കോട്ടയം: കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പിറന്നാൾ ആഘോഷത്തിന് പണം നൽകാത്തതിനെ തുടർന്ന് പ്രതികള്‍ വിദ്യാർത്ഥിയെ ക്രൂരമായി ആക്രമിച്ചതായി പോലീസ് പറഞ്ഞു. പരാതിക്കാരനായ വിദ്യാർത്ഥിയോട് മദ്യം വാങ്ങാൻ പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിദ്യാർത്ഥി പണം നൽകാൻ തയ്യാറായില്ല.
പണം നൽകാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെയാണ് പകർത്തിയത്. മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു ദൃശ്യങ്ങൾ. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. കോളേജിലും ഹോസ്റ്റലിലും അന്വേഷണ സംഘം വിശദമായ പരിശോധന നടത്തും.
നിലവിൽ കേസിൽ അഞ്ച് പ്രതികൾ മാത്രമാണെന്നാണ് പൊലീസ് നിഗമനം. വിശദമായ പരിശോധനയിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നതിൽ വ്യക്തത വരും. ഇപ്പോഴത്തെ പരാതി പ്രകാരം ഇരയാക്കപ്പെട്ട മുഴുവൻ വിദ്യാർത്ഥികളുടേയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പുറത്ത് വന്ന ദൃശ്യങ്ങളുടെ പരിശോധനയ്ക്കായി പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടും. പ്രതികളുടെ ഫോണിൽ മറ്റെന്തെങ്കിലും ദൃശ്യങ്ങളുണ്ടോയെന്ന് അറിയുന്നതിനായി മൊബൈൽ ഫോണുകൾ ശാസ്‌ത്രീയ പരിശോധനയ്ക്ക് അയച്ചു.