കോഴിക്കോട്: 15 മാസം നീണ്ട് നിന്ന വംശഹത്യക്ക് ശേഷം ഗസ്സയിൽ നിന്നും സയണിസ്റ്റ് ഇസ്റായേൽ സേന പിന്മാറിയതിന്റെ വിജയാഹ്ലാദ ദിനം സംഘടിപ്പിച്ച് സോളിഡാരിറ്റി. കോഴിക്കോട് ബീച്ചിനടുത്തുള്ള ആസ്പിൻ കോർട്ടിയാർഡ്സിൽ പ്രത്യേകം സജ്ജമാക്കിയ തൂഫാനുൽ അഖ്സ സ്വകയറിലാണ് ലൈവ് ഗ്രാഫിറ്റി, റാപ്പ് സോങ്, ഫലസ്തീൻ വിജയ ഗാനങ്ങൾ തുടങ്ങിയ വ്യത്യസ്ത കലാപരിപാടികളിലൂടെ ഫലസ്തീൻ ജനതയുടെ അതീജീവനത്തോട് ഐക്യദാർഢ്യപ്പെട്ട് കൊണ്ട് വിജയാഹ്ലാദ സംഗമം നടന്നത്.
അമേരിക്കയുടെ നേതൃത്വത്തിൽ സയണിസ്റ്റുകൾ നടത്തിയ വംശഹത്യ ആരാണ് യഥാർത്ഥ തീവ്രവാദത്തിന്റെ വക്താക്കൾ എന്ന് ലോകത്തിന് മുന്നിൽ കാണിച്ച് കൊടുത്തെന്നും സ്വതന്ത്ര ഫലസ്തീനിനായി ഗസ്സയിലെ പോരാളികൾ നടത്തിയ അതിജീവനം ലോകത്ത് അടിച്ചമർത്തപ്പെടുന്ന മുഴുവൻ ജനതക്കുമുള്ള ഊർജ്ജമാണെന്നും സംഗമം ഉദ്ഘാടനം ചെയ്ത സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീക് മമ്പാട് അഭിപ്രായപ്പെട്ടു.

കേരളത്തിലെ ഏറ്റവും വലിയ ലിറ്ററേച്ചർ ഫെസ്റ്റെന്ന് അവകാശപ്പെടുന്ന കെ.എൽ.എഫിൽ വർത്തമാന കാലം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വംശഹത്യയായ ഗസ്സയിലെ സയണിസ്റ്റ് കൂട്ടക്കൊലയെയോ ഫലസ്തീനെയോ പരാമാർശിക്കുന്ന ഒരു സെഷനും ഇല്ലാ എന്ന കൊടിയ അനീതിയെ വിമർശന വിധേയമാക്കിക്കൊണ്ട് കൂടിയാണ് ഫെസ്റ്റിവലിന്റെ അതേ സന്ദർഭത്തിൽ തന്നെ കോഴിക്കോട് ബീച്ചിൽ ഇത്തരം ഒരു ഫലസ്തീൻ ഐക്യദാർഢ്യപ്പരിപാടിക്ക് സോളിഡാരിറ്റി നേതൃത്വം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു.
അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ പ്രമുഖ കാലിഗ്രഫി ആർട്ടിസ്റ്റ് കരീംഗ്രഫി ലൈവ് ഗ്രാഫിറ്റി പ്രദർശനത്തിന് നേതൃത്വം നൽകി. ഹൻദല ബീറ്റ്സ് എന്ന തലക്കെട്ടിൽ അരങ്ങേറിയ റാപ്പ് സോങ് അവതരണവും, ഡോ.സിദ്റത്തുൽ മുൻതഹ നേതൃത്വം നൽകിയ ഫലസ്തീൻ ഐക്യദാർഢ്യ സോങ്സ് ആലാപനവും സംഗമത്തെ ശ്രദ്ധേയമാക്കി. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഇസ്മായീൽ വിജയാഹ്ലാദ സംഗമത്തിൽ സമാപന സന്ദേശം കൈമാറി.സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് അഫീഫ് ഹമീദ് സ്വാഗതം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റഷാദ് വി.പി, സോളിഡാരിറ്റി സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായി സജീര്‍ എടച്ചേരി, റഹ്മാന്‍ ഇരിക്കൂര്‍, അസ്‍ലഹ് കക്കോടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.