അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാർക്കെതിരെ നടപടി; സുരക്ഷാ ഏജൻ്റുമാർ ഗുരുദ്വാരകളിൽ അന്വേഷണം നടത്തി

വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടികളുമായി യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച, യുഎസ് സുരക്ഷാ ഏജൻ്റുമാർ ന്യൂയോർക്കിലെയും ന്യൂജേഴ്‌സിയിലെയും ഗുരുദ്വാരകളിൽ റെയ്ഡ് നടത്തി അനധികൃത കുടിയേറ്റക്കാർക്കായി തിരച്ചിൽ നടത്തി. ആരാധനാലയങ്ങൾ പോലുള്ള സെൻസിറ്റീവ് പ്രദേശങ്ങൾ സന്ദർശിക്കുന്നതിൽ നിന്ന് നിയമപാലകരെ വിലക്കുന്ന നയത്തിൻ്റെ അവസാനത്തെ തുടർന്നാണ് നടപടി.

ന്യൂയോർക്കിലെയും ന്യൂജേഴ്‌സിയിലെയും ഗുരുദ്വാരകളാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സിഖ് വിഘടനവാദികളും അനധികൃത കുടിയേറ്റക്കാരും ഈ ആരാധനാലയങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് ആരോപണം.

പ്രസിഡൻ്റായി മണിക്കൂറുകൾക്ക് ശേഷം, ഡൊണാൾഡ് ട്രംപ് സുരക്ഷാ വകുപ്പിൻ്റെ ആക്ടിംഗ് ഹോം സെക്രട്ടറി ബെഞ്ചമിൻ ഹഫ്മാൻ ബൈഡൻ ഭരണകൂടത്തിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ റദ്ദാക്കി. തുടർന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റ്
തിരച്ചില്‍ ആരംഭിച്ചത്. “കുറ്റവാളികൾ ഇനി സ്‌കൂളുകളിലും പള്ളികളിലും ഒളിച്ച് താമസിച്ച് അറസ്റ്റിൽ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കില്ല. നിയമപാലനം ഒരു തരത്തിലും തടയാൻ ട്രംപ് ഭരണകൂടം അനുവദിക്കില്ല,” ഹോംലാന്റ് സെക്യൂരിറ്റി വക്താവ് പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വാഗ്ദാനം ചെയ്തിരുന്നു. അനധികൃതമായി അമേരിക്കയിൽ താമസിക്കുന്ന 18,000 ഇന്ത്യക്കാരുടെ പട്ടികയാണ് അമേരിക്ക ഇന്ത്യക്ക് കൈമാറിയത്. ഇതിനുപുറമെ, അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിൽ സഹകരിക്കാൻ എല്ലാ രാജ്യങ്ങളോടും അമേരിക്ക അഭ്യർത്ഥിച്ചിട്ടുണ്ട്.

ഈ നടപടിക്കെതിരെ ചില സിഖ് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഈ നടപടി തങ്ങളുടെ വിശ്വാസത്തിനും ആരാധനാലയങ്ങളുടെ പവിത്രതയ്ക്കും ഭീഷണിയാണെന്നും അവർ പറയുന്നു. ആരാധനാലയങ്ങളിലും മറ്റ് സെൻസിറ്റീവ് സ്ഥലങ്ങളിലും ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻ്റ് നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ട മാർഗ്ഗനിർദ്ദേശങ്ങൾ അസാധുവാക്കിയതിൽ ആശങ്ക പ്രകടിപ്പിച്ച് സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എജ്യുക്കേഷൻ ഫണ്ട് (SALDAF) പ്രസ്താവന ഇറക്കി.

Print Friendly, PDF & Email

Leave a Comment

More News