മലപ്പുറം: നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിൽ ജനറൽ കോച്ചുകൾ കൂട്ടിയപ്പോൾ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച നടപടിയിൽ വെൽഫെയർ പാർട്ടി പ്രതിഷേധം രേഖപ്പെടുത്തി. ഇതുമൂലം യാത്രക്കാർക്ക് നേരിടുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി ജില്ലാ നേതാക്കൾ നിലമ്പൂർ സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകി.
ഇപ്പോഴത്തെ 14 കോച്ചുകളുള്ള ട്രെയിനിൽ രണ്ട് സ്ലീപ്പർ കോച്ചുകൾ കുറച്ച് രണ്ട് ജനറൽ കോച്ചുകൾ കൂട്ടിയത് യാത്രക്കാരുടെ ആവശ്യങ്ങൾക്കുള്ള പരിഹാരമല്ല. സ്ലീപ്പർ കോച്ചുകളുടെ കുറവ് മൂലം 150-ഓളം യാത്രക്കാർക്ക് ബെർത്ത് സൗകര്യങ്ങളോടെ ദീർഘദൂര യാത്ര നടത്താൻ കഴിയുന്നില്ല.
മലബാർ മേഖലയിൽ നിന്ന് തലസ്ഥാന നഗരിയിലേക്ക് ചികിത്സക്കായി യാത്ര ചെയ്യുന്നവർക്കും രാത്രി സമയത്ത് ദീർഘദൂര യാത്ര ചെയ്യുന്നവർക്കും ഇത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് വെൽഫെയർ പാർട്ടി ചൂണ്ടിക്കാട്ടി. രാജ്യറാണി എക്‌സ്പ്രസിൽ റീജിയണൽ കാൻസർ സെന്ററിലേക്കുള്ള രോഗികൾ ഉൾപ്പെടെ നിരവധി രോഗികൾ യാത്ര ചെയ്യുന്ന ട്രെയിനാണിത്. ഇതിൽ സ്ലീപ്പർ ക്ലാസ് വെട്ടിക്കുറച്ചത് പ്രതിഷേധാർഹമാണ്.
ഇന്ത്യയിലെ മിക്ക എക്‌സ്പ്രസ് ട്രെയിനുകളും 18 കോച്ചുകളുള്ളതായതിനാൽ രാജ്യറാണി എക്സ്പ്രസിനും 18 കോച്ചുകൾ ഉൾപ്പെടുത്തി സ്ലീപ്പർ, ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടണമെന്നും ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകി. ജില്ലാ വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ, എഫ്‌ഐടിയു ജില്ലാ പ്രസിഡണ്ട് കാദർ അങ്ങാടിപ്പുറം, ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ, ഗനി നിലമ്പൂർ, സവാദ് മൂലേപാടം തുടങ്ങിയവർ കൂടെ ഉണ്ടായിരുന്നു.
ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും പരാതി നൽകി.