മലപ്പുറം: ജീവനക്കാരെയും അദ്ധ്യാപകരെയും വഞ്ചിച്ച പുതിയ സംസ്ഥാന ബജറ്റ് നിരാശജനകമെന്ന് കേരള സ്കൂൾ ടീചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം) ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പൊതു ജനങ്ങളെ മാത്രമല്ല കേരളത്തിലെ അദ്ധ്യാപകരെയും ജീവനക്കാരെയും ഈ വർഷത്തെ സംസ്ഥാന ബജറ്റ് വഞ്ചിച്ചിരിക്കുയാണ്. നാഷണൽ പെൻഷൻ സ്കീമിൽ ഉൾപ്പെട്ട അദ്ധ്യാപകരെയും ജീവനക്കാരെയും കുറിച്ച് ഒരു പരാമർശം പോലും ബജറ്റിലില്ല.
പുതിയ ശമ്പളക്കമ്മീഷൻ പ്രഖ്യാപനമില്ല. പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ, മുമ്പ് ലയിപ്പിക്കും എന്ന് പ്രഖ്യാപിച്ച 4 ഗഡുക്കളിൽ 2 ഗഡു മാത്രമാണ് ഇനി ലയിപ്പിക്കും എന്ന് ബജറ്റിൽ പ്രഖ്യാപിച്ചത്. ഡി.എ (ക്ഷാമ ബത്ത) കുടിശികയും അതുപോലെത്തന്നെ. വരുന്ന ഏപ്രിലിൽ അനുവദിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ച 3% ക്ഷാമബത്ത കുറച്ചാൽ ബാക്കി 18 % വീണ്ടും കുടിശ്ശികയാണ്.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജാബിർ ഇരുമ്പുഴി അദ്ധ്യക്ഷത വഹിച്ചു. വി. ശരീഫ്, കെ.ഹനീഫ, അൽതാഫ് മഞ്ചേരി, പി. ഹബീബ് മാലിക്, വഹീദാ ജാസ്മിൻ, വഹാബ്, ഷൗക്കത്ത് നിലമ്പൂർ, നാസർ മങ്കട, ഉസ്മാൻ മാമ്പ്ര, ജലീൽ മോങ്ങം, എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി ജുനൈദ് വേങ്ങൂർ സ്വാഗതവും വൈസ് പ്രസിഡന്റ് നഷീദ പി നന്ദിയും പറഞ്ഞു.