വേലി ചാടി വന്നവനെ വിലങ്ങു വച്ച് തിരിച്ചയക്കുന്നു, സുരക്ഷിതമായി ഇവർ തിരിച്ചെത്തുമെന്നു മാത്രമല്ല വേലി ചാടാൻ നിൽക്കുന്നവർ രണ്ടു വട്ടം ആലോചിക്കുകമല്ലോ സംഭവം സിമ്പിൾ…
ഏതു രാജ്യത്തും അവിടത്തെ നിയമം തെറ്റിച്ചാൽ അവർ കുറ്റവാളികൾ ആണ്. കുറ്റവാളികളെ നാടുകടത്തുമ്പോൾ സൗകര്യങ്ങളേക്കാൾ കൂടുതൽ സുരക്ഷയ്ക്കായിരിക്കും മുൻതൂക്കം കൊടുക്കുന്നത്. തിരികെ പോകുന്ന ഒരുവൻ കുതറി ഓടി നിലത്തു വീണാലോ, വിമാനയാത്രയിൽ മറ്റൊരാളെ അക്രമിച്ചാലോ അത് ഇതിലപ്പുറമുള്ള മനുഷ്യാവകാശ പ്രശ്നമാവില്ലേ ? ഒരാളെങ്കിലും ചോര ഒലിപ്പിച്ചു നിൽക്കുന്ന ഒരു ചിത്രം കിട്ടിയാൽ ഇടതു ലിബറലുകളും ചിലപ്പോൾ മാത്രം പ്രതികരിക്കുന്ന സംസ്കാരിക നായകരും മനുഷ്യാവകാശ പ്രവർത്തകരും ചാനൽ തൊഴിലാളികളും എങ്ങനെ ആഘോഷിച്ചേനെ എന്ന് ചിന്തിക്കുക. “കൈയ്യിൽ വിലങ്ങ്…. കാലിൽ ചങ്ങല ” എന്ന തലക്കെട്ട് മാറ്റി. “ചോരയിൽ കുതിർന്നു മടക്കം”, “ചോര വാർന്നു ഇന്ത്യ” എന്ന തലക്കെട്ടുകൾ പ്രത്യക്ഷപ്പെട്ടേനെ. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പു വരുത്താൻ കഴിയാത്ത മോഡി രാജി വച്ച് അമേരിക്കയുമായി യുദ്ധം പ്രഖ്യാപിക്കണം എന്ന് എല്ലാ ഞാഞ്ഞൂലുകളും പൊട്ടാസ് പൊട്ടിക്കും പോലെ ചാനലിൽ ഇരുന്നു അലറിയേനെ.

ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുപ്പിലൂടെ അമേരിക്കൻ ജനത അധികാരത്തിലേറ്റിയ പ്രസിഡന്റ് ആണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ അനധികൃത കുടിയേറ്റക്കാരോടുള്ള സമീപനവും ട്രംപിന്റെ പ്രവർത്തന രീതികളും സ്വഭാവഗുണവുമെല്ലാം ഒരു തവണ പൂർണ്ണമായി മനസ്സിലാക്കിയിട്ടു തന്നെയാണ് അമേരിക്കൻ ജനത അദ്ദേഹത്തിന് രണ്ടാമതൊരു അവസരം നൽകിയത്. ആരെയും പ്രീണിപ്പിക്കാതെ നിയമം നിയമത്തിൻറെ വഴിക്കു കർക്കശമായി ട്രംപ് നടപ്പാക്കുക തന്നെ ചെയ്യും. പ്രാഥമികമായി നാടുകടത്തുന്നത് ഒന്നുകിൽ ക്രിമിനൽ കേസുകൾ ഉള്ളവരെ അല്ലെങ്കിൽ ബോർഡർ ക്രോസിംഗില്‍ കൈയ്യോടെ പിടികൂടുന്നവരെ ഒക്കെയാണ്. നിയമം അനുശാസിക്കുന്ന എല്ലാ അവസരങ്ങളും അവർക്കു നൽകിയ ശേഷമാണ് നാട് കടത്തൽ. അനധികൃത കുടിയേറ്റം അമേരിക്കയുടെ നിത്യ തലവേദനയാണ്. പരസ്യമായി കടുത്ത നടപടികൾ എടുക്കുന്നത് കുറച്ചു പേരെയെങ്കിലും ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ സഹായിക്കും എന്ന് തീർച്ചയായും ട്രംപ് ഭരണകൂടം കരുതുന്നുണ്ടാകണം.
