ഇസ്രായേൽ വെടിനിർത്തൽ കരാർ ഒപ്പിട്ടു; 735 ‘ഭീകരരെ’ മോചിപ്പിക്കും!

ദോഹ (ഖത്തര്‍): ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ സംബന്ധിച്ച് ധാരണയിലെത്തിയതായും ഞായറാഴ്ച മുതൽ ഗാസയിൽ അത് പ്രാബല്യത്തിൽ വരുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. അതേസമയം, 735 ഫലസ്തീനികളെ മോചിപ്പിക്കുമെന്ന് ഇസ്രായേലും അറിയിച്ചു. പകരമായി ഹമാസ് ചില ഇസ്രായേലി ബന്ദികളെ മോചിപ്പിക്കും.

ഞായറാഴ്ച രാവിലെ 8.30 മുതൽ ഈ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. നേരത്തെ ഇസ്രായേൽ സർക്കാർ ഈ കരാറിന് അംഗീകാരം നൽകിയിരുന്നു. ഈ കരാറിനെ അനുകൂലിച്ച് 24 വോട്ടും എതിർത്ത് 8 വോട്ടും ലഭിച്ചു. എല്ലാ കക്ഷികളോടും സംയമനം പാലിക്കാനും ജാഗ്രത പാലിക്കാനും ഖത്തർ അഭ്യർത്ഥിച്ചു.

അവസാന ദിവസങ്ങളിൽ നടന്ന ചർച്ചകൾ നിർണായകമായെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി പറഞ്ഞു. ഈ കരാർ പ്രകാരം 735 ഫലസ്തീനികളെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഇസ്രായേൽ തീരുമാനിച്ചു, അവരെയെല്ലാം തീവ്രവാദികളായി കണക്കാക്കുന്നു. പകരമായി ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിക്കും.

ഇസ്രായേൽ ജയിലിൽ നിന്ന് മോചിതരാകുന്ന തടവുകാരിൽ സക്കറിയ സുബൈദിയുടെ പേരും ഉൾപ്പെടുന്നു. ഫത്തായുടെ അൽ അഖ്‌സ ബ്രിഗേഡിൻ്റെ മുൻ കമാൻഡറായ അദ്ദേഹം 2021-ൽ ഗിൽബോവ ജയിൽ ചാട്ടത്തിൽ പങ്കാളിയായിരുന്നു. ഇതിന് പുറമെ 15 വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന മഹ്മൂദ് അതല്ലയും മോചിതനാകും. യുദ്ധാനന്തരം ഗാസയുടെ ഭരണം ഫലസ്തീനികളുടെ വിഷയമായിരിക്കുമെന്ന് ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് ഘട്ടങ്ങളായാണ് ഈ വെടിനിർത്തൽ നടപ്പാക്കുക.

ഈ കരാർ പ്രകാരം ഞായറാഴ്ച ഹമാസ് ബന്ദികളെ മോചിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഗാസ മുനമ്പിൻ്റെ ഭൂരിഭാഗവും നശിപ്പിക്കുകയും 46,000 ഫലസ്തീനികൾ കൊല്ലപ്പെടുകയും ചെയ്ത 15 മാസത്തെ സംഘർഷത്തിന് ശേഷമാണ് കരാർ. ആദ്യഘട്ടത്തിൽ 50 വയസ്സിനു മുകളിലുള്ള സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 33 ഇസ്രായേൽ ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരമായി 735 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കും.

ഇസ്രായേലികളും അല്ലാത്തവരുമടക്കം 98 പേർ ഇപ്പോഴും ഗാസയിൽ ബന്ദികളാണെന്നാണ് ഇസ്രായേൽ പറയുന്നത്. അവരിൽ ഭൂരിഭാഗവും 2023 ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിൽ പിടിക്കപ്പെട്ടവരാണ്, ചിലർ 2014 മുതൽ ഗാസയിലായിരുന്നു. ഈ പോരാട്ടത്തിൽ 46,000 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News