വാഷിംഗ്ടൺ: പനാമ കനാൽ സംബന്ധിച്ച് വിവാദമായ അവകാശവാദവുമായി നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അറ്റ്ലാൻ്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ സുപ്രധാന കനാൽ ചൈനീസ് സൈനികരുടെ നിയന്ത്രണത്തിലാണെന്ന്
അദ്ദേഹം പറഞ്ഞു. അതോടൊപ്പം അമേരിക്കൻ കപ്പലുകളിൽ നിന്ന് ഉയർന്ന നിരക്കാണ് ഈടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തൻ്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പനാമ കനാലിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
എന്നാല്‍, ട്രംപിൻ്റെ ഈ അവകാശവാദങ്ങൾ പനാമ കനാൽ അഡ്മിനിസ്ട്രേഷൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. പനാമ കനാൽ പൂർണമായും പനാമയുടെ നിയന്ത്രണത്തിലാണെന്നും ചൈനീസ് സൈനികരുടെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും കനാൽ അഡ്മിനിസ്ട്രേറ്റർ റികോർട്ടെ വാസ്‌ക്വസ് വ്യക്തമാക്കി. കനാലിൻ്റെ രണ്ടറ്റത്തും പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികൾ 1997-ൽ ഒരു ബിഡ്ഡിംഗ് പ്രക്രിയയിൽ കരാർ നേടിയ ഹോങ്കോംഗ് കൺസോർഷ്യത്തിൻ്റെ ഭാഗമായിരുന്നുവെന്ന് വാസ്‌ക്വസ് പറഞ്ഞു. ഇതൊക്കെയാണെങ്കിലും, കനാലിൻ്റെ പ്രവർത്തനവും നിയന്ത്രണവും പൂർണ്ണമായും പനാമ സർക്കാരിൻ്റെ കീഴിലാണ്.