തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു.
താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കാം. താപനിലയും ഈർപ്പവും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് കാരണമാകും. ഉയർന്ന ചൂട് സൂര്യാഘാതം, ഉഷ്ണാഘാതം, നിർജലീകരണം മുതലായവയ്ക്ക് കാരണമാകുമെന്നതിനാൽ ആളുകൾ ജാഗ്രത പാലിക്കണം. 31-ാം തീയതി തെക്കൻ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു.
കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം ഇന്ന് പൂര്‍ണമായും പിന്‍വാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താപനില ഉയരുന്നത്.
ജനുവരി 31ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള കാലാവസ്ഥാ പ്രവചനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
മഴ സാധ്യത പ്രവചനം
വിവിധ ജില്ലകൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 31/01/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെടുന്നു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ പെയ്യുന്നതിനെയാണ് കനത്ത മഴ എന്ന് നിർവചിക്കുന്നത്.
ഉയർന്ന താപനില മുന്നറിയിപ്പ്
കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താപനില സാധാരണയേക്കാൾ 2 °C മുതൽ 3 °C വരെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.