ഫിലഡല്‍ഫിയ: വാഷിംഗ്ടണ്‍ ഡിസിയിലെ വിമാനാപകടത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പേ മറ്റൊരു ദുരന്തം അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്. ആറ് പേരുമായി പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ ഒരു മെഡിക്കൽ ട്രാൻസ്പോർട്ട് ജെറ്റ് വടക്കുകിഴക്കൻ ഫിലഡൽഫിയയിലെ മാളിനു സമീപം തകര്‍ന്നു വീണ് തീഗോളമായത് പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ശേഷമാണ് കോട്ട്മാൻ അവന്യൂവിനും റൂസ്‌വെൽറ്റ് ബൊളിവാർഡിനും സമീപം വിമാനം തകര്‍ന്നു വീണത്. ഫെഡറല്‍ ഏവിയേഷന്‍ അഥോറിറ്റി (എഫ്എഎ) യുടെ റിപ്പോര്‍ട്ട് അനുസരിച്ച്, നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ വിമാനത്താവളത്തിൽ നിന്ന് മിസോറിയിലെ സ്പ്രിംഗ്ഫീൽഡ്-ബ്രാൻസൺ നാഷണൽ എയർപോർട്ടിലേക്കുള്ള യാത്രാമധ്യേയാണ് ലിയർജെറ്റ് 55 വിമാനം തകർന്നുവീണത്.
നാല് ക്രൂ അംഗങ്ങൾ, രോഗിയായ ഒരു കുട്ടി, കുട്ടിയുടെ അമ്മ എന്നിവരുൾപ്പെടെ ആറ് പേർ വിമാനത്തിലുണ്ടായിരുന്നുവെന്ന് മെക്സിക്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള എയർ ആംബുലൻസ് സേവനങ്ങൾ നൽകുന്ന കമ്പനിയായ ജെറ്റ് റെസ്ക്യൂ എയർ ആംബുലൻസ് പറഞ്ഞു.
കുട്ടിക്ക് ചികിത്സ നല്‍കുകയും അവരെ സ്വന്തം നാടായ മെക്സിക്കോയിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു എന്ന് ഫിലഡല്‍ഫിയയിലെ ഷ്രിനേഴ്‌സ് ചിൽഡ്രൻസ് ആശുപത്രി അധികൃതര്‍ പറഞ്ഞു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു.
വിമാന തകര്‍ന്നു വീണ പ്രദേശത്തെ നിരവധി കാറുകൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഫിലഡൽഫിയയിലെ എമർജൻസി മാനേജ്‌മെൻ്റ് ഓഫീസ് സംഭവം സ്ഥിരീകരിച്ചു.
ഫിലഡൽഫിയ പോലീസ് ഡിപ്പാർട്ട്‌മെൻ്റും ഫയർ ഡിപ്പാർട്ട്‌മെൻ്റും അപകടത്തെക്കുറിച്ച് ഇതുവരെ പരസ്യമായ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. പെൻസിൽവാനിയ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമാണ് ഫിലഡൽഫിയ, ഡെലവെയർ നദിക്കരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സംഭവത്തിന് ശേഷം, ഫിലഡൽഫിയ ഓഫീസ് ഓഫ് എമർജൻസി മാനേജ്‌മെൻ്റ് സോഷ്യൽ മീഡിയയിൽ ഇതൊരു വലിയ സംഭവമാണെന്ന് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കി.
ഈ സംഭവത്തിന് ശേഷം, ഫിലാഡൽഫിയ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്, അപകട കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നു.