അമേരിക്കയിൽ ഇരുന്നു ഇതിനെതിരെ വിലപിക്കുന്നവർ ചെയ്യേണ്ടത് ഒരു റാലി എങ്കിലും നടത്തുകയാണ്, പറ്റുമെങ്കിൽ ഒരു കേസും കൊടുക്കണം. ഇന്ത്യൻ പൗരത്വ നിയമത്തിനെതിരെ ഇവിടെ പ്രക്ഷോഭം സംഘടിപ്പിച്ച വിപ്ലവ നേതാക്കൾക്കു ഇതിനു വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ലല്ലോ. കല്ലെറിഞ്ഞു കൊല്ലുകയോ തലവെട്ടുകയോ പോലുള്ള മൃഗീയമായ കാടൻ നിയമങ്ങൾ ഏതായാലും അമേരിക്കയിൽ ഇല്ല.
സംഘികൾ പിന്തുണച്ച ട്രംപ് ഇന്ത്യക്കാരെ പുറത്താക്കുന്നു എന്ന് പറയുന്ന മണ്ടന്മാരോട് ഒന്നേ പറയാനുള്ളൂ, ജസ്റ്റിൻ ട്രൂഡോ അല്ല ഡൊണാൾഡ് ട്രംപ്, ഖാലിസ്ഥാനി തീവ്രവാദികൾ അല്ല സംഘികൾ. ഒരു രാജ്യത്തു ചെന്നാൽ മാതൃരാജ്യത്തെ ബഹുമാനിച്ചു കൊണ്ട് തന്നെ ജോലി ചെയ്തു ജീവിക്കുന്ന രാജ്യത്തിൻറെ നിയമങ്ങൾ പാലിക്കുകയും ആ രാജ്യത്തിന്റെ അഭിവൃദ്ധിക്കായി പ്രവർത്തിക്കുക കൂടി ചെയ്യുക എന്നതാണ് ഏതു രാജ്യത്തേക്കും കുടിയേറുന്നവർ ചെയ്യേണ്ടത്, അല്ലാതെ അവരവരുടെ മതവും രാഷ്ട്രീയവും മാത്രം പ്രചരിപ്പിച്ചു ആ രാജ്യത്തെ ഒറ്റികൊടുത്തു സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുക്കാൻ ഇറങ്ങി പുറപ്പെടുകയല്ല വേണ്ടത്.
ആഴ്ചകൾക്കു മുൻപ് ജനുവരി മുപ്പത്തി ഒന്നിന് കൊച്ചിയിൽ അനധികൃത താമസക്കാരായ സ്ത്രീകൾ ഉൾപ്പടെയുള്ള ഇരുപത്തിയേഴ് ബംഗ്ലാദേശികളെ പൊലീസ് അറസ്‌റ്റു ചെയ്‌തിരുന്നു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന ആരംഭിച്ച ‘ഓപ്പറേഷൻ ക്ലീൻ’ എന്ന പ്രത്യേക ഓപ്പറേഷന്‍റെ ഭാഗമായായിരുന്നു അറസ്റ്റ്. മെച്ചപ്പെട്ട വേതനത്തിനും ജീവിത സാഹചര്യത്തിനും വേണ്ടി അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറി വ്യാജ ആധാർ കാർഡ് ഉണ്ടാക്കി ജോലി ചെയ്തു എന്നതാണ് നിലവിൽ ഇവർക്കെതിരെയുള്ള കുറ്റം. കൈവിലങ്ങണിയിച്ചു ഇവരെ പോലീസ് വാഹനത്തിൽ കയറ്റി കൊണ്ട് പോകുന്നത് ചാനലുകളിൽ കാണിച്ചിരുന്നു. കേരളം ഭരിക്കുന്നത് ട്രംപ് അല്ലല്ലോ, എന്നിട്ടും എന്തുകൊണ്ടാണ് ഇവരെ എ സി ടൂറിസ്റ്റ് ബസ്സിൽ വിലങ്ങു വയ്ക്കാതെ കൊണ്ട് പോകാത്തതു എന്നാരും ചോദിച്ചു കണ്ടില്ല, ആരും ചോദിക്കുകയുമില്ല. കാരണം, അതിൽ രാഷ്ട്രീയ നേട്ടമില്ലല്ലോ !!!
കൃഷ്ണരാജ് മോഹനൻ
ന്യൂയോർക്ക്