അമേരിക്കയില്‍ നിന്ന് പിടികൂടിയ എല്ലാ അനധികൃത വെനിസ്വേലന്‍ കുടിയേറ്റക്കാരെയും സ്വീകരിക്കാൻ വെനസ്വേല സമ്മതിച്ചതായി ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയിൽ നിന്ന് പിടികൂടിയ എല്ലാ വെനിസ്വേലൻ അനധികൃത കുടിയേറ്റക്കാരെയും സ്വീകരിക്കാനും അവരെ തിരികെ കൊണ്ടുപോകാനുള്ള സൗകര്യം ഒരുക്കാനും വെനസ്വേല സമ്മതിച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.

ട്രെൻ ഡി അരാഗ്വയുടെ സംഘാംഗങ്ങൾ ഉൾപ്പെടെ യുഎസിൽ ക്യാമ്പ് ചെയ്തിരിക്കുന്ന എല്ലാ വെനസ്വേലന്‍ നിയമവിരുദ്ധ വിദേശികളെയും അവരുടെ രാജ്യത്തേക്ക് തിരികെ അയക്കാന്‍ വെനിസ്വേല സമ്മതിച്ചിട്ടുണ്ടെന്ന് ട്രൂത്ത് സോഷ്യലില്‍ ട്രം‌പ് കുറിച്ചു. അവരെ തിരികെ കൊണ്ടുപോകാനുള്ള യാത്രാ സൗകര്യം വെനിസ്വേലന്‍ സര്‍ക്കാര്‍ ഒരുക്കുമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് പ്രതിനിധി റിച്ചാർഡ് ഗ്രെനെൽ വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയുമായി വെള്ളിയാഴ്ച വെനിസ്വേലയില്‍ കൂടിക്കാഴ്ച നടത്തുകയും ആറ് യുഎസ് പൗരന്മാരെ അദ്ദേഹത്തോടൊപ്പം തിരികെ കൊണ്ടുവരികയും ചെയ്തതിൻ്റെ പിറ്റേന്നാണ് ട്രം‌പിന്റെ പ്രഖ്യാപനം.

തടങ്കലിൽ കഴിയുന്ന അമേരിക്കക്കാരെ മോചിപ്പിക്കുകയും വെനസ്വേലക്കാരെ അവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കുകയും ചെയ്യുക എന്നതായിരുന്നു ഗ്രെനലിൻ്റെ യാത്രയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് ട്രംപ് ഭരണകൂടം പറഞ്ഞു.

ഉന്നതതല സന്ദർശനം വെനസ്വേലയുടെ നിയമാനുസൃത നേതാവായി മഡുറോയെ അംഗീകരിക്കുന്നു എന്നല്ല അർത്ഥമാക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. മഡുറോയ്ക്ക് സാമ്പത്തികമോ മറ്റ് ഇളവുകളോ വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഗ്രെനെൽ പറഞ്ഞു.

വിച്ഛേദിക്കപ്പെട്ട ബന്ധങ്ങളും ഉപരോധങ്ങളും അട്ടിമറി ഗൂഢാലോചനയുടെ ആരോപണങ്ങളും കൊണ്ട് അടയാളപ്പെടുത്തിയ സമീപകാല ചരിത്രമാണ് ഇരു രാജ്യങ്ങൾക്കും ഉള്ളത്.

വർഷങ്ങൾക്ക് ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യത്തെ മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ എന്ന നിലയില്‍ മഡുറോയ്ക്ക് അഭിമാനിക്കാം. യു എസ് പ്രസിഡന്റിന്റെ ഒരു ദൂതന്‍ നടത്തിയ സന്ദർശനം അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണെന്നും ഗ്രെനല്‍ പറഞ്ഞു..

താനും ട്രംപും “ആദ്യത്തെ ചുവടുവെപ്പ് നടത്തിയിട്ടുണ്ട്. അത് തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് മഡുറോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗ്രെനല്‍ പറഞ്ഞു.

ലാറ്റിൻ, സെൻട്രൽ അമേരിക്കൻ രാജ്യങ്ങള്‍ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനുള്ള തൻ്റെ നീക്കത്തിൻ്റെ ഏറ്റവും പുതിയ വിജയമാണ് വെനിസ്വേലന്‍ കരാര്‍ എന്ന് ട്രംപ് പറഞ്ഞു. “എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള റെക്കോർഡ് എണ്ണം അനധികൃത വിദേശികളെ അമേരിക്കയില്‍ നിന്ന് പുറത്താക്കാനുള്ള പ്രക്രിയയിലാണ് ഞങ്ങൾ. ഈ നിയമവിരുദ്ധ വിദേശികളെ തിരികെ സ്വീകരിക്കാൻ എല്ലാ രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്,” ട്രംപ് പറഞ്ഞു.

നാടുകടത്തപ്പെട്ട കുടിയേറ്റക്കാരെ വഹിക്കുന്ന സൈനിക വിമാനങ്ങൾ സ്വീകരിക്കാൻ തെക്കേ അമേരിക്കൻ രാഷ്ട്രം സമ്മതിച്ചതായി വൈറ്റ് ഹൗസ് പറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ച, അമേരിക്കയും കൊളംബിയയും ഒരു വ്യാപാര യുദ്ധത്തിൻ്റെ വക്കിൽ നിന്ന് പിൻവാങ്ങി.

ട്രംപ് അധികാരമേറ്റ് ദിവസങ്ങൾക്ക് ശേഷം യുഎസ് സൈനിക നാടുകടത്തൽ വിമാനം സ്വീകരിക്കാൻ മെക്സിക്കോ വിസമ്മതിച്ചു. എന്നാൽ, കഴിഞ്ഞ ആഴ്ച അമേരിക്കയിൽ നിന്ന് മെക്സിക്കൻ ഇതര കുടിയേറ്റക്കാരെ സ്വീകരിച്ചതായി അവര്‍ അറിയിച്ചു.

മറ്റ് രാജ്യങ്ങളിൽ നിന്ന് നാടുകടത്തപ്പെടുന്നവരെ സ്വീകരിക്കുന്നതിന് മധ്യ അമേരിക്കൻ രാജ്യങ്ങൾക്കും യുഎസുമായി സമാനമായ കരാറുകളിൽ എത്തിച്ചേരാമെന്ന് മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞു.

ജനുവരി 20-ന് അധികാരമേറ്റതിനുശേഷം, നിയമപരമായ പദവിയില്ലാതെ യുഎസിലെ റെക്കോർഡ് എണ്ണം കുടിയേറ്റക്കാരെ നാടുകടത്താൻ ലക്ഷ്യമിട്ടുള്ള നടപടികൾ ഉൾപ്പെടെ, അനധികൃത കുടിയേറ്റം തടയാൻ ട്രംപ് നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകളാണ് പുറപ്പെടുവിച്ചത്.

Print Friendly, PDF & Email

Leave a Comment

More News