറ്റ് അറ്റോർണിയാണ്. നാല് വർഷം മുമ്പ് സമാജത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ച വ്യക്തിയാണ് ബോർഡ് ഓഫ് ട്രസ്റ്റിയായി ചുമതലയേറ്റ വിൻസെന്റ് സിറിയക്. നിരവധി വർഷങ്ങളിൽ സമാജത്തിൻറെ വിവിധ ചുമതലകൾ വഹിച്ചിട്ടുള്ള വിൻസെൻറ് ലോങ്ങ് ഐലൻഡിൽ അറിയപ്പെടുന്ന മോർട്ട്ഗേജ് ലോൺ ഓഫീസറാണ്.

കേരളാ സമാജത്തിന്റെ മറ്റു ചുമതലക്കാരും കമ്മറ്റി അംഗങ്ങളും: വൈസ് പ്രസിഡൻറ് ബെന്നി ഇട്ടിയേറ, ജോയിന്റ് സെക്രട്ടറി ജോസി സ്കറിയാ. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ: ലീലാ മാരേട്ട്, ഷാജി വർഗ്ഗീസ്, ഹേമചന്ദ്രൻ പെരിയാൽ, മാമ്മൻ എബ്രഹാം, തോമസ് വർഗ്ഗീസ്, ബാബു പാറക്കൽ, പ്രകാശ് തോമസ്. മറ്റ് ട്രസ്റ്റീ ബോർഡ് അംഗങ്ങൾ: വർഗ്ഗീസ് കെ. ജോസഫ്, പോൾ പി. ജോസ്, ഫിലിപ്പോസ് കെ. ജോസഫ് (ഷാജി), തോമസ് ഡേവിഡ് (സിബി). ആഡിറ്റർമാർ : ചാക്കോ കോയിക്കലത്ത്, ജോയ്‌സൺ വർഗ്ഗീസ്.

ഈ വർഷത്തെ പ്രവർത്തന പരിപാടികളുടെ രൂപരേഖയും യോഗത്തിൽ തയ്യാറാക്കി. പ്രവർത്തനോദ്ഘാടനവും ഈസ്റ്റർ – വിഷു ആഘോഷവും മെയ് 3-ന് ശനിയാഴ്ചയും, പിക്‌നിക് ജൂലൈ 26-നും ഓണാഘോഷവും ഓണസദ്യയും സെപ്റ്റംബർ 6-നും വാർഷിക ഡിന്നറും ഫാമിലി നൈറ്റും നവംബർ 22-നും നടത്തുന്നതിന് യോഗം തീരുമാനമെടുത്തു. 2025-ലെ വാർഷിക പൊതുയോഗവും 2026 വർഷത്തേക്കുള്ള ചുമതലക്കാരുടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും ഡിസംബർ 13 ശനിയാഴ്ച്ച നടത്തുന്നതിനും തീരുമാനിച്ചു. പതിവിൽ നിന്നും വ്യത്യസ്തമായി സാഹിത്യ സമ്മേളനങ്ങളും സെമിനാറുകളും, ടാക്‌സ് സംബന്ധമായും എസ്റ്റേറ്റ് പ്ലാനിംഗ് സംബന്ധിച്ചുമുള്ള സ്റ്റഡി ക്ലാസ്സുകളും സെമിനാറുകളും നടത്തുന്നതാണ്. സാഹിത്യ സമ്മേളനങ്ങളുടെ നടത്തിപ്പിനായി എഴുത്തുകാരനും സാഹിത്യകാരനുമായ ബാബു പാറക്കലിനെ കോർഡിനേറ്ററായി തെരഞ്ഞെടുത്തു. ടാക്‌സ് നിയമങ്ങളെ സംബന്ധിച്ച സെമിനാറുകൾക്കു നേതൃത്വം നൽകുന്നതിന് ടാക്സ് പ്രാക്ടീഷണറായ ഷാജു സാമിനെയും എസ്റ്റേറ്റ് പ്ലാനിംഗ് സെമിനാറുകളുടെ കോർഡിനേറ്ററായി റിയൽ എസ്റ്റേറ്റ് അറ്റേർണിയായ വിനോദ് കെയാർക്കെയെയും ചുമതലപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News