തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ പ്രസാദമായി വിളമ്പിയ ലഡ്ഡുവിൽ മായം ചേർത്ത കേസിൽ അറസ്റ്റിലായ നാല് പ്രതികളെ ഫെബ്രുവരി 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആന്ധ്രാപ്രദേശിൽ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു സെപ്റ്റംബറിൽ ആരോപിച്ചിരുന്നു. നായിഡുവിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ഭോലെ ബാബ ഡയറിയുടെ മുൻ ഡയറക്ടർമാരായ വിപിൻ ജെയിൻ, പോമിൽ ജെയിൻ, വൈഷ്ണവി ഡയറിയിലെ അപൂർവ് ചാവ്ദ, എആർ ഡയറിയിലെ രാജു രാജശേഖരൻ എന്നിവരെയാണ് സിബിഐ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായവരെ തിങ്കളാഴ്ച തിരുപ്പതി കോടതിയിൽ ഹാജരാക്കി, ഫെബ്രുവരി 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രസാദ ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യ് എആർ ഡയറിയാണ് വിതരണം ചെയ്തിരുന്നത്. ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്യുന്നതിനായി വൈഷ്ണവി ഡയറി ഉദ്യോഗസ്ഥർ എആർ ഡയറിയുടെ പേരിൽ ടെൻഡറുകൾ നേടിയതായും ടെൻഡർ പ്രക്രിയയിൽ കൃത്രിമം കാണിക്കാൻ വ്യാജ രേഖകൾ തയ്യാറാക്കിയതായും ഉദ്യോഗസ്ഥർ ആരോപിച്ചു.
തിരുമല തിരുപ്പതി ദേവസ്ഥാനം എന്ന ക്ഷേത്ര ബോർഡിന്റെ ആവശ്യം നിറവേറ്റാനുള്ള ശേഷി വൈഷ്ണവി ഡയറിക്കില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയപ്പോൾ, ഭോലെ ബാബ ഡയറിയിൽ നിന്ന് നെയ്യ് വാങ്ങിയതായി വൈഷ്ണവി ഡയറി തെറ്റായി അവകാശപ്പെട്ടതായി എസ്‌ഐടി കണ്ടെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്ന്, തിരുപ്പതി ലഡ്ഡു നിർമ്മാണത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആരോപണം അന്വേഷിക്കാൻ കഴിഞ്ഞ വർഷം നവംബറിൽ സിബിഐ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കേന്ദ്ര ഏജൻസിയിലെ രണ്ട് ഉദ്യോഗസ്ഥരും ആന്ധ്രാപ്രദേശ് പോലീസിലെ രണ്ട് ഉദ്യോഗസ്ഥരും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഒരു ഉദ്യോഗസ്ഥനും സംഘത്തിൽ ഉൾപ്പെടുന്നു.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി, വൈഎസ്ആർസിപി രാജ്യസഭാംഗം വൈ വി സുബ്ബ റെഡ്ഡി എന്നിവർ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ കേട്ട ശേഷം, കഴിഞ്ഞ വർഷം ഒക്ടോബർ 4 ലെ ഉത്തരവിൽ സുപ്രീം കോടതി, ലഡു നിർമ്മാണത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആരോപണം എസ്‌ഐടി അന്വേഷിക്കുമെന്നും സിബിഐ ഡയറക്ടർ അത് നിരീക്ഷിക്കുമെന്നും പറഞ്ഞിരുന്നു.