വാഷിംഗ്ടണ്‍: തങ്ങളുടെ ജീവനക്കാർക്ക് മേൽ ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) വെള്ളിയാഴ്ച അപലപിച്ചു.
“കോടതി അതിന്റെ ജീവനക്കാർക്കൊപ്പം ഉറച്ചുനിൽക്കുകയും ലോകമെമ്പാടുമുള്ള അതിക്രമങ്ങൾക്ക് ഇരയായ ദശലക്ഷക്കണക്കിന് നിരപരാധികൾക്ക്, എല്ലാ സാഹചര്യങ്ങളിലും നീതിയും പ്രത്യാശയും നൽകുന്നത് തുടരുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു,” കോടതി പ്രസ്താവനയിൽ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
“നീതിക്കും അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കും വേണ്ടി ഐക്യത്തോടെ നിലകൊള്ളാൻ ഞങ്ങളുടെ 125 രാജ്യ കക്ഷികളോടും, സിവിൽ സമൂഹത്തോടും, ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളോടും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു,” എന്നും പ്രസ്താവനയില്‍ പറഞ്ഞു.
വ്യാഴാഴ്ചയാണ് ട്രംപ് ഐസിസിക്ക് ഉപരോധം ഏര്‍പ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചത്. “അമേരിക്കയെയും നമ്മുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രായേലിനെയും ലക്ഷ്യം വച്ചുള്ള നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികൾ” ആണെന്നാണ് ട്രംപ് ആരോപിച്ചത്.
ഗാസ മുനമ്പിൽ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും കഴിഞ്ഞ വർഷം നവംബറിൽ ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനും മുൻ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.